ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. കഴിഞ്ഞ ദിവസം നടന്ന വെടിവെയ്പ്പിലും സ്‌ഫോടനത്തിലുമായി സ്ത്രീ ഉൾപ്പെടെ രണ്ടുപേർ മരിച്ചു.
ഇംഫാലിലെ പടിഞ്ഞാറൻ മേഖലയിലാണ് ഇന്നലെ വീണ്ടും സംഘർഷമുണ്ടായത്. ആയുധധാരികളായ കുക്കി വിഭാഗത്തിലുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പത്തുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ കൊല്ലപ്പെട്ട സ്ത്രീയുടെ പന്ത്രണ്ടുകാരിയായ മകളും രണ്ടു പൊലീസുകാരും ഒരു ടിവി റിപ്പോർട്ടറും ഉൾപ്പെടും.
ഗൻബം സുർബല എന്ന മുപ്പത്തഞ്ചുകാരിയാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. ഇവരെ അധികൃതർ തിരിച്ചറിഞ്ഞു. തലക്ക് വെടിയേറ്റതാണ് മരണകാരണം. വെടിവെയ്പ്പിൽ ഇവരുടെ 12 വയസ്സുള്ള മകൾക്ക് വലതുകൈക്ക് വെടിയേറ്റ് പരിക്കേറ്റു. ഇവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്രാമത്തിലെ വീടുകൾ അഗ്നിക്കിരയായിട്ടുണ്ട്. നിരവധി ഗ്രാമീണരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. അക്രമികൾ ഒളിഞ്ഞിരുന്നാണ് വെടിവെയ്പ്പ് നടത്തിയത്.
ഡ്രോൺ ഉപയോഗിച്ച് ജനവാസ കേന്ദ്രത്തിൽ ബോംബുകളും വർഷിച്ചു. ഉച്ചയ്ക്ക് രണ്ടുമുതൽ വൈകീട്ട് ഏഴര വരെയായി അഞ്ചര മണിക്കൂർ അക്രമം നീണ്ടു. പ്രദേശത്ത് ഇപ്പോഴും ആശങ്ക ഒഴിഞ്ഞിട്ടില്ല. ഉയർന്ന നിലവാരമുള്ള ഡ്രോണുകൾ ഉപയോഗിച്ചാണ് ബോംബുകൾ വർഷിച്ചതെന്ന് മണിപ്പുർ പോലീസ് പറഞ്ഞു.