Fri. Nov 22nd, 2024

ഈ വര്‍ഷം ജൂണ്‍ മാസം വരെ ലഭ്യമായിട്ടുള്ള ഔദ്യോഗിക കണക്കുകള്‍ പ്രകാരം 46,689 കേസുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്

സംസ്ഥാന എക്‌സൈസ് ഓഫീസര്‍മാരുടെയും മറ്റു ജീവനക്കാരുടെയും ജോലി ഭാരമേറുന്നതായി വിവരാവകാശ റിപ്പോര്‍ട്ട്. കാസര്‍ഗോഡ് ജില്ലയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ എം വി ശില്‍പരാജ് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യമുള്ളത്. വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയുക എന്ന ലക്ഷ്യവുമായാണ് ശില്‍പരാജ് എക്‌സൈസ് വകുപ്പില്‍ നിന്നും വിവരങ്ങള്‍ തേടിയത്.

ഈ വര്‍ഷം ജൂണ്‍ മാസം വരെ ലഭ്യമായിട്ടുള്ള ഔദ്യോഗിക കണക്കുകള്‍ പ്രകാരം 46,689 കേസുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. എക്‌സൈസ് കമ്മീഷണര്‍, സിവില്‍ ഓഫീസര്‍മാര്‍, ടെക്‌നീഷ്യന്മാര്‍, ഇന്‍സ്‌പെക്ടര്‍കാര്‍, ഡ്രൈവര്‍ അടക്കം 5386 ഉദ്യോഗസ്ഥരാണ് ഇത്രയും കേസുകള്‍ കൈകാര്യം ചെയ്യേണ്ടത്.

ഇതിലൊക്കെ ഉപരി ലഭ്യമായിട്ടുള്ള വിവരങ്ങള്‍ പ്രകാരം സംസ്ഥാനത്ത് 75 ലക്ഷത്തിന്മേല്‍ വിദ്യാര്‍ഥികളുണ്ട്. അതായത് നിലവിലെ എക്‌സൈസ് വകുപ്പിന്റെ അംഗസംഖ്യ പ്രകാരം ഒരു എക്‌സൈസ് ഓഫീസര്‍ പ്രതിദിനം സംരക്ഷിക്കേണ്ടത് 1334 വിദ്യാര്‍ഥികളെയാണ്.

സംസ്ഥാനത്ത് വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി പദാര്‍ഥങ്ങള്‍ എത്തിപ്പെടാതിരിക്കാന്‍ ഈ അംഗസംഖ്യ പോരാ എന്നത് കണക്കുകള്‍ പ്രകാരം വ്യക്തമാണ്. വിദ്യാര്‍ഥികളുടെ ഇടയില്‍ ലഹരി ഉപയോഗം കുറക്കാന്‍ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും എക്‌സൈസ് വകുപ്പില്‍ അത്യാവശ്യത്തിന് ഉദ്യോഗസ്ഥര്‍ ഇല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് പദ്ധതികള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കുക.

വിവരാവകാശ രേഖ Screengrab, Copyright: Shilparaj

ജനുവരി മുതല്‍ ജൂണ്‍ വരെ 33849 കോട്പ കേസുകളും 9222 അബ്കാരി കേസുകളും 3623 എന്‍ഡിപിഎസ് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എംഡിഎംഎ, എല്‍എസ്ഡി, ആശിഷ്, ഹെറോയിന്‍, ബ്രൌണ്‍ ഷുഗര്‍, നൈട്രാസെപാം അടക്കമുള്ള രാസലഹരികള്‍ 9672 ഗ്രാമാണ് ജൂണ്‍ മാസം വരെ പിടിച്ചെടുത്തത്.

ഈ വര്‍ഷം ഇതുവരെ 41.42 കോടി രൂപയുടെ മയക്കുമരുന്നാണ് എക്‌സൈസ് സേന പിടികൂടിയത്. 4446 കേസുകളിലായി 4420 പേരെ പ്രതിചേര്‍ത്തിട്ടുണ്ട്. 232 വാഹനങ്ങളും പിടികൂടി. 2694 കിലോ കഞ്ചാവ്, 583.99 ഗ്രാം ഹെറോയിന്‍, 202.13 ഗ്രാം ബ്രൌണ്‍ ഷുഗര്‍, 23.53 ഗ്രാം ഹാഷിഷ്, 3065.2 ഗ്രാം എംഡിഎംഎ, 3045.75 ഗ്രാം മെത്താഫെറ്റമിന്‍, 5591 ഗ്രാം ഹാഷിഷ് ഓയില്‍ തുടങ്ങിയവയെല്ലാം എക്‌സൈസ് പിടികൂടിയിട്ടുണ്ട്.

