Fri. Nov 22nd, 2024

ഗാസ: ഹമാസ് തടവിലാക്കിയ ആറ് ബന്ദികളുടെ മൃതദേഹം കണ്ടെത്തിയെന്ന് ഇസ്രായേല്‍. ഗാസ മുനമ്പില്‍ ഇസ്രയേലി സൈന്യം നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. ഹെര്‍ഷ് ഗോള്‍ഡ്‌ബെര്‍ പോളിന്‍-23, എദന്‍ യെരുഷ്‌ലാമി-24, ഒറി ഡാമിനോ-25, അലക്‌സ് ലുബ്‌നോവ്-32, അല്‍മോഗ് സാരുസി-25, കാര്‍മെല്‍ ഗാറ്റ്-40 എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് ഇസ്രായേല്‍ പ്രതിരോധസേന അറിയിച്ചത്.

ബന്ദികളില്‍ കാര്‍മെല്‍ ഗാറ്റ് ഒഴികെ മറ്റുള്ളവരെയെല്ലാം ഒക്ടോബര്‍ ഏഴിന് നോവ മ്യൂസിക് ഫെസ്റ്റിവെല്ലിനിടെയാണ് ഹമാസ് തടവിലാക്കിയത്. റഫയിലെ അണ്ടര്‍ ഗ്രൗണ്ട് തുരങ്കത്തില്‍ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടോ മൂന്ന് ദിവസം മുമ്പ് തന്നെ ഇവര്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഇസ്രായേലിന്റെ വിലയിരുത്തല്‍.

മരിച്ചവരുടെ കൂട്ടത്തില്‍ അമേരിക്കന്‍-ഇസ്രയേലി പൗരനായ ഹെര്‍ഷ് ഗോള്‍ഡ്‌ബെര്‍ പോളിനും ഉള്ളതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഹമാസുമായി ഇസ്രായേല്‍ കരാറിലെത്തിയിരുന്നുവെങ്കില്‍ ആറ് ബന്ദികളും ഇന്നും ജീവനോടയുണ്ടാവുമായിരുന്നുവെന്ന് ഇവരുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. ബന്ദനികള്‍ മരിച്ച വിവരം ഇന്ന് രാവിലെയാണ് അറിഞ്ഞതെന്നും അവരുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു.

ബന്ദികളെ തിരിച്ചുകൊണ്ടുവരുന്നതില്‍ ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പരാജയപ്പെട്ടുവെന്ന ആക്ഷേപം ഇതോടെ ശക്തമായിട്ടുണ്ട്.

‘നെതന്യാഹു ബന്ദികളുടെ കയ്യൊഴിഞ്ഞുവെന്നത് ഒരു വസ്തുതയായി മാറിയിരിക്കുന്നുവെന്ന് മൃതദേഹങ്ങള്‍ ലഭിച്ച വിവരം പുറത്തുവന്നതിന് പിന്നാലെ ബന്ദിയാക്കപ്പെട്ടവരുടെയും കാണാതായ കുടുംബങ്ങളുടെയും ഫോറം പ്രസ്താവിച്ചു. ഒപ്പം അടുത്ത ദിവസം മുതല്‍ ഇസ്രായേലില്‍ കടുത്ത പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടാകുമെന്ന പ്രഖ്യാപനവും അവര്‍ നടത്തിയിട്ടുണ്ട്.

മരണവാര്‍ത്ത തന്നെ തകര്‍ത്തുവെന്നും രോഷാകുലനാക്കുന്നുവെന്നുമായിരുന്നു ജോ ബൈഡന്റെ പ്രതികരണം. മരണത്തിന് കാരണക്കാരായ ഹമാസ് നേതാക്കള്‍ ഇതിന് മറുപടി പറയേണ്ടി വരും. ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാനുള്ള കരാറിനായി അശ്രാന്ത പരിശ്രമം തുടരുമെന്നും ബൈഡന്‍ അറിയിച്ചു.

അതേസമയം, ജെനിന്‍ പട്ടണത്തില്‍ ഇസ്രായേല്‍ ഉപരോധം കാരണം ഭക്ഷണമോ വെള്ളമോ വൈദ്യുതിയോ ഇന്റര്‍നെറ്റ് സൗകര്യമോ ലഭിക്കാതെ കടുത്ത പ്രതിസന്ധിയുണ്ട്. ഗാസയില്‍ ഇതുവരെ ഇസ്രായേല്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 40,691 ആയി. 94,060 പേര്‍ക്ക് വിവിധ തരത്തിലുള്ള പരിക്കേറ്റിട്ടുണ്ടെന്നാണ് കണക്ക്.