Sat. Jan 18th, 2025

ആകെ 634 കുടുംബങ്ങളാണ് 18ാം വാര്‍ഡിലുള്ളത്. മൊത്തം ജനസംഖ്യയില്‍ 13 പേര്‍ കാന്‍സര്‍ രോഗികളാണ്. അഞ്ചു പേര്‍ ഈ വര്‍ഷം മരണപ്പെടുകയും ചെയ്തു

പെരിയാറിന് കുറുകെ പണിത എടയാര്‍ പാലം മുതലാണ് കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ 18ാം വാര്‍ഡ് തുടങ്ങുന്നത്. പാലം കയറി കുറച്ചു ദൂരം മുമ്പോട്ട് പോകുമ്പോള്‍ തന്നെ രൂക്ഷമായ ഗന്ധം മൂക്ക് തുളച്ചുകയറും. തലവേദനിക്കാന്‍ തുടങ്ങും. ചര്‍ദ്ദിക്കാന്‍ വരുന്നത് പോലെ തോന്നും. ഏകദേശം രണ്ട് കിലോമീറ്ററോളം ദൂരത്തില്‍ രൂക്ഷ ഗന്ധം നിങ്ങളെ പിന്തുടരും. മൂക്ക് അമര്‍ത്തി പൊത്തിയാല്‍ പോലും ഈ രൂക്ഷ ഗന്ധം നിങ്ങളുടെ തലച്ചോറില്‍ തുളച്ചുകയറും.

മൂന്ന് ദിവസമാണ് ഈ വാര്‍ത്തയുടെ വിവര ശേഖരത്തിനായി എടയാര്‍ വ്യാവസായിക മേഖല സന്ദര്‍ശിച്ചത്. മൂന്ന് ദിവസവും തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ എന്റെ കണ്ണുകള്‍ ചുവന്നു നീരു വെച്ചിരുന്നു. ഏകദേശം രണ്ടാഴ്ചയ ഒരാഴ്ച എടുത്താണ് ഈ അവസ്ഥയില്‍ നിന്നും മോചനമുണ്ടയത്. അപ്പോള്‍ അന്‍പതും അറുപതും വര്‍ഷമായി ഇ മേഖലയില്‍ താമസിക്കുന്ന ജനങ്ങളുടെ ആരോഗ്യത്തെ കുറിച്ച് ചിന്തിച്ചുനോക്കൂ.

1943 ലാണ് പെരിയാര്‍ നദിയുടെ ഇരു കരകളായ എടയാര്‍-ഏലൂര്‍ മേഖലയില്‍ വ്യവസായികശാലകള്‍ സ്ഥാപിക്കുന്നത്. ഇന്ത്യന്‍ അലൂമിനിയം കമ്പനിയായിരുന്നു ആദ്യം പ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് ട്രാവങ്കൂര്‍ കെമിക്കല്‍സ് മാനുഫാക്ച്ചറിങ്ങ് കമ്പനി, എഫ്എസിടി, ട്രാവങ്കൂര്‍ റയോണ്‍സ്, ഇന്ത്യന്‍ റെയര്‍ എര്‍ത്ത്, എച്ച്എഎല്‍, ബിനാനി സിങ്ക്, പെരിയാര്‍ കെമിക്കല്‍സ്, യുണൈറ്റഡ് കാറ്റലിസ്റ്റ് എന്നീ വന്‍ വ്യവസായ സംരംഭങ്ങള്‍ സ്ഥാപിക്കപ്പെട്ടു. പെരിയാറില്‍ നിന്ന് പ്രതിദിനം 180 ദശലക്ഷം ലിറ്റര്‍ ജലം ഈ വ്യവസായ ശാലകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട് എന്ന് കണക്കാക്കുന്നു. തിരിച്ച് 26 കോടി ലിറ്റര്‍ മലിനജലമാണ് പെരിയാറിലേക്ക് കമ്പനികള്‍ ഒഴുക്കി വിടുന്നത്.

മധ്യകേരളത്തിന്റെ ജീവനാഡിയായി അറിയപ്പെട്ടിരുന്ന പെരിയാറിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നത് കൊടും രാസമാലിന്യങ്ങള്‍ കലര്‍ന്ന ജലമാണ്. പെരിയാറില്‍ കണ്ടെത്തിയ 111 ഓളം രാസവസ്തുക്കളില്‍ 52 എണ്ണം തിരിച്ചറിയാന്‍ കഴിയുന്നതും അതില്‍ 39 എണ്ണം ഓര്‍ഗാനോ ക്ലോറിന്‍ വിഭാഗത്തില്‍ പെട്ടതുമാണ്.

ലെഡ്, കാഡ്മിയം, മെര്‍ക്കുറി, ആഴ്സനിക് തുടങ്ങിയ ഘനലോഹങ്ങല്‍ നിറഞ്ഞതാണ് പെരിയാറിന്റെ അടിത്തട്ട്. അതും അനുവദനീയമായതിന്റെ മുന്നൂറും നാനൂറും ഇരട്ടി അളവില്‍. ഒപ്പം വ്യവസായശാലകള്‍ നിയന്ത്രണമില്ലാതെ ആകാശത്തേക്ക് തുറന്നുവിടുന്ന വിഷവാതകങ്ങളാല്‍ മലിനമായ അന്തരീക്ഷവായുവാണ് പ്രദേശത്തുകാര്‍ ശ്വസിക്കുന്നതും.

ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ നേതൃത്വത്തില്‍ പെരിയാറില്‍ നിന്ന് ശേഖരിച്ച വെള്ളത്തിന്റെയും സെഡിമെന്റിന്റെയും സാമ്പിളുകളില്‍ ലെഡ്, ഇരുമ്പ്, സിങ്ക്, കോപ്പര്‍, കാഡ്മിയം എന്നീ ഘനലോഹങ്ങളുടെയും എന്‍ഡോസള്‍ഫാന്‍, ഡിഡിറ്റി എന്നീ കീടനാശിനികളുടെയും സാന്നിധ്യം കണ്ടെത്തിയിരുന്നു. കൂടാതെ നദീജലത്തിന്റെ പിഎച്ച് നിലവാരം 1.5 മുതല്‍ 5.5 വരെ വ്യത്യസ്ത നിലകളില്‍ രേഖപ്പെടുത്തിയതും പരിശോധനയിലൂടെ വ്യക്തമായിരുന്നു.

