Sun. Dec 22nd, 2024

 

ലണ്ടന്‍: കടുത്ത സ്ത്രീവിരുദ്ധതയെ തീവ്രവാദത്തിന്റെ പരിധിയില്‍ കൊണ്ടുവരാനൊരുങ്ങി യുകെ. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിര്‍ സ്റ്റാമറിന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി സര്‍ക്കാറിന്റെ തീവ്രവാദ വിരുദ്ധ അവലോകങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ നേരിടാനും ഓണ്‍ലൈനിലൂടെയുള്ള സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് തടയിടാനും ലക്ഷ്യമിട്ടാണ് നടപടി.

യുകെയിലെ തീവ്രവാദവിരുദ്ധ സംവിധാനങ്ങളില്‍ വിടവുകള്‍ പരിഹരിക്കാന്‍ ആഭ്യന്തര മന്ത്രി യെവെറ്റ് കൂപ്പറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിന്റെ ഭാഗമായാണ് പുതിയമാറ്റം.

തീവ്രവലതുപക്ഷ തീവ്രവാദത്തിനെ പ്രതിരോധിക്കും പോലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെയും പ്രതിരോധിക്കാനാണ് കടുത്ത സ്ത്രീവിരുദ്ധതയെ തീവ്രവാദത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിലൂടെ ലേബര്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നത്.

കഴിഞ്ഞവര്‍ഷം തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അനുസരിച്ച്, ആന്‍ഡ്രൂ ടേറ്റിനെ പോലുള്ള കടുത്ത സ്ത്രീവിരുദ്ധ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ സ്വാധീനം സ്‌കൂള്‍ കുട്ടികളില്‍ വര്‍ധിച്ചുവരുന്നുണ്ട്.

തീവ്രവാദ സംഘടനകള്‍ ഭീകരവാദത്തിനായി ആളുകളെ സംഘടിപ്പിക്കുന്ന സമാനരീതിയിലാണ് ഇക്കൂട്ടരും പ്രവര്‍ത്തിക്കുന്നത് എന്നാണ് സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്. അതിന് പിന്നാലെയാണ് കടുത്ത നടപടിയിലേക്ക് കെയിര്‍ സ്റ്റാമര്‍ സര്‍ക്കാര്‍ നീങ്ങുന്നത്.

സ്വാധീനിക്കപ്പെടുന്ന കുട്ടികള്‍ വനിതാ അധ്യാപകരെയോ മറ്റ് വിദ്യാര്‍ഥികളെയോ വാക്കാല്‍ അധിക്ഷേപിക്കുന്ന സംഭവങ്ങളുടെ എണ്ണവും കൂടുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.