തിരുവനന്തപുരം: താൻ ഒരിടത്തേക്കും ഒളിച്ചോടി പോയിട്ടില്ലെന്ന് നടൻ മോഹൻലാൽ.
‘വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ല. ഭാര്യയുടെ ശസ്ത്രക്രിയയും ബറോസിൻ്റെ പ്രവർത്തനങ്ങളുമായി തിരക്കിലായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. സിനിമകളുടെ റിലീസ് മാറ്റിവച്ചു. ഈ സമയത്ത് അത് റിലീസ് ചെയ്യാനാവില്ല. സിനിമ സമൂഹത്തിൻ്റെ ഭാഗമാണ്. മറ്റെല്ലായിടത്തും സംഭവിക്കുന്ന കാര്യങ്ങൾ ഇവിടെയും സംഭവിക്കുന്നു. അമ്മ ട്രേഡ് യൂണിയനല്ല. അത് അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി തുടങ്ങിയ സംഘടനയാണ്’.
‘ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് സിനിമാ രംഗം ആകെയാണ്. എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നത് അമ്മയെയാണ്. ഏറ്റവും കൂടുതൽ ശരങ്ങൾ വരുന്നതും തനിക്കും അമ്മയ്ക്കും നേരെയാണ്. ഈ സാഹചര്യത്തിൽ അഭിഭാഷകരോട് അടക്കം സംസാരിച്ചാണ് അമ്മയുടെ ചുമതലകളിൽ നിന്ന് രാജിവെച്ചതെന്നും മോഹൻലാൽ പറഞ്ഞു’.
ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതം ചെയ്യുന്നു എന്നും, ഹേമ കമ്മിറ്റിക്ക് മൊഴി കൊടുത്തിരുന്നു എന്നും മോഹൻലാൽ. ‘കുറച്ചു നാളായി കേരളത്തിലില്ലായിരുന്നു. മാറിനിന്നത് വ്യക്തിപരമായ കാരണങ്ങളാൽ. കഴിഞ്ഞ 47 വർഷങ്ങളായി നിങ്ങളുടെ ഒപ്പം സഞ്ചരിക്കുന്നയാളാണ്. എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല. ഗുജറാത്തിലും മുംബൈയിലും ചെന്നൈയിലുമായിരുന്നു. ഭാര്യയുടെ സർജറിയുമായി ബന്ധപ്പെട്ട തിരക്കിലും, ബറോസിൻ്റെ ഫൈനൽ മിക്സിങ് പരിപാടികളിലുമായിരുന്നു. അതിൽ നിന്നും പെട്ടെന്ന് വരാൻ സാധിച്ചില്ല. തൻ്റെ സിനിമയുടെ റിലീസ് മാറ്റിവച്ചു’, മോഹൻലാൽ പറഞ്ഞു.