കാത്സ്യം, സള്‍ഫേറ്റ്, സള്‍ഫൈഡ്, ഫ്‌ലൂറൈഡ്, ക്ലോറൈഡ്, അമോണിക് നൈട്രജന്‍ എന്നിവ അധികരിച്ച തോതിലും പെരിയാറില്‍ കണ്ടെത്തിയിരുന്നു. ജലത്തില്‍ അമോണിക് നൈട്രജന്റെ സാന്നിധ്യം പാടില്ലാത്തതാണ്. എന്നാല്‍ 1.4 മി ഗ്രാം അളവില്‍ കുറവ് ഒരിക്കല്‍ പോലും രേഖപ്പെടുത്തിയിട്ടില്ല എന്നും നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഈ വെള്ളമാണ് ഇന്നും എറണാകുളം ജില്ലയിലെ 91 ശതമാനം മനുഷ്യരും കുടിക്കുന്നത്.

പെരിയാറിന്‍റെ തീരത്തുള്ള എടയാറിലെ കമ്പനികള്‍ Screengrab, Copyright: The Kochi Post

വ്യാവസായികശാലകളുടെ പ്രവര്‍ത്തനം മൂലം കര, വായു, വെള്ളം എന്നിവ പൂര്‍ണമായും മാലിനീകരിക്കപ്പെട്ടു. ഇന്ന് ഏലൂര്‍-എടയാര്‍ മേഖലയിലെ എല്ലാ വീടുകളിലും ഓരോ മാറാരോഗികള്‍ വീതമുണ്ട്. കാന്‍സര്‍, ത്വക്ക് രോഗങ്ങള്‍, എല്ല്, മസില്‍ സംബന്ധമായ രോഗങ്ങള്‍, തൈറോയിഡ്, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍, പ്രത്യുല്‍പ്പാദനവുമായി ബന്ധപ്പെട്ട തകരാര്‍, കുട്ടികള്‍ക്കുള്ള പഠന വൈകല്യം എല്ലാം ഏലൂരിലും എടയാറിലും കൂടുതലാണ്.

വാര്‍ഡ്-18, എടയാര്‍: കാന്‍സര്‍ രോഗികളുടെ എണ്ണം- 13

‘അംഗനവാടി ഹെല്‍പ്പറായ വാസന്തിയുടെ ഭര്‍ത്താവ് ബിനാനി സിങ്കിലെ ജീവനക്കാരന്‍ ആയിരുന്നു. കൂടാതെ ക്ഷയ രോഗിയും. ചികിത്സയുമായി മുന്നോട്ടു പോകവെയാണ് വാസന്തിയ്ക്ക് സ്തനാര്‍ബുദം ആണെന്ന് കണ്ടെത്തുന്നത്. തീരെ ദരിദ്രമായ ചുറ്റുപാടില്‍ ജീവിച്ചിരുന്ന, ആശ്രയത്തിന് വേറെ ആരും ഇല്ലാതിരുന്ന വാസന്തിയ്ക്കും കുട്ടികള്‍ക്കും കാന്‍സര്‍ ആദ്യം ഒരു ഞെട്ടല്‍ ഉണ്ടാക്കിയെങ്കിലും പിന്നീട് അംഗീകരിക്കേണ്ടി വന്നു. പെട്ടെന്ന് തന്നെ സ്തനം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ചെയ്തു. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ശസ്ത്രക്രിയ കഴിഞ്ഞ് ഒരു മാസം ആയപ്പോഴേ ജോലിക്ക് പോകേണ്ടി വന്നു. 7 കീമോയും, 25 റെഡിയെഷനും അതിന് ശേഷമാണ് പൂര്‍ത്തിയാക്കിയത്.’

280 തോളം ചെറുതും വലുതുമായ വ്യവസായിക ശാലകളാണ് 18ാം വാര്‍ഡിലുള്ളത്. റെഡ് കാറ്റഗറിയിലുള്ള 180 ല്‍ കൂടുതല്‍ വ്യാവസായിക ശാലകള്‍, ഓറഞ്ച് കാറ്റഗറിയിലുള്ള 69 കമ്പനികള്‍, ഗ്രീന്‍ കാറ്റഗറിയിലുള്ള 89 കമ്പനികള്‍ എന്നിവയാണ് 18ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നത്. ഏലൂരില്‍ വിരലില്‍ എണ്ണാവുന്ന വ്യാവസായികശാലകളെ ഉള്ളൂ എങ്കിലും എലൂരിലെയും എടയാറിലെയും കമ്പനികള്‍ ഉണ്ടാക്കുന്ന കര, വായു, ജല മലിനീകരണം അളക്കാന്‍ കഴിയില്ല.

18ാം വാര്‍ഡിലെ പ്രധാന വ്യാവസായികശാല ബിനാനി സിങ്ക് ആയിരുന്നു. വൈദ്യുതവിശ്ലേഷണം വഴി സിങ്ക് നിര്‍മിച്ചിരുന്ന രാജ്യത്തെ ആദ്യത്തെ കമ്പനിയായിരുന്ന ബിനാനി സിങ്ക് 1967ലാണ് എടയാറില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 50 വര്‍ഷത്തോളം പ്രവര്‍ത്തിച്ച്, 2015ല്‍ കമ്പനി അടച്ചുപൂട്ടി. വര്‍ഷം 38,000 ടണ്ണായിരുന്നു ഫാക്ടറിയുടെ ഉല്‍പ്പാദനശേഷി.

ബിനാനി സിങ്കിനെ കൂടാതെ കാര്‍ബണ്‍, പ്ലൈവുഡ്, സ്റ്റീല്‍, പൈപ്പ്, ഹൈജീന്‍ ഉല്‍പ്പന്നങ്ങള്‍, ഇലക്ട്രോണിക്‌സ് ഉപകരങ്ങളുടെ നിര്‍മാണം, ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ടാര്‍, കാര്‍ട്ടന്‍, എല്ല് പൊടിക്കുന്ന ഫാക്ടറികള്‍, കോഴി വേസ്റ്റ് സംസ്‌ക്കരണം, ജൈവ, രാസ വളം നിര്‍മാണ കമ്പനികള്‍ തുടങ്ങി ചെറുതും വലുതുമായ കമ്പനികളാണ് നിലവില്‍ 18ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നത്.