ഓരോ മാസവും മയക്കുമരുന്ന് കേസുകളില്‍ ക്രമാതീധമായ വര്‍ദ്ധനവുണ്ട്. കേസുകള്‍ വര്‍ദ്ധിക്കുമ്പോഴും എക്‌സൈസ് വകുപ്പില്‍ വിവിധ തസ്തികകളിളായി നികത്താനുള്ളത് 244 ഒഴിവാണ്. ഇതില്‍ കൂടുതലും സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തികയിലാണ്. 132 ഒഴിവാണ് ഈ തസ്തികയില്‍ നികത്താനുള്ളത്. റാങ്ക് ലിസ്റ്റുകള്‍ പലതും നിലവിലുള്ളപ്പോഴാണ് നിയമനം നീളുന്നത്. വിജിലന്‍സ് ഓഫീസറുടെ ആകെയുള്ള ഒരു തസ്തികയില്‍ പോലും ആളില്ല.

ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍മാര്‍ (9), അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ (5) എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ (13), എക്‌സൈസ് ഇന്‍സ്പെക്ടര്‍ (35), സിവില്‍ എക്‌സൈസ് ഓഫീസര്‍ (132), വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ (19) എന്നിങ്ങനെയാണ് ഒഴിവുള്ള തസ്തികകള്‍.

അതേസമയം, കേരള പൊലീസില്‍ വേണ്ട ജീവനക്കാരുടെ ആനുപാതിക കണക്ക് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് 2016ല്‍ പഠനം നടത്തി വ്യക്തമാക്കിയിരുന്നു. സമാന പഠനം എക്‌സൈസ് വകുപ്പിലും നടത്തണമെന്ന ആവശ്യം ശക്തമാണ്. പഠനം നടത്തി ജീവനക്കാരുടെ അംഗബലം കൂട്ടണമെന്നും ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറക്കണമെന്നുമുള്ള ആവശ്യം ജീവനക്കാരുടെ ഇടയില്‍ ശക്തമാണ്.

മയക്കുമരുന്ന് കേസുകള്‍ കൈകാര്യം ചെയ്യുന്നതിനും മയക്കുമരുന്ന് കടത്ത് തടയുന്നതിനുമായി 2019ല്‍ രൂപീകരിച്ച എക്‌സൈസ് ക്രൈംബ്രാഞ്ച് വിഭാഗം നിലവില്‍ 250ലധികം പ്രധാന കേസുകളാണ് അന്വേഷിക്കുന്നത്. 13 ഓഫീസര്‍മാരാണ് ഇത്രയും കേസുകള്‍ കൈകാര്യം ചെയ്യാനുള്ളത്.

14 ജില്ലകളിലും കേസുകളുണ്ട്. ഫയലുകള്‍ പരിശോധിക്കാന്‍ പോലും നിലവിലെ ഉദ്യോഗസ്ഥരുടെ എണ്ണം തികയില്ല. സംസ്ഥാനത്തേയ്ക്കുള്ള മയക്കുമരുന്ന് കടത്ത് ഭയാനകമാം വിധം വര്‍ധിക്കുന്നതിനാല്‍ ഉദ്യോഗസ്ഥരുടെ ക്ഷാമം വിങ്ങിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.

ഒരു ജോയിന്റ് എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് വിഭാഗത്തില്‍ ഒരു അസിസ്റ്റന്റ് കമ്മീഷണര്‍, രണ്ട് എക്സൈസ് ഇന്‍സ്പെക്ടര്‍മാര്‍, നാല് പ്രിവന്റീവ് ഓഫീസര്‍മാര്‍, അഞ്ച് സിവില്‍ എക്സൈസ് ഓഫീസര്‍മാര്‍ എന്നിവരാണുള്ളത്. കേസുകളുടെ എണ്ണം വര്‍ധിക്കുന്നതോടെ ഉദ്യോഗസ്ഥര്‍ക്ക് താങ്ങാവുന്നതിലും അധികമാണ് ജോലിഭാരം.

