Sun. Dec 22nd, 2024

 

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ചംപായ് സോറനും ആറു ജെഎംഎം എംഎല്‍എമാരും ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ ചംപായ് സോറനും എംഎല്‍എമാരും ഡല്‍ഹിയിലെത്തി.

ഇന്നലെ രാത്രി കൊല്‍ക്കത്തയിലെത്തിയ ചംപായ് സോറന്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.

ഡല്‍ഹിയില്‍ കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാനുമായി ചംപായ് സോറന്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ചൗഹാനുമായി ഏറെ നാളായി ചംപായ് സോറന്‍ ചര്‍ച്ച നടത്തിയിരുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഹേമന്ത് സോറന്‍ ജയിലില്‍ കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി പദം ചംപൈ സോറന് കൈമാറിയിരുന്നു. ഹേമന്ത് സോറന്‍ ജയില്‍ മോചതിനായതോടെ ചംപായ് സോറന്‍ സ്ഥാനമൊഴിഞ്ഞു.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ കഴിഞ്ഞ ദിവസം ചംപായി സോറനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. അഞ്ച് വര്‍ഷം കൊണ്ട് ഹേമന്ത് സോറന് ചെയ്യാത്ത കാര്യങ്ങളാണ് ആറു മാസം കൊണ്ട് ചംപായ് സോറന്‍ ജാര്‍ഖണ്ഡില്‍ ചെയ്തത് എന്നായിരുന്നു അസം മുഖ്യമന്ത്രി പറഞ്ഞത്.

അതേസമയം, ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയ ചംപയ് സോറന്‍, താന്‍ ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത് വ്യക്തിപരമായ കാര്യങ്ങള്‍ക്കാണെന്നും പറഞ്ഞു.

ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശനിയാഴ്ച ചംപായ് സോറന്‍ നിഷേധിച്ചിരുന്നു. എന്തൊക്കെ കിംവദന്തികളാണ് പ്രചരിക്കുന്നതെന്ന് തനിക്കറിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.