Mon. Dec 23rd, 2024

ന്യൂഡൽഹി: കുറ്റാരോപിതനായതുകൊണ്ടോ ശിക്ഷിക്കപ്പെട്ടതുകൊണ്ടോ ഒരാളുടെ വീട് പൊളിച്ചുകളയാനാകുന്നതെങ്ങനെയെന്ന് സുപ്രീം കോടതി. 

ബുൾഡോസർ രാജിനെതിരെ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാന്‍ ലക്ഷ്യമിടുന്നതായും സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ സംസ്ഥാനങ്ങളിലെ ബുള്‍ഡോസര്‍ നടപടികള്‍ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം. 

നിയമവിരുദ്ധ നിർമാണം ആണെങ്കിൽപ്പോലും ആദ്യം നോട്ടീസ് നൽകണമെന്ന് ബെഞ്ച് വ്യക്തമാക്കി. മറുപടി നൽകാനും നിയമപരമായ പരിഹാരങ്ങൾ തേടാനും സമയം നൽകണം.

എന്നിട്ടേ നിർമാണം പൊളിക്കുന്നതിലേക്ക് കടക്കാവൂ. ഇത്തരം പൊളിക്കലിന് കൃത്യമായ നടപടി ക്രമങ്ങൾ വേണമെന്നും അനധികൃത നിർമാണങ്ങളെ ഒരു തരത്തിലും സംരക്ഷിക്കില്ലെന്നും കോടതി വ്യക്തമാക്കി. പൊതു ഗതാഗതത്തെയും മറ്റും തടസ്സപ്പെടുത്തുന്ന ഒരു നിയമവിരുദ്ധ നിർമാണവുംപിന്തുണയ്ക്കുന്നില്ലെന്നും ബെഞ്ച് വിശദമാക്കി. സെപ്തംബർ 17 ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് പറഞ്ഞ കോടതി പ്രശ്നം പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ തേടി.