അന്തര്‍ സംസ്ഥാന ബന്ധങ്ങളുള്ളതോ വന്‍തോതില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള കള്ളക്കടത്ത് പിടികൂടിയതോ ആയ കേസുകളാണ് എക്‌സൈസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുന്നത്. ഇത്തരം അന്വേഷണങ്ങള്‍ക്ക്, ഭൂരിഭാഗം കേസുകളിലും അന്തര്‍ സംസ്ഥാന യാത്രകള്‍ ആവശ്യമാണ്. ഉദ്യോഗസ്ഥരുടെ കുറവ് ഇത്തരം അന്വേഷങ്ങളെയും ബാധിക്കും. എക്സൈസ് കമ്മീഷണറായിരുന്നപ്പോള്‍ ക്രൈംബ്രാഞ്ചില്‍ 139 തസ്തികകള്‍ കൂടി സൃഷ്ടിക്കാന്‍ ഋഷിരാജ് സിംഗ് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അത് നടപ്പായില്ല.

വകുപ്പില്‍ പ്രത്യേക സൈബര്‍ സെല്ലിന്റെ അഭാവവും ക്രൈംബ്രാഞ്ച് വിഭാഗത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഇതുവരെ എക്‌സൈസിനെ നോഡല്‍ ഏജന്‍സിയായി നാമകരണം ചെയ്തിട്ടില്ല. സേവന ദാതാക്കളില്‍ നിന്നുള്ള സാങ്കേതിക ലീഡുകള്‍ നേരിട്ട് ആക്‌സസ് ചെയ്യാനും കഴിയില്ല. അതിനാല്‍ കേസില്‍ അകപ്പെടുന്നവരുടെ കോള്‍ഡാറ്റ റെക്കോര്‍ഡുകളോ, മൊബൈല്‍ ടവര്‍ ലൊക്കേഷനോ അറിയാന്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ സംസ്ഥാന പോലീസിന്റെ സൈബര്‍ സെല്ലിനെയാണ് ആശ്രയിക്കുന്നത്.

വിദ്യാര്‍ഥികളും ലഹരി ഉപയോഗവും

കോവിഡാനന്തരമാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ രാസലഹരിയുടെ ഉപയോഗത്തില്‍ വര്‍ധനവുണ്ടായത് എന്ന് എക്‌സൈസിന്റെ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നതാണ്. മെറ്റാഫിറ്റാമിന്‍, ആല്‍ഫെറ്റാമിന്‍, എല്‍എസ്ഡിഎ തുടങ്ങിയ ന്യൂ ജെന്‍ ഡ്രഗുകളാണ് വിദ്യാര്‍ത്ഥികളിലേക്കെത്തുന്നതില്‍ ഭൂരിഭാഗവും.

ക്രിസ്റ്റല്‍ രൂപത്തിലുള്ള എംഡിഎംഎ പുതുതലമുറയ്ക്കിടയില്‍ ഐസ് മെത്ത്, കല്ല്, പൊടി, കല്‍ക്കണ്ടം , ക്രിസ്റ്റല്‍, ഐസ് തുടങ്ങിയ ഓമനപ്പേരുകളിലാണ് അറിയപ്പെടുന്നത്. ഇത്തരം ലഹരി വസ്തുക്കള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ലക്ഷങ്ങളും രാജ്യാന്തര വിപണിയില്‍ കോടികളുമാണ് മതിപ്പുവില.

വീടുകളില്‍ സ്റ്റാമ്പ് സ്റ്റിക്കര്‍ രൂപത്തിലും വെളുത്ത നിറത്തില്‍ പഞ്ചസാരക്കും ഉപ്പിനും സാമ്യമുള്ള ചെറുതരികളായും ഗുളിക രൂപത്തിലുമെല്ലാം സൂക്ഷിക്കുന്ന രാസലഹരികള്‍ രക്ഷിതാക്കള്‍ക്ക് പലപ്പോഴും തിരിച്ചറിയാന്‍ കഴിയില്ല.

ലഹരി ഉപയോഗിക്കുന്നതിന്റെ കാരണങ്ങള്‍ ഓരോ വ്യക്തിയിലും അല്ലെങ്കില്‍ ഓരോ കുട്ടിയിലും വ്യത്യസ്തമായിരിക്കും. ഒരാള്‍ക്ക് കുടുംബത്തിനകത്തുള്ള പ്രശ്‌നങ്ങള്‍, പഠനത്തില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ തുടങ്ങിയവയാണെങ്കില്‍ മറ്റൊരാള്‍ക്ക് അത് പിയര്‍ ഗ്രൂപ്പ് പ്രെഷര്‍ ആയിരിക്കും. ചിലര്‍ക്ക് ക്യൂരിയോസിറ്റിയായിരിക്കും. ഈ കാരണങ്ങളില്‍ തന്നെ ഏറ്റവുമധികം കണ്ടുവരുന്നത് ക്യൂരിയോസിറ്റിയും പിയര്‍ ഗ്രൂപ്പ് പ്രെഷറുമാണ് എന്നാണ് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് തങ്ങളിലേക്കെത്തുന്ന കുട്ടികളുടെ അനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തി കൗണ്‍സിലര്‍മാര്‍ പറയുന്നത്.