ഈ കമ്പനികളുടെ പ്രവര്‍ത്തനഫലമായി പുറംന്തള്ളുന്ന അപകടകരമായ പുക കാറ്റിന്റെ ദിശ അനുസരിച്ച് വീടുകളിലേയ്ക്ക് എത്തും. മഴക്കാറുണ്ടെങ്കില്‍ വിഷവായു അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കും. വീടിന്റെ വാതിലോ ജനലോ തുറക്കാന്‍ കഴിയില്ല. പ്രദേശത്താകെ രൂക്ഷ ഗന്ധമാണ്. ചിലപ്പോള്‍ മാംസം ചീഞ്ഞ മണമായിരിക്കും, ചിലപ്പോള്‍ റബ്ബറും സ്പെറ്റിക്കും, തുകലും എല്ലു ചീഞ്ഞുള്ള ഒരുമിച്ചുള്ള മണം, ചിലപ്പോള്‍ സള്‍ഫര്‍ ഡയോക്സൈഡിന്റെയും അമോണിയയുടെയും ക്ലോറിന്റെയും ഹൈഡ്രജന്‍ സള്‍ഫൈഡിന്റെയും ഡിഡിടിയുടെയും മണമായിരിക്കും. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത വ്യത്യസ്ത രാസവസ്തുക്കള്‍ നിറഞ്ഞ വിഷവായു ശ്വസിച്ചാണ് വര്‍ഷങ്ങളായി 18ാം വാര്‍ഡിലെ ജനങ്ങള്‍ ജീവിക്കുന്നത്.

ആകെ 634 കുടുംബങ്ങളാണ് 18ാം വാര്‍ഡിലുള്ളത്. മൊത്തം ജനസംഖ്യയില്‍ 13 പേര്‍ കാന്‍സര്‍ രോഗികളാണ്. അഞ്ചു പേര്‍ ഈ വര്‍ഷം മരണപ്പെടുകയും ചെയ്തു. 40-60 വയസ്സ് പ്രായമുള്ളവരാണ് രോഗികള്‍ എല്ലാവരും. ചെറുകുടല്‍, വന്‍കുടല്‍, വായ, സ്തനം, തൈറോയിഡ്, എല്ല്, രക്തം, മൂത്രസഞ്ചി തുടങ്ങിയ കാന്‍സറുകളാണ് നിലവില്‍ ഇവിടെ കണ്ടെത്തിയിരിക്കുന്നത്.

അഞ്ചു മാസമായ തന്റെ കുഞ്ഞിന് മുലയൂട്ടുമ്പോള്‍ ഷൈനി സനീഷ് ബോധം നഷ്ടപ്പെട്ട് വീഴുകയായിരുന്നു. അയണ്‍ ഗുളിക നല്‍കാന്‍ വീട്ടിലെത്തിയ ആശാ വര്‍ക്കറാണ് ഷൈനിയെ ബോധം നഷ്ടപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. നേരത്തെ തൊണ്ടയില്‍ തടിപ്പ് ഉണ്ടായിരുന്നെങ്കിലും കാര്യമാക്കിയില്ല. പിന്നീട് കഴുത്തില്‍ വൃണമായി പൊട്ടി ഒലിക്കുന്ന അവസ്ഥയിലേയ്ക്ക് മാറി. ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ ആണ് അറിയുന്നത് തൈറോയിഡ് കാന്‍സര്‍ ആണെന്ന്.

നട്ടെല്ലില്‍ കാന്‍സര്‍ വന്ന സാബു ജോര്‍ജ് 15 വര്‍ഷമായി കിടപ്പുരോഗിയാണ്. ഉണ്ടായിരുന്ന പണം കൊണ്ടെല്ലാം ചികിത്സ നടത്തി. ഇന്ന് സുമനസ്സുകളുടെ സഹായത്തോടെയാണ് ജീവിക്കുന്നത്. അര്‍ജുന നാച്ച്വുറല്‍ കമ്പനിയില്‍ ക്ലീനിംഗ് സ്റ്റാഫ് ആയിരുന്ന മേരി പൈലിയ്ക്ക് വന്‍കുടലിലാണ് കാന്‍സര്‍. നട്ടെല്ലിന് കാന്‍സറായ ഷാബു 11 വര്‍ഷമായി കിടപ്പുരോഗിയാണ്.

24 വയസ്സുകാരനായ ഫൈസല്‍ മരിക്കുന്നത് രക്താര്‍ബുദം കാരണമാണ്. 18 വയസ്സുകാരി അനീറ്റയ്ക്ക് നട്ടെല്ലില്‍ കാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞ് ചികിസ തുടങ്ങുന്നതിനു മുമ്പേ മരണപ്പെട്ടു. നളിനി സ്തനാര്‍ബുദം മൂലവും കേശവന്‍ ശ്വാസകോശ കാന്‍സര്‍ മൂലവും താടി എല്ലില്‍ കാന്‍സര്‍ പിടിപ്പെട്ട് തങ്കമ്മയും മരണപ്പെട്ടു. സുഗുതന്‍, കുഞ്ഞുമുഹമ്മദ്, ഫാത്തിമ… ഇങ്ങനെ നിരവധി പേര്‍ 18ാം വാര്‍ഡില്‍ കാന്‍സര്‍ പിടിപെട്ട് മരണപ്പെട്ടിട്ടുണ്ട്.

‘ഞാന്‍ ഈ വാര്‍ഡില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് 39 വര്‍ഷമായി. അന്നൊക്കെ ഒന്നോ രണ്ടോ പേര്‍ക്ക് മാത്രമാണ് കാന്‍സര്‍ അസുഖം ഉണ്ടായിരുന്നത്. ഇന്ന് കാന്‍സര്‍ രോഗികള്‍ ഒരുപാട് വര്‍ധിച്ചു. കാന്‍സര്‍ ബാധിച്ചെന്ന് മനസ്സിലാക്കി ചികിത്സ തുടങ്ങുന്നതിനു മുമ്പേ ആളുകള്‍ മരിച്ചുപോകുന്നുണ്ട്. കാന്‍സര്‍ രോഗികള്‍ എല്ലാം കൂലിപ്പണിക്കാര്‍ ആണ് എന്നതാണ് സങ്കടകരമായ ഒരു വസ്തുത.

