Wed. Jan 22nd, 2025

റിയോ ഡി ജനീറോ: സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിന് നിരോധനമേർപ്പെടുത്തി ബ്രസീൽ സുപ്രീംകോടതി. രാജ്യത്തെ നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കാത്തതിനെ തുടർന്നാണ് നടപടി. 

സുപ്രീംകോടതി ജസ്റ്റിസ് അലക്സാൻഡ്രെ ഡി മോറസാണ് നിരോധനമേർപ്പെടുത്തിയുള്ള ഉത്തരവിട്ടത്. രാജ്യത്ത് എക്സിൻ്റെ നിയമപ്രതിനിധിയെ നിയമിക്കാൻ സുപ്രീംകോടതി നിർദേശിച്ചിരുന്നു. എന്നാൽ ഉത്തരവ് അനുസരിക്കാൻ വിസമ്മതിച്ചതോടെയാണ് നിരോധനമേർപ്പെടുത്തിയത്. ആഗസ്റ്റ് 17ന് എക്സിൻ്റെ ബ്രസീലിലെ ഓഫീസ് പൂട്ടിയിരുന്നു.

വ്യാജ – വിദ്വേഷ പോസ്റ്റുകൾ പ്രചരിപ്പിക്കുന്ന പ്രൊഫൈലുകൾ നീക്കണമെന്ന് എക്സിന് സുപ്രീംകോടതി നിർദേശം നൽകിയിരുന്നെങ്കിലും സമൂഹമാധ്യമ പ്ലാറ്റ്ഫോം അത് ചെയ്തിരുന്നില്ല. വെള്ളിയാഴ്ച നിയമങ്ങൾ അനുസരിക്കാത്തതിന് ബ്രസീലിയൻ സുപ്രീംകോടതി എക്സിന് 3.2 മില്യൺ ഡോളർ പിഴ ചുമത്തിയിരുന്നു. 

തിരഞ്ഞെടുപ്പിന് നടക്കാനിരിക്കെ വിദ്വേഷ പ്രസംഗങ്ങൾ വ്യാപകമായി തീവ്രസംഘടനകൾ പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് തടയാനാണ് താൻ എക്സിന് നിർദേശം നൽകിയതെന്നും മൊ​റെസ് പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ എക്സ് ബ്ലോക്ക് ചെയ്യാൻ ബ്രസീൽ ടെലികമ്യൂണിക്കേഷൻ വകുപ്പിന് ഉത്തരവ് നൽകിയിട്ടുണ്ട്. അഞ്ച് ദിവസത്തിനുള്ളിൽ ആപ്പിളും ഗൂഗിളും അവരുടെ സ്റ്റോറുകളിൽ നിന്ന് എക്സ് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.