വിവിധ മാര്‍ഗങ്ങളിലൂടെയാണ് കുട്ടികളിലെ ലഹരി ഉപയോഗം തിരിച്ചറിഞ്ഞ് കൗണ്‍സിലിങ്ങിനായി എത്തിക്കുന്നത്. ലഹരി പോലുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നു എന്ന് മനസ്സിലാക്കി രക്ഷിതാക്കള്‍ നേരിട്ട് കൗണ്‍സിലിങ്ങ് സെന്ററുകളില്‍ എത്തിക്കുന്നവര്‍, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംശയം തോന്നി അധ്യാപകര്‍ പറഞ്ഞയക്കുന്നവര്‍, സ്‌കൂളില്‍ കൗണ്‍സിലിങ്ങ്, ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കുമ്പോള്‍ അവിടെ നിന്ന് കണ്ടെടുക്കുന്ന കുട്ടികള്‍, സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്ര പോവുമ്പോഴും പാര്‍ട്ടികളില്‍ പങ്കെടുക്കുമ്പോഴും എക്‌സൈസ് റെയ്ഡിലും മറ്റും പിടിക്കപ്പെടുന്ന കുട്ടികള്‍, ഇങ്ങനെ പലതരത്തിലാണ് കുട്ടികള്‍ കൗണ്‍സിലിങ്ങ് സെന്ററുകളില്‍ എത്തുന്നത്.

കൗമാരക്കാര്‍ ലഹരി ഉപയോഗത്തിലേക്കും അവിടെ നിന്ന് ലഹരിക്കടത്തിലേക്കും എത്തിച്ചേരുന്നതിന്റെ ചക്രം ഏറെ നീണ്ടതും സംഘര്‍ഷഭരിതവുമാണ്. ഒരു സാധാരണ സ്‌കൂള്‍ വിദ്യാര്‍ഥി കുടുംബ-സാമൂഹിക പാശ്ചാത്തലം മൂലം പതിയെ, പലതരം സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന വ്യക്തിയായി മാറുന്നു. അതില്‍നിന്ന് പ്രശ്‌നക്കാരനായ വിദ്യാര്‍ഥി ജനിക്കുന്നു, പിന്നീട് അവര്‍ മൈല്‍ഡ് അബ്യൂസറായി മാറും. തുടര്‍ന്ന് മോഡറേറ്റ് അബ്യൂസര്‍, സിവിയര്‍ അബ്യൂസര്‍ എന്നീ നിലകളിലെത്തും, ഒടുവില്‍ ക്രിമിനല്‍ സ്റ്റേജിലെത്തി മയക്കുമരുന്ന് കച്ചവടക്കാരായി മാറുന്നു.

യഥാര്‍ത്ഥത്തില്‍ മയക്കുമരുന്നിന്റെ കാരിയര്‍മാരായി വിദ്യാര്‍ഥികളെ വില്‍പ്പനക്കാര്‍ ഉപയോഗിക്കുകയാണ് ചെയ്യുക. കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്ത രണ്ട് കേസുകളില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ച്ചയായി മയക്കുമരുന്ന് നല്‍കി അവരെ പിന്നീട് വില്‍പ്പനക്കാരാക്കി മാറ്റുകയായിരുന്നു. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് നല്‍കാന്‍ ഉപയോഗിച്ചതാവട്ടെ പ്ലസ് ടു വിദ്യാര്‍ഥികളെയും.

മുമ്പ്, 15-20 പ്രായപരിധിയിലുള്ളവരായിരുന്നു ലഹരിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ കീഴിലുള്ള കൗണ്‍സിലിങ്ങ് സെന്ററുകളില്‍ കൂടുതലായും വന്നിരുന്നത് എങ്കില്‍, ഇപ്പോള്‍ അതിനെക്കാള്‍ ഒരു ശതമാനമെങ്കിലും 10-15 വയസുകാര്‍ എത്തുന്നുണ്ട്. അപൂര്‍വ്വമായി പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികളും ഇത്തരം സെന്ററുകളിലെത്തുന്നുണ്ട്.

വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗ കേസുകളെ പൊതുവായി പരിശോധിച്ചാല്‍ ആണ്‍കുട്ടികള്‍ ഉള്‍പ്പെട്ട കേസുകള്‍ തന്നെയാണ് കൂടുതലും. നിലവില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ട കേസുകള്‍ കൂടുതലുള്ളത്‌കൊച്ചിയിലാണ്. ലഹരി കേസുകളില്‍ ഉള്‍പ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ധനവ് വന്നിട്ടുള്ളതായും കാണാം.