രോഗികള്‍ എല്ലാം മനസ്സുതുറക്കുന്നത് ആശ വര്‍ക്കര്‍മാരോടാണ്. കീമോ തീയ്യതി ഒര്‍മിപ്പികല്‍, ചെക്ക്അപ്പുകള്‍, മരുന്ന് വാങ്ങി കൊടുക്കല്‍, സ്‌നഗ്ഗി വാങ്ങി കൊടുക്കല്‍, മാനസികമായി ധൈര്യം നല്‍കല്‍ തുടങ്ങിയവയൊക്കെ ഞങ്ങള്‍ കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി ചെയ്തുകൊടുക്കുന്നുണ്ട്.

പരിചരിക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് ബുദ്ധിമുട്ടുള്ള കാന്‍സര്‍ രോഗികളെ പല വീടുകളിലും കാണാറുണ്ട്. കാന്‍സറിനെ കൈകാര്യം ചെയ്യാന്‍ രോഗിയുടെ കുടുംബാംഗങ്ങള്‍ക്ക് ധാരണയില്ലാ എന്നതാണ് അതില്‍ നിന്നും മനസ്സിലാവാറുള്ളത്. കീമോ, റേഡിയേഷന്‍ ചെയ്യുന്ന രോഗികള്‍ക്ക് ഭക്ഷണം കഴിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്.

രോഗി ഭക്ഷണം കഴിക്കാതെയാകുമ്പോള്‍ കുടുംബത്തിന് അതെങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിയില്ല. ഈ സന്ദര്‍ഭങ്ങളില്‍ രോഗിക്ക് സാന്ത്വനം ആകുന്നത് ആശാ വര്‍ക്കര്‍മാരാണ്. കാന്‍സര്‍ രോഗികളെ പരിചരിക്കാത്ത കുടുംബങ്ങളിലെ രോഗികള്‍ക്ക് പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളുടെ സഹായവും എത്തിച്ചു കൊടുക്കാറുണ്ട്.’, 18ാം വാര്‍ഡിലെ ആശ വര്‍ക്കര്‍ ഉഷ ജയഗോപാലന്‍ പറഞ്ഞു.

രാസമാലിന്യം നിറഞ്ഞ പെരിയാര്‍ നദി

ജമീലയ്ക്ക് 58 വയസായി. ആദ്യം കാന്‍സര്‍ കണ്ടെത്തുന്നത് 38ാമത്തെ വയസ്സിലാണ്. അന്ന് റിയാദില്‍ സ്‌കൂള്‍ ബസ്സില്‍ ആയയായി ജോലി ചെയ്യുകയായിരുന്നു. തുടര്‍ച്ചയായ രക്തസ്രാവം എന്തുകൊണ്ടാണെന്ന് ഡോക്ടര്‍മാര്‍ക്ക് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. ഒടിവില്‍ കേരളത്തിലേയ്ക്ക് തിരിച്ചെത്തി തൃശൂര്‍ അമല ആശുപത്രിയില്‍ വെച്ചാണ് വന്‍കുടലില്‍ കാന്‍സര്‍ ആണെന് കണ്ടെത്തുന്നത്. കാന്‍സര്‍ വ്യാപിച്ച് വൃണമായ അവസ്ഥയില്‍ ആയിരുന്നു. ഉടനെ ശസ്ത്രക്രിയ ചെയ്തു വന്‍കുടല്‍ നീക്കം ചെയ്തു.

ജമീലയുടെ ശരീരത്തില്‍ വയറിന് മുകളിലായി ബെല്‍റ്റു കെട്ടി ഒരു ബാഗ് വെച്ചിട്ടുണ്ട്. അതിലാണ് ഇപ്പോള്‍ മലം പോകുന്നത്. മരണം വരെ ഇത് തുടരണം. ആദ്യ കാന്‍സര്‍ ചികില്‍സയുടെ മാനസിക, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ തന്നെ 2016 ല്‍ അണ്ഡാശയ കാന്‍സര്‍ പിടിപെട്ടു. തുടര്‍ന്ന് അണ്ഡാശയം, ഗര്‍ഭപാത്രം എന്നിവ നീക്കം ചെയ്തു. കഴിഞ്ഞ 20 വര്‍ഷമായി രണ്ട് കാന്‍സറുകള്‍ ഏല്‍പ്പിച്ച സാമ്പത്തിക ആഘാതത്തോട് ഇന്നും പോരാടുകയാണ് ഈ വീട്ടമ്മ.

എടയാര്‍ മേഖലയിലെ രാസമാലിന്യങ്ങളിലെ ഘനലോഹ സാന്നിധ്യം വിവിധ പഠനത്തിലൂടെ കണ്ടെത്തിയിരുന്നു. ജനറല്‍ പാരാമീറ്ററില്‍ സ്വാഭാവികമായി അന്തരീക്ഷത്തില്‍ കാണുന്നത് കാര്‍ബണ്‍ മോണോക്‌സൈഡ്, ഹൈഡ്രജന്‍ സള്‍ഫൈഡ്, സള്‍ഫര്‍ ഡൈ ഓക്‌സൈഡ് എന്നിവയാണ്. എന്നാല്‍, വ്യാവസായിക മേഖലയിലെ അന്തരീക്ഷത്തില്‍ ഇവ കൂടാതെ അഞ്ചോളം രാസവസ്തുകളുടെ അപകടകരമായ സാന്നിധ്യമുണ്ട്.

