Sun. Dec 22nd, 2024

കൊച്ചി: മലയാള സിനിമയിലെ യുവനടനില്‍ നിന്നും നേരിട്ട അതിക്രമത്തെ കുറിച്ച് വെളിപ്പെടുത്തി നടി സോണിയ മല്‍ഹാര്‍. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. 2013ല്‍ തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചായിരുന്നു സംഭവമെന്നും നടി പറഞ്ഞു.

തൊടുപുഴയില്‍ ചിത്രീകരണം നടന്ന സിനിമയില്‍ ഓഫിസ് സ്റ്റാഫിന്റെ റോള്‍ ആയിരുന്നു. ലൊക്കേഷനില്‍ എത്തിയപ്പോള്‍ കോസ്റ്റ്യൂം തന്നു. ഒരു ഫാം പോലുള്ള സ്ഥലത്തായിരുന്നു ഷൂട്ടിങ് നടന്നിരുന്നത്. ടോയ്‌ലറ്റില്‍ പോയി തിരിച്ചുവരുമ്പോഴാണ് യുവനടന്‍ കടന്നുപിടിച്ചത്. അയാളെ മുന്‍പരിചയം പോലുമില്ല. ആദ്യമായി അഭിനയിക്കാനെത്തിയതായിരുന്നു താനെന്നും നടന്റെ പെരുമാറ്റത്തില്‍ പകച്ചുപോയെന്നും സോണിയ പറഞ്ഞു.

ലൊക്കേഷനിലെത്തിയപ്പോള്‍ സംവിധായകനാണ് സിനിമയുടെ ഹീറോ എന്ന് പറഞ്ഞ് അയാളെ പരിചയപ്പെടുത്തിയത്. സിനിമയില്‍ ആരാധനയോടെ കണ്ടിരുന്ന ആളാണ് ഇത്തരത്തില്‍ മോശമായി പെരുമാറിയത്.

അന്നയാള്‍ ബലമായി പിടിച്ചുവെച്ചു. തള്ളിമാറ്റി കരഞ്ഞപ്പോള്‍ അയാള്‍ക്ക് എന്നെ ഇഷ്ടമാണ് എന്ന് മറുപടി പറഞ്ഞു. അക്കാലത്ത് സാമൂഹിക രംഗത്ത് സജീവമായിരുന്നു. അതാണ് തന്നെ ഇഷ്ടപ്പെടാന്‍ കാരണമെന്ന് നടന്‍ പറഞ്ഞതായും സോണിയ പറഞ്ഞു.

തന്നെ പൊന്നുപോലെ നോക്കാമെന്ന് പറഞ്ഞ നടന്‍ അവിടെ വെച്ച് പ്രൊപ്പോസ് ചെയ്യുന്നത് പോലെ പെരുമാറുകയും ചെയ്തുവെന്നും നടി ആരോപിച്ചു. എന്നാല്‍ അതിനെ എതിര്‍ത്താണ് സംസാരിച്ചത്. ഫോണ്‍ നമ്പര്‍ ചോദിച്ചെങ്കില്‍ കൊടുത്തില്ല. വീട്ടിലെത്തി ഭര്‍ത്താവിനോട് നടന്ന കാര്യങ്ങള്‍ പറഞ്ഞു. നാലുദിവസം ഷൂട്ടിങ്ങിന് പോയി. നടന്ന സംഭവത്തില്‍ പിന്നീട് യുവനടന്‍ മാപ്പു പറഞ്ഞെന്നും സോണിയ വെളിപ്പെടുത്തി.

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിക്കാന്‍ തുടങ്ങിയ കാലത്ത് മലയാളത്തിലെ ഹാസ്യ നടന്റെയും യുവ നടന്റെയും ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

‘അക്കാലത്ത് ശമ്പളം കുറവായിരുന്നുവെങ്കിലും സിനിമയോടുള്ള താല്‍പര്യം മൂലമാണ് അഭിനയിക്കാന്‍ പോയത്. ഇത്തരം കാര്യങ്ങള്‍ എതിര്‍ത്തതിന്റെ പേരില്‍ നിരവധി സിനിമകള്‍ നഷ്ടപ്പെട്ടു. സിനിമയിലെ പെണ്‍കുട്ടികള്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ലാതെ അഭിനയിച്ച് വീട്ടില്‍ തിരിച്ചുപോരാനുള്ള സാഹചര്യമുണ്ടാകണം. എളുപ്പം പെണ്‍കുട്ടികളെ ചൂഷണം ചെയ്യാം എന്ന ആളുകളുടെ ധാരണ മാറണം എന്നതുകൊണ്ടാണ് ഇപ്പോള്‍ ഇതേ കുറിച്ച് വെളിപ്പെടുത്തിയതെന്നും’ നടി കൂട്ടിച്ചേര്‍ത്തു.