സാമ്പത്തിക പശ്ചാത്തലവും വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്ന ലഹരിയുടെ സ്വഭാവവും തമ്മില്‍ വലിയ ബന്ധമുണ്ട്. ഇടത്തരം കുടുംബങ്ങളില്‍ നിന്നെത്തി, സ്‌കൂളിലോ കോളേജിലോ പഠിക്കുന്ന കുട്ടികള്‍ ഒരു ചെറിയ പാക്കറ്റ് കൂളോ അല്ലെങ്കില്‍ കഞ്ചാവോ, ഒന്നോ രണ്ടോ ബോട്ടില്‍ മദ്യമോ വാങ്ങി ഷെയര്‍ ചെയ്ത് ഉപയോഗിക്കുമ്പോള്‍ അത്യാവശ്യം നല്ല സാമ്പത്തിക പിന്‍ബലമുള്ള കുടുംബങ്ങളില്‍ നിന്ന് വരുന്ന കുട്ടികള്‍ പുതിയ തലമുറയില്‍പെട്ട മയക്ക് മരുന്നുകളാണ് പണം കൊടുത്ത് വാങ്ങിക്കുന്നത്.

എന്നാല്‍ തീരെ സാമ്പത്തിക ശേഷി ഇല്ലാത്ത സാമൂഹിക ചുറ്റുപാടില്‍ നിന്നും വരുന്ന കുട്ടികള്‍ക്ക് പണം വാഗ്ദാനം ചെയ്തു കച്ചവടത്തിനായും ഉപയോഗിക്കുന്നുണ്ട്. ഒരു ഗ്രാം എംഡിഎംഎ വില്‍പ്പന നടത്തിയാല്‍ തന്നെ ആയിരങ്ങള്‍ വരുമാനമായി കിട്ടും എന്നിരിക്കെ തീരെ സാമ്പത്തിക ശേഷിയില്ലാത്ത കുട്ടികള്‍ തങ്ങളുടെ സാമൂഹിക സാഹചര്യം കൊണ്ട് അറിഞ്ഞോ അറിയാതെയോ ലഹരി വില്‍പ്പനക്കാരായി മാറുന്നു.

കോവിഡ് സമയത്ത് കുട്ടികളുടെ സാമൂഹിക വിനിമയങ്ങള്‍ വളരെ കുറഞ്ഞെങ്കിലും ഡിജിറ്റല്‍ ഇടപെടലുകള്‍ കൂടി. മൊബൈല്‍ഫോണും ടാബും ഉപയോഗിച്ച് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുത്ത കുട്ടികളില്‍ പലരും പത്ത് മുതല്‍ പന്ത്രണ്ടും അതിലധികവും മണിക്കൂറുകള്‍ ഡിജിറ്റല്‍ സ്‌പെയ്‌സില്‍ ചെലവഴിക്കാന്‍ തുടങ്ങി.

ഡാര്‍ക്ക് വെബുകളിലും മറ്റും ലഹരിവസ്തുക്കളുടെ ലഭ്യത ചികയാനും നൂതനവും സങ്കീര്‍ണവുമായ ഡിജിറ്റല്‍ വേര്‍ഷനുകള്‍ കണ്ടെത്താനുമുള്ള അവസരമായി ചില കുട്ടികളെങ്കിലും കോവിഡ് കാലത്തെ മാറ്റിയെടുത്തു എന്നത് കോവിഡ് കാലത്ത് വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ച ലഹരി ഉപയോഗം സൂചിപ്പിക്കുന്നു. ലഹരി വസ്തുക്കളുമായി പരിചയപ്പെടാന്‍ ഇന്‍സ്റ്റഗ്രാം പോലുള്ള സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളെ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് കണ്ണൂരില്‍ ലഹരി പ്രശ്‌നത്തിലകപ്പെട്ട പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ തെളിയിക്കുന്നതാണ്.

ലഹരി ഉപയോഗം, ലഹരി കടത്ത് എന്നിവയില്‍ അറസ്റ്റിലാവുന്ന നാലില്‍ ഒരാള്‍ 20 വയസ്സില്‍ താഴെയുള്ള കുട്ടിയാണെന്ന് എക്‌സൈസ് വിലയിരുത്തുന്നത് 2020 ലാണ്. ലഹരി ഉപയോഗിക്കുകയും കേസില്‍ ഉള്‍പ്പെടുകയും ചെയ്യുന്ന കൗമാരക്കാരുടെ കണക്കുകള്‍ വ്യക്തമാക്കുന്ന സര്‍വേ റിപ്പോര്‍ട്ട് 2023 ജനുവരിയില്‍ എക്‌സൈസ് വകുപ്പ് പുറത്തിറക്കിയിരുന്നു.