കാന്‍സറിന് കാരണമാകുന്ന കാര്‍സിനോജനിക് ആയ ബെന്‍സീന്‍ (benzene), ക്ലോറോഫോം (chloroforാ), ഹെക്‌സാക്ലോറോബൂട്ടാഡീന്‍ (hexachlorobutadiene), ടെട്രോക്ലോറൈഡ് (tetrachloride), കാര്‍ബണ്‍ ഡൈസള്‍ഫൈഡ് (carbon disulfide) തുടങ്ങി അന്തരീക്ഷ വായുവില്‍ ഉണ്ടാകാന്‍ പാടില്ലാത്ത രാസവസ്തുക്കളാണ് എടയറിലെ വായുവിലുള്ളത്. കുട്ടികളില്‍ രക്താര്‍ബുദം ഉണ്ടാക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന വിഷവസ്തു കൂടിയാണ് ബെന്‍സീന്‍.

2005 ല്‍ കൊച്ചിന്‍ യൂണിവേഴ്സിറ്റിയിലെ കെമിക്കല്‍ ഓഷ്യാനോഗ്രാഫി ഡിപ്പാര്‍ട്ട്മെന്റ്, പെരിയാര്‍ മലിനീകരണവിരുദ്ധ സമിതി, തണല്‍ എന്നിവര്‍ ചേര്‍ന്ന് ഏലൂരിലെയും എടയാറിലെയും വീട്ടുവളപ്പിലെ 21 ഭക്ഷ്യ വസ്തുക്കള്‍ പരിശോധിച്ചതില്‍ എല്ലാത്തിലും ഘനലോഹങ്ങളുടെയും കീടനാശിനികളുടെയും അളവ് വളരെ ഉയര്‍ന്ന തോതിലാണെന്നും അത് മനുഷ്യരുള്‍പ്പെടുന്ന ജീവജാലങ്ങള്‍ക്ക് അപകടകരമാണെന്നും കണ്ടെത്തി.

കിഴങ്ങ്, ചേന, ചേമ്പ്, വാഴപ്പഴം, കോഴി ഇറച്ചി, മത്സ്യം, പാല്‍, തേങ്ങ, പപ്പായ, കറിവേപ്പില തുടങ്ങിയ ഭക്ഷ്യവസ്തുക്കളിലാണ് പഠനം നടത്തിയത്. ഒരു കിലോ കറിവേപ്പിലയില്‍ 540 മില്ലിഗ്രാം സിങ്ക് അടങ്ങിയിട്ടുള്ളതായി കണ്ടെത്തി. കാഡ്മിയവും അളവില്‍ കൂടുതലായാണ് കണ്ടെത്തിയത്. ഓരോ ഭക്ഷ്യവസ്തുവിലും ലെഡ്, സിങ്ക്, കാഡ്മിയം, ക്രോമിയം, അയണ്‍, ഫ്‌ളൂറൈഡ് എന്നിവയെല്ലാം അപകടകരമായ അളവിലാണ് അടങ്ങിയിരിക്കുന്നത്. കോഴികളെയും മത്സ്യങ്ങളെയും പരിശോധിച്ചപ്പോള്‍ ഡിഡിറ്റിയും എന്‍ഡോസള്‍ഫാനും മാരക അളവിലാണ് കണ്ടെത്തിയത്.

ഏലൂര്‍-എടയാര്‍ മേഖലയില്‍ അര്‍ബുദം പോലുള്ള മലിനീകരണവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ മൂലമുള്ള മരണനിരക്ക് 2.5 മടങ്ങ് ആണെന്ന് 2003ല്‍ ഗ്രീന്‍ പീസ് നടത്തിയ പഠനത്തില്‍ പറയുന്നുണ്ട്. 2005ല്‍ തണല്‍ നടത്തിയ പഠനത്തില്‍ യഥാക്രമം സുഷുമ്നാ നാഡി, ആമാശയം, ഗര്‍ഭപാത്രം, സ്തനങ്ങള്‍ എന്നിവയിലെ കാന്‍സര്‍ കണ്ടെത്തിയിരുന്നു.

2008ല്‍ കേരള സര്‍ക്കാര്‍ ഏലൂരിലെ 19, 20 വാര്‍ഡുകളില്‍ നടത്തിയ പഠനത്തില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം 13 (0.35%) ആണ്. 2005 ല്‍ 6 (0.16%) ആയിരുന്നത് മൂന്ന് വര്‍ഷത്തിനുള്ളില്‍ 13 ആയി വര്‍ധിച്ചു. ഇന്നിപ്പോള്‍ ഏലൂര്‍ മുന്‍സിപ്പാലിറ്റി പ്രദേശങ്ങളില്‍ 200 കൂടുതല്‍ കാന്‍സര്‍ രോഗികളുണ്ട്. 2008 ലെ പഠനത്തില്‍ പറയുന്നത് എലൂരിലെ 1000 പേരില്‍ 3.4 പേര്‍ കാന്‍സര്‍ രോഗികള്‍ ആണെന്നാണ്.

‘വ്യാവസായിക മലിനീകരണം മൂലം വളരെ ഗുരുതരമായ രോഗാതുരത നിലനില്‍ക്കുന്ന പ്രദേശമാണ് എലൂരും എടയാറും. വായു മലിനീകരണം രൂക്ഷമായതുകൊണ്ട് ആസ്തമ, അലര്‍ജി രോഗങ്ങള്‍ വളരെ കൂടുതലാണ്. കേരളത്തിലെ ശരാശരി ആസ്തമ റൈറ്റ് 1000 മനുഷ്യരില്‍ 14.6 ആണെങ്കില്‍ ഏലൂര്‍ എടയാര്‍ മേഖലയില്‍ 1000 മനുഷ്യരില്‍ 72.8 ആളുകള്‍ക്കാണ്.

2003 ല്‍ ഗ്രീന്‍പീസ് നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം ഏതാണ്ട് 18 അസുഖങ്ങള്‍ ഏലൂര്‍-എടയാര്‍ മേഖലയില്‍ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എലൂരിന്റെ അത്രയും ജനസാന്ദ്രതയുള്ള, എലൂരിനു സമാനമായ ഭൂ പ്രകൃതിയുള്ള പിണ്ടിമന പഞ്ചായത്തുമായി താരതമ്യം ചെയ്താണ് ഗ്രീന്‍ പീസ് പഠനം നടത്തിയത്. പിണ്ടിമന പഞ്ചായത്തില്‍ വ്യവസായികശാലകള്‍ ഇല്ലായിരുന്നു. 2008ല്‍ കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ എട്ടംഗ സംഘം പഠനം നടത്തി. ഏതാണ്ട് എട്ടു മാസത്തോളം നീണ്ടു നിന്ന പഠനമായിരുന്നു. പഠനത്തില്‍ ഏതാണ്ട് 23 ഓളം അസുഖങ്ങള്‍ കൂടുതലാണെന്ന് കണ്ടെത്തി.

