Thu. Sep 19th, 2024

 

കൊച്ചി: ലൈംഗികാതിക്രമത്തെക്കുറിച്ച് ഹേമ കമ്മിറ്റി മുമ്പാകെ സ്ത്രീകള്‍ നടത്തിയ തുറന്നുപറച്ചില്‍ ഞെട്ടിക്കുന്നതെന്ന് ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള (ഫെഫ്ക). ലൈംഗികാതിക്രമം നടത്തിയവര്‍ ശിക്ഷിക്കപ്പെടണം. തൊഴിലിടത്തെ സ്ത്രീകള്‍ സംസാരിച്ചു തുടങ്ങിയതിന്റെ ആദ്യ പാഠമാണ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലുള്ളതെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

തൊഴിലാളി വര്‍ഗബോധത്തോടെ സ്ത്രീകളെ കേട്ട് തിരുത്തലുണ്ടാകണം. നിയമ നടപടികളില്‍ ഫെഫ്ക അതിജീവിതകള്‍ക്കൊപ്പം നില്‍ക്കും. ഫെഫ്കയുടെ ഘടക യൂണിയനുകള്‍ റിപ്പോര്‍ട്ട് വിശകലനം ചെയ്യും. സ്ത്രീ സുരക്ഷ സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്കും ഫെഫ്കയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും ഊന്നല്‍ നല്‍കിയാകും റിപ്പോര്‍ട്ട് വിശകലനം ചെയ്യുക. ഇത് സംബന്ധിച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറി ഘടക യൂണിയനുകള്‍ക്ക് കത്തയച്ചു.

ഡബ്ല്യുസിസിയിലെ അംഗങ്ങള്‍ക്ക് തുടര്‍ച്ചയായി അവസരം നിഷേധിക്കപ്പെടുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആ കൂട്ടായ്മയില്‍ അംഗങ്ങളായത് കൊണ്ട് മാത്രം അവരോട് ശത്രുതാപരമായ സമീപനം സ്വീകരിച്ച് അവരെ മാറ്റിനിര്‍ത്താന്‍ പാടില്ല. ഡയറക്ടേഴ്‌സ് യൂനിയന്‍, റൈറ്റേഴ്‌സ് യൂനിയന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ് യൂനിയന്‍ എന്നിവര്‍ ഇക്കാര്യം ആഴത്തില്‍ പരിശോധിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

വിശകലന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1, 2 തീയതികളില്‍ ഫെഫ്ക യോഗം ചേരും. ഓരോ സെഷനിലും 3 യൂണിയനുകളുടെ റിപ്പോര്‍ട്ട് വീതമായിരിക്കും ചര്‍ച്ച ചെയ്യുക. തയ്യാറാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറും.

ഫെഫ്ക യൂണിയനുകളില്‍പ്പെട്ട പത്ത് സ്ത്രീകളെ ഹേമ കമ്മിറ്റി കണ്ടെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന ഭക്ഷണ വിവേചനം ഉണ്ടാകുന്നതിന്റെ ഉത്തരവാദിത്തം യൂണിയന് തന്നെയാണ്. ആളൊന്നിന് തുക കണക്കാക്കിയാണ് നിര്‍മ്മാതാവ് നല്‍കുന്നത്.

വിവേചനം പാടില്ലെന്ന് പലതവണ വ്യക്തമാക്കിയിട്ടുള്ളതാണെന്നും കത്തില്‍ പറയുന്നുണ്ട്. ലിംഗ നീതിയും സ്ത്രീ സുരക്ഷയും ഉറപ്പാക്കാന്‍ ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കുന്ന കാലത്തില്‍ നിന്ന് സാഹചര്യം ഏറെ മാറിയിട്ടുണ്ടെങ്കിലും നിരന്തരമായ തിരുത്തലുകള്‍ ആവശ്യമാണെന്നും ഫെഫ്കയുടെ കത്തില്‍ പറയുന്നു.

അതേസമയം, അതിജീവിതമാര്‍ ധീരതയോടെ മുന്നോട്ടുവന്ന് നിയമ നടപടിയുടെ ഭാഗമാകണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ലൈംഗിക അക്രമങ്ങളില്‍ ഉള്‍പ്പെട്ടവര്‍, അവരെത്ര ഉന്നതര്‍ ആയാലും നിയമ നടപടികളിലൂടെ കടന്നുപോവുകയും ശിക്ഷിക്കപ്പെടുകയും വേണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സിനിമയിലെ നടീ-നടന്മാരെയും സാങ്കേതിക പ്രവര്‍ത്തകരെയും തീരുമാനിക്കുമ്പോള്‍ മെറിറ്റ്, പ്രതിഫലം, ജോലിയോടുള്ള പ്രൊഫഷണല്‍ കമ്മിറ്റ്‌മെന്റ് എന്നിവയല്ലാതെ ഒരുതരത്തിലുള്ള പരിഗണനകളും പാടില്ലെന്ന് ഉറപ്പാക്കണം. മറ്റു പരിഗണനകള്‍, സമ്മര്‍ദ്ദങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ ഒഴിവാക്കേണ്ടതാണ്. സാമ്പത്തിക, ലൈംഗിക താല്പര്യങ്ങളോ, സ്വജന പക്ഷപാതമോ ഉണ്ടെങ്കില്‍ അഭിസംബോധന ചെയ്യപ്പെടുക തന്നെ വേണം.

പവര്‍ ഗ്രൂപ്പ് സിനിമയില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യകതമല്ല. 15 പേര്‍ അടങ്ങുന്ന പവര്‍ ഗ്രൂപ്പ് പ്രായോഗിക തലത്തില്‍ സാധ്യമാവുന്ന ഒന്നല്ല. പവര്‍ ഗ്രൂപ്പ് എന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിഗമനത്തെപ്പറ്റി വ്യക്തമായ അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.