കൗമാരക്കാരില്‍ ഭൂരിപക്ഷവും ആദ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നത് 10-15 വയസ്സിനിടെയാണെന്നാണ് സര്‍വേ പറയുന്നത്. കൗമാരക്കാര്‍ കൂടുതലായി ഉപയോഗിക്കുന്ന ലഹരി വസ്തു കഞ്ചാവാണെന്നും സര്‍വേയില്‍ കണ്ടെത്തലുണ്ട്. പുകവലിയില്‍ നിന്നാണ് കഞ്ചാവിലേക്ക് എത്തുന്നത്. എന്താണെന്ന് അറിയാനാണ് ഭൂരിപക്ഷവും ലഹരി ഉപയോഗിച്ച് തുടങ്ങുന്നത്. സര്‍വേയില്‍ പങ്കെടുത്ത 79 ശതമാനം പേര്‍ക്കും സുഹൃത്തുക്കളില്‍ നിന്നാണ് ആദ്യമായി ലഹരി ലഭിച്ചത്. പുകവലിക്കുന്ന രീതിയിലാണ് ഭൂരിപക്ഷം ലഹരി ഉപയോഗിക്കുന്നത്. കൂടുതല്‍പ്പേരും സുഹൃത്തുക്കള്‍ക്കൊപ്പമാണ് ലഹരി ഉപയോഗിക്കുന്നതെന്നും സര്‍വേയില്‍ കണ്ടെത്തലുണ്ട്.

മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ടവരും വിമുക്തിയുടെ ഡീ അഡിക്ഷന്‍ കേന്ദ്രങ്ങളിലും കൗണ്‍സിലിംഗ് കേന്ദ്രങ്ങളിലും ചികിത്സയ്ക്കായി എത്തിയവരുമായ 600 പേരിലാണ് പഠനം നടത്തിയത്. എല്ലാവരും 19 വയസില്‍ താഴെയുള്ളവരാണ്. 155 പേര്‍ കുറ്റാരോപിതരാണ്. എക്‌സൈസിലെ സോഷ്യോളജിസ്റ്റ് വിനു വിജയന്‍, സൈക്കോളജിസ്റ്റ് റീജാ രാജന്‍ എന്നിവരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

സര്‍വ്വെയിലെ പ്രധാന കണ്ടെത്തലുകള്‍

1. സര്‍വ്വെയില്‍ പങ്കെടുത്ത ലഹരിയുമായി സംബന്ധിച്ച കേസുകളില്‍ ഉള്‍പ്പെട്ട വ്യക്തികളില്‍ നിന്നും, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കൗണ്‍സെലിംഗ്, ചികിത്സ എന്നിവയ്ക്ക് വിധേയരായ വ്യക്തികളില്‍ 97% പേര്‍ ഒരു തവണയെങ്കിലും ലഹരിവസ്തുക്കള്‍ ഉപയോഗിച്ചവരാണ്.

2. ലഹരി ഉപയോഗങ്ങളില്‍ 82% പേരും രേഖപ്പെടുത്തിയിരിക്കുന്ന പ്രധാന ലഹരി പദാര്‍ത്ഥം കഞ്ചാവാണ്. 75.66% പുകവലിയും 64.66% മദ്യവും 25.5% ലഹരി ഗുളികകളും ഉപയോഗിച്ചവരുമാണ്. നിലവില്‍ 77.16% പേരും പുകവലി ഉള്ളവരാണ്. മദ്യം ഉപയോഗിക്കുന്ന 69.5%പേരും കഞ്ചാവ് ഉപയോഗിക്കുന്ന 63.5% പേരുമുണ്ട്.

3. ലഹരി എന്താണെന്ന് അറിയാനാണ് ഭൂരിപക്ഷം പേരും ലഹരി ഉപയോഗിച്ച് തുടങ്ങിയത്, 78% പേര്‍. സ്വാധീനം മൂലം 72%വും സന്തോഷം ലഭിക്കുമെന്ന പ്രതീക്ഷയില്‍ 51.5% പേരും ലഹരി ഉപയോഗിച്ചു തുടങ്ങിയെന്നും കണ്ടെത്തി.