വ്യാവസായിക മേഖലയിലെ കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വവര്‍ധനവുണ്ടായിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ആശ വര്‍ക്കര്‍മാരില്‍ നിന്നും മരണ രജിസ്ട്രിയില്‍ നിന്നും ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി 2008 നെ അപേക്ഷിച്ച് രോഗികളുടെ നിരക്ക് വര്‍ധിച്ചതായി മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. കൂടുതല്‍ വ്യക്തമാകാന്‍ ശാസ്ത്രീയമായ ഒരു ആരോഗ്യ പഠനം കൂടി പ്രദേശത്ത് നടത്തേണ്ടതുണ്ട്.

പരിസ്ഥിതി പ്രവര്‍ത്തകനും പെരിയാര്‍ സംരക്ഷണ സമിതി നേതാവുമായ പുരുഷന്‍ ഏലൂര്‍

ഐആര്‍ഇ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും വമിക്കുന്ന റേഡിയോ വികിരണങ്ങള്‍ എല്ലാം തന്നെ ഏലൂര്‍-എടയാര്‍ മേഖലയിലെ കാന്‍സറിന്റെ സാദ്ധ്യതകള്‍ വര്‍ധിപ്പിക്കുന്നവയാണ്. ഒരു റേഡിയോ വികിരണ മേഖലയായി ഏലൂര്‍ മാറുന്നുണ്ട്. കാരണം അത്രയധികം റേഡിയോ വികിരണ വസ്തുക്കള്‍ ഐആര്‍ഇയുടെ ഗ്രൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ട്. സ്വാഭാവികമായും അതിലുള്ള റെഡിയേഷന്‍ ഈ മേഖലയിലുള്ള ആളുകളെ ബാധികുന്നുണ്ട്. ഇതിന്റെ പ്രതിഫലനം എന്ന രീതിയില്‍ കാന്‍സറിന്റെ തോതും വര്‍ധിക്കുന്നതായി കാണുന്നുണ്ട്.’, പരിസ്ഥിതി പ്രവര്‍ത്തകനും പെരിയാര്‍ സംരക്ഷണ സമിതി നേതാവുമായ പുരുഷന്‍ ഏലൂര്‍ പറഞ്ഞു.

സെക്കന്റ് സ്റ്റേജിലാണ് 42 കാരിയായ സിനിയ്ക്ക് കാന്‍സര്‍ ആണെന്ന് തിരിച്ചറിയുന്നത്. അമ്മയുടെ അനിയത്തിയ്ക്ക് സ്തനാര്‍ബുദം ആണെന്ന് അറിഞ്ഞപ്പോള്‍ വെറുതെ പോയി പരിശോധിച്ചതാണ്. ആദ്യം മാമോഗ്രാം ചെയ്തു, ഫലം നെഗറ്റീവ് ആയിരുന്നു. തുടര്‍ന്ന് സ്‌കാന്‍ ചെയ്തപ്പോള്‍ ചെറിയ തടിപ്പുണ്ടെന്ന് മനസ്സിലായി. ബയോപ്‌സിയില്‍ കാന്‍സര്‍ ആണെന്ന് വ്യക്തമായി. കളമശ്ശേരി മെഡിക്കല്‍ കോളജിലാണ് ആദ്യം ചികിത്സ തേടിയത്. അവിടെ സര്‍ജറി ഇല്ലാത്തതിനാല്‍ അമൃത ഹോസ്പിറ്റലിലാണ് പിന്നീടുള്ള എല്ലാ ചികിത്സയും നടന്നത്.

കാന്‍സര്‍ ആണെന്ന് കേട്ട നിമിഷം അത് ഉള്‍കൊള്ളാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു വെന്ന് സിനി പറയുന്നു. ‘എനിക്ക് ഈ അസുഖം വരില്ലാ എന്ന ചിന്ത ആയിരുന്നു. ടെസ്റ്റ് ചെയ്ത് തിരിച്ച് വീട്ടില്‍ എത്തുന്നതിനു മുമ്പേ കാന്‍സറിനെ ഞാന്‍ അംഗീകരിച്ചു. ചികിത്സ എപ്പോള്‍ തുടങ്ങണം, എവിടെ ചെയ്യണം തുടങ്ങിയ ചിന്ത ആയിരുന്നു പിന്നീട്. ഇതുവരെ കാന്‍സര്‍ ആണെന്ന് കരുതി ഞാന്‍ വിഷമിച്ചിട്ടില്ല. കാരണം ചെറിയ കുട്ടികള്‍ കീമോ വാര്‍ഡില്‍ കിടക്കുന്നത് കാണുമ്പോള്‍ നമ്മുടെ വിഷമം ഒന്നും അല്ലതായിപ്പോവും. ഞാനായിരുന്നു കീമോ വാര്‍ഡില്‍ ഏറ്റവും സന്തോഷത്തോടെ ഇടപെട്ട ഒരാള്‍’, സിനി പറഞ്ഞു.

രാസമാലിന്യം ഉപേക്ഷിച്ച ബിനാനി സിങ്ക്

അടച്ചുപൂട്ടി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എപ്പോള്‍ വേണമെങ്കിലും മഹാദുരന്തം സംഭവിച്ചേക്കാം എന്ന ആശങ്ക പരത്തുകയാണ് പരിസര പ്രദേശങ്ങളിലും പെരിയാറിലും വ്യാപകമായി ഘനലോഹങ്ങളും രാസമാലിന്യങ്ങളും തള്ളിയിരുന്ന ബിനാനി സിങ്ക് കമ്പനി. വിവിധ ടാങ്കുകളിലായി സൂക്ഷിച്ചിരിക്കുന്ന 150 ടണ്‍ വീര്യമേറിയ സള്‍ഫ്യൂരിക് ആസിഡ്, ടാങ്കുകളിലും പൈപ്പുകളിലുമായി സംഭരിച്ച 9 ലക്ഷം ടണ്‍ സിങ്ക് സള്‍ഫേറ്റ്, 20 ഏക്കര്‍ ഭൂമിയിലെ ഏഴോളം പോണ്ടുകളിലായി കിടക്കുന്ന ജെറോസൈറ്റ് (Jarosite) മാലിന്യം തുടങ്ങിയവ ജനങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണിയുയര്‍ത്തുന്ന തരത്തില്‍ ഉപേക്ഷിച്ചാണ് ബിനാനി സിങ്ക് എടയാര്‍ വിട്ടത്. നീക്കം ചെയ്യാതെ കമ്പനി വളപ്പില്‍ കൂട്ടിയിട്ടിരിക്കുന്ന രാസമാലിന്യം ചോര്‍ന്ന് പരിസരപ്രാദേശങ്ങളിലേയ്ക്ക് പടരുന്നുണ്ട്.

