Wed. Jan 22nd, 2025

ബിഹാർ: നളന്ദയിൽ സ്‌കൂളിൽ നിന്നും വെള്ളം കുടിച്ചതിനെ തുടർന്ന് പെൺകുട്ടി മരിച്ചു. ഒമ്പത് വിദ്യാർത്ഥികൾ അസുഖ ബാധിതരായി ചികിത്സയിലാണ്. നളന്ദ ജില്ലയിലെ കസ്തൂർബാ ഗാന്ധി ഗേൾസ് സ്കൂളിൽ തിങ്കളാഴ്ചയാണ് സംഭവം.

സ്‌കൂൾ പരിസരത്ത് സ്ഥാപിച്ചിട്ടുള്ള ആർ.ഒ പ്ലാന്‍റിലെ പൈപ്പിൽ നിന്ന് വെള്ളം കുടിച്ചതിനെ തുടർന്ന് ചില വിദ്യാർത്ഥികൾക്ക് ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതായി നളന്ദ ജില്ലാ മജിസ്‌ട്രേറ്റ് ശശാങ്ക് ശുഭങ്കർ പറഞ്ഞു. ഉടൻതന്നെ അവരെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

‘സ്‌കൂളിൽ സ്ഥാപിച്ചിട്ടുള്ള ആർഒ സംവിധാനത്തിൽ നിന്നുള്ള കുടിവെള്ളം കുടിച്ച് വിദ്യാർത്ഥികൾക്ക് അസുഖം വന്നതാകാമെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നത്. സ്‌കൂളിലെ ആർ ഒ സംവിധാനം ശരിയായി പരിപാലിക്കുന്നില്ലെന്നും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വെള്ളത്തി​ന്‍റെ സാമ്പിളുകൾ പരിശോധനക്ക് അയച്ചു. സ്‌കൂൾ വാർഡനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ടെന്നും ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയതിന് കർശന നടപടി സ്വീകരിക്കുമെന്നും ഡിഎം അറിയിച്ചു. മരിച്ച പെൺകുട്ടിയുടെ ആന്തരാവയവ സാമ്പിളുകളും രാസപരിശോധനക്ക് അയച്ചിട്ടുണ്ടെന്നും ഡിഎം വ്യക്തമാക്കി.