4. ആദ്യം ഉപയോഗിച്ച ലഹരി ഏത് എന്നായിരുന്നു ഒരു ചോദ്യം. 78.1% പേരും പുകവലിയിലൂടെയാണ് ലഹരിയിലേക്ക് എത്തിയത്. ആദ്യലഹരിയായി മദ്യം ഉപയോഗിച്ചവര്‍ 36.66% വും കഞ്ചാവ് ഉപയോഗിച്ചവര്‍ 16.33%വുമാണ്.

5. 79% വ്യക്തികള്‍ക്കും സുഹൃത്തുക്കളില്‍ നിന്നാണ് ആദ്യമായി ലഹരി പദാര്‍ത്ഥം ലഭിക്കുന്നത്. കുടുംബാംഗങ്ങളില്‍ നിന്ന് ലഹരി ആദ്യമായി ലഭിച്ചവര്‍ 5% വുമാണ്. സര്‍വേയുടെ ഭാഗമായവരില്‍ 38.16% പേര്‍ ലഹരി വസ്തുക്കള്‍ കൂട്ടുകാര്‍ക്ക് കൈമാറിയിട്ടുള്ളവരാണ്.

6. 70% വും പത്തിനും പതിനഞ്ചിനും ഇടയിലുള്ള പ്രായത്തിലാണ് ലഹരി ആദ്യമായി ലഹരി ഉപയോഗിച്ചത്. 15നും 19നും ഇടയില്‍ ലഹരി ഉപയോഗം തുടങ്ങിയവര്‍ 20% വുമാണ്. പത്തുവയസിന് താഴെയുള്ള പ്രായത്തിലാണ് 9% ലഹരി ഉപയോഗം ആരംഭിച്ചത്.

7. 46% വ്യക്തികളും ലഹരി പദാര്‍ത്ഥങ്ങള്‍ ഒരു ദിവസം ഒന്നില്‍ കൂടുതല്‍ തവണ ഉപയോഗിക്കുന്നവരാണ്.

8. ലഹരി ഉപയോഗിക്കുന്ന സന്ദര്‍ഭങ്ങള്‍ ചോദിച്ചപ്പോള്‍, മഹാഭൂരിപക്ഷവും അഭിപ്രായപ്പെട്ടത് കൂട്ടുകാരോടൊപ്പമാണെന്നാണ്. 80% വും കൂട്ടുകാരോടൊപ്പമാണ് ലഹരി ഉപയോഗം. ഒറ്റയ്ക്ക് 20% പേര്‍ ലഹരി ഉപയോഗിക്കുന്നു. മാനസിക സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ലഹരി ഉപയോഗിക്കുന്ന 35.16% പേരുമുണ്ട്. അതേപോലെ, 46% പേരും ദിവസത്തില്‍ ഒന്നില്‍ കൂടുതല്‍ തവണ ലഹരി ഉപയോഗിക്കുന്നവരാണ്.

9. 94.16 % വ്യക്തികളും പുകവലിക്കുന്ന രീതിയിലാണ് ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത്.

10. 77.16 % വ്യക്തികളും നിലവില്‍ പുകയില വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്.

11. ലഹരി ഉപയോഗിക്കുന്നവരില്‍ 61.5%ത്തിനും വായ് വരണ്ടുപോകുന്ന രോഗാവസ്ഥയുണ്ട്. ക്ഷീണം 52% ശതമാനത്തിനുമുണ്ട്. ഉറക്കം സംബന്ധിക്കുന്ന പ്രശ്‌നമുള്ളവരാണ് 38.6% പേരും. അക്രമ സ്വഭാവമുള്ള 37%വും ഡിപ്രഷനുള്ള 8.8%വും ഓര്‍മ്മ പ്രശ്‌നമുള്ള 8.6%വും ആളുകളുണ്ട്.

12. കേസുകളില്‍ ഉള്‍പ്പെട്ടിട്ടുളള (37.3 %) വ്യക്തികളില്‍ 4.83 % പേര്‍മാത്രമാണ് രണ്ടില്‍ കൂടുതല്‍ തവണ ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുളളത്.

13. വീണ്ടും ലഹരി ഉപയോഗിക്കാനും ലഹരിക്കടത്തിനും തയ്യാറാകാനുള്ള കാരണം ലഹരിയോടുള്ള ആസക്തി കൊണ്ടാണെന്ന് 16.66% അഭിപ്രായപ്പെട്ടു. സാമ്പത്തിക പ്രശ്‌നങ്ങളാണ് പിന്നിലെന്ന് അഭിപ്രായപ്പെട്ടവരാണ് 11.16%.