‘ഒരു കമ്പനി പൂട്ടുക എന്നത് വളരെ എളുപ്പമാണ്. എന്നാല്‍ ആ കമ്പനി വരുത്തിവെച്ചിരിക്കുന്ന പാരിസ്ഥിതിക ആഘാതം, ദുരന്തം ലഘൂകരിക്കുക എന്നുള്ളത് വളരെ സങ്കീര്‍ണത നിറഞ്ഞ ശാസ്ത്രീയ ചുമതലയാണ്. എടയാര്‍ മേഖലയില്‍ ഏറ്റവും വലിയ വ്യാവസായികശാലയായിരുന്നു ബിനാനി സിങ്ക്. സിങ്ക് ഉല്‍പ്പാദനത്തിന് ശേഷം അവശിഷ്ടം വരുന്ന ജറോസൈറ്റ് മാലിന്യം ഏതാണ്ട് ഏഴിലധികം കുളങ്ങളിലായി സൂക്ഷിച്ചിരിക്കുകയാണ്. 11 ലക്ഷം ടണ്‍ മാലിന്യമാണ് ഇങ്ങനെ സൂക്ഷിച്ചിരിക്കുന്നത്.

ലെഡ്, കാഡ്മിയം, സിങ്ക്, കോബാള്‍ട്ട്, കോപ്പര്‍, ഫ്‌ളുറൈഡ് തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത ഘന ലോഹങ്ങളും അങ്ങേയറ്റം അമ്ലമായ ഘരമാലിന്യമായ ജറോസൈറ്റുമാണ് ഭൂമിക്കടിയില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇത് പൊട്ടി ഒലിച്ച് ബിനാനി സിങ്കിന് ഏതാണ്ട് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള ജലം പൂര്‍ണമായും മാലിനീകരിക്കപ്പെട്ടു. ഇതിന്റെ തോത് നാള്‍ക്കുനാള്‍ വര്‍ധിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ ഒരു കമ്പനി അടച്ചുപൂട്ടിയത് കൊണ്ട് വലിയ പാരിസ്ഥിതിക ദുരന്തം കൂടിയാണ് എടയാര്‍ നിവാസികള്‍ നേരിടുന്നത്.’, പുരുഷന്‍ എലൂര്‍ പറഞ്ഞു.

വ്യവസായ മേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ കിണര്‍ വെള്ളത്തില്‍ ലെഡ്, കാഡ്മിയം, അയണ്‍ എന്നീ ഘനലോഹങ്ങളുള്ളതായും ഈ വെള്ളം കുടിവെള്ള യോഗ്യമല്ലെന്നും കേരള വെറ്ററിനറി സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എടയാറ്റ് ചാല്‍, ചക്കരച്ചാല്‍ തുടങ്ങിയ പാടശേഖരങ്ങളില്‍ ഉയര്‍ന്ന അളവില്‍ ഘനലോഹങ്ങളുടെ സാന്നിദ്ധ്യമുള്ളതായി സുപ്രീംകോടതി മോണിട്ടറിങ് കമ്മിറ്റി വിലയിരുത്തിയിട്ടുണ്ട്. പാടശേഖരങ്ങളില്‍ അനുവദനീയമായ അളവില്‍നിന്നും നൂറിരട്ടിയോളമാണ് വിഷലോഹങ്ങളുടെ സാന്നിധ്യം. ഒരുകാലത്ത് സമൃദ്ധമായി കൃഷിചെയ്തിരുന്ന ഈ പാടശേഖരങ്ങള്‍ ഇനി കൃഷിയോഗ്യമല്ല.

2001ല്‍ ഐക്യരാഷ്ട്ര പരിസ്ഥിതി പദ്ധതിയുടെ നേതൃത്വത്തില്‍ നടന്ന സ്റ്റോക്ക്ഹോം കണ്‍വെന്‍ഷനില്‍ പന്ത്രണ്ട് പോപ്കളെയാണ് കര്‍ശനമായി നിയന്ത്രിക്കേണ്ടവയായി കണ്ടെത്തിയത്. 2014 ല്‍ ഇന്ത്യയടക്കം 179 രാജ്യങ്ങള്‍ സ്റ്റോക്ക്ഹോം കണ്‍വെന്‍ഷന്‍ തീരുമാനങ്ങള്‍ നടപ്പാക്കാമെന്ന് അംഗീകരിച്ചിട്ടുണ്ട്. ഡേര്‍ട്ടി ഡസന്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. ആള്‍ഡ്രിന്‍, ക്ളാര്‍ഡേന്‍, ഡൈല്‍ഡ്രിന്‍, എന്‍ഡ്രിന്‍, ഹെപ്റ്റകേ്ളാര്‍, ഹെക്സാ കേ്ളാറോബെന്‍സീന്‍, മിറെക്സ്, ടോക്സഫീന്‍ തുടങ്ങിയ മാരക കീടനാശിനികള്‍ ഈ പന്ത്രണ്ടെണ്ണത്തില്‍ ഉള്‍പ്പെടും.

