Sun. Dec 22nd, 2024

 

ബെയ്റൂട്ട്: ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇസ്രായേലിനെ ആക്രമിച്ചതായി ഹിസ്ബുള്ള. മുതിര്‍ന്ന കമാന്‍ഡര്‍ ഫുവാദ് ഷുക്കൂറിനെ കൊലപ്പെടുത്തിയതിനുള്ള തിരിച്ചടിയായാണ് ഇസ്രായേലിന് നേരെയുള്ള ആക്രമണത്തെ ഹിസ്ബുള്ള വിശേഷിപ്പിച്ചത്. 320ല്‍ അധികം കറ്റിയൂഷ റോക്കറ്റുകള്‍ ഇസ്രയേലിന് നേര്‍ക്ക് അയച്ചതായും ഹിസ്ബുള്ള അവകാശപ്പെട്ടു.

ഇസ്രായേലിനുള്ളിലെ ഒരു സുപ്രധാന സൈനിക കേന്ദ്രത്തിന് നേരെ നിരവധി ഡ്രോണുകള്‍ ഉപയോഗിച്ച് വലിയ തോതിലുള്ള വ്യോമാക്രമണം നടത്തിയെന്നും കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും ഹിസ്ബുള്ള പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ജൂലൈ 30നാണ് കമാന്‍ഡര്‍ ഫുവാദ് ഷുക്കൂറിനെ ഇസ്രായേല്‍ കൊലപ്പെടുത്തുന്നത്. ഇതിനുള്ള തിരിച്ചടിയുടെ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി ഹിസ്ബുള്ള പറയുന്നു.

വടക്കന്‍ അധിനിവേശ ഫലസ്തീനിലെ നിരവധി ഇസ്രായേലി സൈനിക കേന്ദ്രങ്ങള്‍, ബാരക്കുകള്‍, അയണ്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവിടങ്ങളെ ലക്ഷ്യമിട്ടതായും ഹിസ്ബുള്ള പറഞ്ഞു.

ലെബനനിലെ ചെറുത്തുനില്‍പ്പ് ഇപ്പോള്‍ അതിന്റെ ഏറ്റവും ഉയര്‍ന്ന ഘട്ടത്തിലാണ്. ഏത് ഇസ്രായേലി ആക്രമണത്തോടും ശക്തമായി പ്രതികരിക്കും. നാട്ടുകാര്‍ക്ക് പരിക്കേല്‍ക്കുകയാണെങ്കില്‍ പ്രത്യാഘാതം കനത്തതായിരിക്കുമെന്നും ഹിസ്ബുള്ള പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇസ്രയേലിന് നേര്‍ക്ക് മിസൈലുകളും റോക്കറ്റുകളും തൊടുത്തുകൊണ്ടുള്ള വലിയ ആക്രമണം നടത്താന്‍ ഹിസ്ബുല്ല തയ്യാറെടുക്കുകയായിരുന്നെന്ന് ഇസ്രയേല്‍ സൈന്യം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തെക്കന്‍ ലബനാനില്‍ വ്യോമാക്രമണം നടത്തിയെന്ന് ഇസ്രായേല്‍ അവകാശപ്പെടുന്നത്.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ടെല്‍ അവീവിനടുത്തുള്ള ബെന്‍ ഗുറിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എല്ലാ സര്‍വീസുകളും ഇസ്രായേല്‍ അധികൃതര്‍ നിര്‍ത്തിവച്ചു. വടക്കന്‍ ഇസ്രായേലിലെ പല നഗരങ്ങളിലും വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങുന്നുണ്ടെന്ന് ചാനല്‍ 12 ഉള്‍പ്പെടെയുള്ള ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.