തിരുവനന്തപുരം: ഒരു സഖാവ് എന്ന നിലയിലാണ് ഉത്തരവാദിത്തം ഏറ്റെടുത്തത് എന്ന് പിവി അൻവർ എംഎൽഎ. എൻ്റെ ഉത്തരവാദിത്തം അവസാനിക്കുന്നു എന്നും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ എല്ലാ കാര്യങ്ങളും എത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്ക് എല്ലാ കാര്യങ്ങളും എഴുതി നൽകിയിട്ടുണ്ട്. സത്യസന്ധമായ അന്വേഷണം നടക്കുമെന്നാണ് കരുതുന്നത്. പാർട്ടി സെക്രട്ടറിക്കും ഇതേ പരാതി നൽകുമെന്നും പിവി അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
എഡിജിപി എംആർ അജിത്കുമാറിനെതിരെയുള്ള ഗുരുതര വെളിപ്പെടുത്തലുകൾക്ക് ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി അൻവർ കൂടിക്കാഴ്ച്ച നടത്തിയത്. അന്വേഷണ ഏജൻസികളുമായി സഹകരിക്കുക എന്നതാണ് ഇനിയെന്നും അൻവർ പറഞ്ഞു.
കാര്യങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. അജിത് കുമാറിനെ മാറ്റുക എന്റെ ഉത്തരവാദിത്തം അല്ല. ആരെ മാറ്റണം എന്നു മുഖ്യമന്ത്രി തീരുമാനിക്കട്ടെ. പരാതി നോക്കിയേ ഉള്ളൂ, ആര് മാറണം എന്നു എനിക്ക് പറയാനാകില്ലെന്നും അൻവർ പറഞ്ഞു. സഖാവെന്ന ദൗത്യം നിറവേറ്റി. ജോലി തീർന്നു. ഇനി നടപടി എടുക്കേണ്ടത് സർക്കാരാണ്. പോലീസ് സേനയിലെ ഒരു വിഭാഗം സർക്കാരിന് നാണക്കേട് ഉണ്ടാക്കിയിട്ടുണ്ട്. അതാണ് ചൂണ്ടിക്കാണിച്ചത്.
പുഴുക്കുത്തുകൾ തുറന്നു കാണിച്ചു. എഡിജിപിയെ മാറ്റുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും പരാതി എഴുതി നൽകി. തെളിവുകൾ ഒന്നും കൈമാറിയില്ലെന്നും അൻവർ പറഞ്ഞു. ഡിജിപിയെ മാറ്റി നിർത്തലൊന്നും അജണ്ടയിലില്ലെന്നും ഇനി എല്ലാം മുഖ്യമന്ത്രിയും സർക്കാരും നോക്കട്ടെയെന്നും അൻവർ പറഞ്ഞു. അതേസമയം, പി ശശിക്ക് എതിരായ ആരോപണത്തിൽ ഉറച്ച് നിൽക്കുന്നോ എന്ന ചോദ്യത്തിന് അദ്ദേഹം ഉത്തരം നൽകിയില്ല.