പെരിയാറിന്‍റെ തീരത്തുള്ള എടയാറിലെ കമ്പനികള്‍ Screengrab, Copyright: The Hindu

കാന്‍സര്‍ ജനകങ്ങളും ശരീരത്തിലെ വിവിധ അവയവ വ്യവസ്ഥകളെ മാരകമായി ബാധിക്കുന്നവയുമാണ് ഇവ. ഇവയില്‍ കൂടുതല്‍ മാരകമായത് ഡിഡിടിയാണ്. കാന്‍സര്‍, പ്രത്യുല്‍പ്പാദന ശേഷിക്കുറവ്, പ്രമേഹം, മസ്തിഷ്‌കരോഗങ്ങള്‍ തുടങ്ങി അനവധിയായ പ്രശ്നങ്ങള്‍ ഡിഡിടി ഉണ്ടാക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ഡിഡിടി ഉല്‍പ്പാദിപ്പിക്കുന്ന ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ് ലിമിറ്റഡ് ഏലൂര്‍-എടയാര്‍ വ്യാവസായിക മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്.

മാലിന്യങ്ങളും പ്ളാസ്റ്റിക്കും കത്തിക്കുമ്പോഴുണ്ടാകുന്ന മാരക വിഷവസ്തുക്കളാണ് ഡയോക്സിനുകള്‍. പൊട്ടാസ്യം സയനൈഡിനേക്കാള്‍ പതിനായിരക്കണക്കിനു മടങ്ങ് വിഷശക്തിയുള്ള ടിസിഡിഡി ഡയോക്സിന്‍ കുടുംബത്തിലെ അംഗമാണ് എന്നതില്‍നിന്നും ഇവയുടെ വിഷശക്തി എത്രത്തോളമാണെന്ന മനസ്സിലാക്കാന്‍ സാധിക്കും. കാന്‍സര്‍ ജനകങ്ങളായ ഇവ ഗര്‍ഭസ്ഥശിശുക്കളില്‍ ജനിതക വൈകല്യം ഉണ്ടാക്കും.

മാലിന്യങ്ങളും പ്ളാസ്റ്റിക്കും കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന മറ്റൊരു പോപ് ആണ് പൊളികേ്ളാറിനേറ്റഡ് ഡൈ ബെന്‍സോഫുറാന്‍ (polychlorinated dibenzofuran). ഡയോക്സിന്‍ പോലെ തന്നെ ഇവയും അപകടകാരികളാണ്. ഇലക്രോണിക് മാലിന്യങ്ങളിലും പലതരം പെയിന്റ് പ്ളാസ്റ്റിക് എന്നിവയിലും അടങ്ങിയിരിക്കുന്ന പോളികേ്ളാറിനേറ്റഡ് ബൈഫിനൈല്‍സും (Polychlorinated biphenysl) ആ പട്ടികയിലുണ്ട്. വന്ധ്യത, പ്രതിരോധശേഷിക്കുറവ്, കാന്‍സര്‍ തുടങ്ങിയവ ഈ പദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കും. വര്‍ഷങ്ങളോളം ശരീരത്തില്‍ കിടന്നു ഗര്‍ഭസ്ഥ ശിശുക്കളില്‍ വൈകല്യം ഉണ്ടാക്കാന്‍ ഇതിനു കഴിയും.

2001-നു ശേഷം സ്റ്റോക്ക്ഹോം കണ്‍വെന്‍ഷനിലെ അപകടകരമായ സ്ഥാവര കാര്‍ബണിക മാലിന്യങ്ങളുടെ പട്ടിക വിപുലീകരിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍, ബിഎച്ച്‌സി തുടങ്ങി ഒരു കൂട്ടം വിഷവസ്തുക്കള്‍ ഇതില്‍ ഉള്‍പ്പെടും. ഇന്ത്യയിലെ മറ്റു മലിനീകരിക്കപ്പെട്ട പ്രദേശങ്ങളിലെ രോഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കാന്‍സര്‍, ജനിതക വൈകല്യങ്ങള്‍ തുടങ്ങിയവ ഇന്ന് മൂന്നിരട്ടിയോളം അധികമായി ഈ പ്രദേശങ്ങളില്‍ കാണപ്പെടുന്നു. കുട്ടികളില്‍ ജനനവൈകല്യം കാണപ്പെടാനുള്ള സാധ്യത ഇവിടെ നാലിരട്ടിയോളമാണെന്നും ഗ്രീന്‍പീസ് നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

FAQs

എന്താണ് പെരിയാര്‍??

കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് പെരിയാർ. കേരളത്തിലെ 44 നദികളിൽ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നത് ഈ നദിയായതിനാലും ഒരുകാലത്തും വറ്റാറില്ലെന്നതിനാലും “കേരളത്തിന്റെ ജീവരേഖ” എന്ന അപരനാമത്താൽ കൂടി പെരിയാർ അറിയപ്പെടുന്നു. 244 കി.മീ നീളമുള്ള ഈ നദി കേരളത്തിലെ വലിയൊരു ഭാഗം ജനങ്ങളുടെ ഗാർഹികം, വൈദ്യുതി, വിനോദസഞ്ചാരം, മത്സ്യബന്ധനം, തീർത്ഥാടനം, ജലസേചനം, മണൽഖനനം, കുടിവെള്ളം, ഉൾനാടൻ ഗതാഗതം, വ്യാവസായങ്ങൾ തുടങ്ങിയ ബഹുമുഖങ്ങളായ ആവശ്യങ്ങൾക്ക് ഉപകാരപ്പെടുന്നുണ്ട്.

എന്താണ് കാന്‍സര്‍?

അസാധാരണമായ, കാര്യകാരണ സഹിതമല്ലാതെ ശരീര കോശങ്ങള്‍ ഇരട്ടിക്കുന്ന അവസ്ഥയാണ് കാന്‍സര്‍.

എന്താണ് മലിനീകരണം?

മനുഷ്യനും പരിസ്ഥിതിയ്ക്കും അപകടകാരികളായ വസ്തുക്കൾ സ്വതന്ത്രമാക്കുന്നതിനെയാണ് മലിനീകരണം എന്നു പറയുന്നത്. എല്ലാ തരം മലിനീകരണങ്ങളും പ്രകൃതിയിലെ സർവ്വ ജീവജാലങ്ങൾക്കും ദോഷകരമാണ്.

Quotes

“നമുക്കെല്ലാവർക്കും പൊതുവായുള്ളത് ഭൂമിയാണ് —വെൻഡൽ ബെറി.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.