14. ലഹരി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരില്‍ 39.83%ത്തിനും ചെയ്ത കാര്യത്തില്‍ പശ്ചാത്താപമുണ്ട്. 9.6%ത്തിന് ഇപ്പോളും പശ്ചാത്തപമില്ല.

15. കുറ്റാരോപിതരില്‍ 38.16 % പേര്‍ ലഹരി ഉപയോഗത്തിന് തന്റെ സുഹൃത്തുക്കളെകൂടി പ്രലോഭിപ്പിച്ചിട്ടുളളവരാണ്.

16. കുറ്റാരോപിതരില്‍ 41.5% പേര്‍ കൗണ്‍സിലിംഗിന് വിധേയരായിട്ടുളളവരാണ്.

17. കുറ്റാരോപിതരില്‍ 30.78% പേര്‍ ചികിത്സക്ക് വിധേയരായിട്ടുളളവരാണ്.

18. ലഹരി മുക്തചികിത്സയിലൂടെ രോഗമുക്തി നേടിയവരില്‍ 32% പേര്‍ വിമുക്തി മിഷന്റ വിവിധ പരിപാടികളില്‍ പങ്കെടുക്കണമെന്നും അവരുടെ സുഹൃത്തുക്കളെക്കൂടി കൗണ്‍സെലിംഗിനും ചികിത്സക്കും വിധേയരാക്കുവാനും താല്‍പ്പര്യം പ്രകടിപ്പിച്ചവരാണ്.

19. ലഹരി മുക്തചികിത്സയിലൂടെ രോഗമുക്തി നേടിയവരില്‍ 87.33% പേര്‍ ലഹരി ഉപയോഗം കുറയ്ക്കുന്നതില്‍ കൗണ്‍സെലിംഗ് ഏറ്റവും പ്രധാനപ്പെട്ട ഘടകമായി സൂചിപ്പിക്കുന്നു.

2021 നുശേഷം, സാധാരണ രീതിയിലുള്ള ലഹരി കേസുകള്‍ കുറയുകയും മോഡറേറ്റ്- സിവിയര്‍ ലെവലിലുള്ള കേസുകള്‍ കൂടുകയും ചെയ്യുന്നുണ്ട്. രക്ഷിതാക്കള്‍ക്കോ അധ്യാപകര്‍ക്കോ കുട്ടികളുടെ ലഹരി ഉപയോഗം തുടക്കത്തില്‍ കണ്ടെത്താന്‍ കഴിയുന്നില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

തുടക്കകാരുടെ ഉപയോഗരീതിയില്‍ വന്ന മാറ്റമാണ് മറ്റൊരു കാര്യം. മദ്യം, പുകയില, കഞ്ചാവ് പോലുള്ള ലഹരികളായിരുന്നു മുന്‍കാലങ്ങളില്‍ തുടക്കക്കാര്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ മണം കിട്ടാത്ത, തിരിച്ചറിയാന്‍ കഴിയാത്ത കൂള്‍, എല്‍എസ്ഡി, എംഡിഎംഐ, എക്റ്റസീവ് സ്റ്റാമ്പുകള്‍ തുടങ്ങിയ ന്യൂ ജെനെറേഷന്‍ ലഹരികളാണ് ഉപയോഗിക്കുന്നത്. ഇതുമൂലമുള്ള ക്ഷീണവും ഉറക്കവും രക്ഷിതാക്കളും അധ്യാപകരും പഠനപ്രശ്‌നങ്ങളായി കാണുകയും ചെയ്യും.

ഉപയോഗം തുടങ്ങി കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം ഭീകരമായ അഡിക്ഷനായ അവസ്ഥയിലോ, സാധനം വാങ്ങാന്‍ പണം കിട്ടാതെ വരുമ്പോഴോ ഒക്കെയാണ് കുട്ടികള്‍ അക്രമാസക്തരായി മാറുന്നത്. അതായത് അഡിക്ഷന്‍ കൂടിക്കൂടി നിയന്ത്രണാതീതമായ ശേഷം ആക്രമണ സ്വാഭാവം പ്രകടിപ്പിക്കാന്‍ തുടങ്ങുമ്പോഴാണ് വീട്ടുകാര്‍ അറിയുക.

2022 ല്‍ എന്‍ഡിപിഎസ് ആക്ടിലെ സെക്ഷന്‍ 64A പ്രകാരം പുതുതായി കൊണ്ടുവന്ന സര്‍ക്കുലര്‍ അനുസരിച്ച്, ചെറിയ അളവ് മയക്കുമരുന്നുമായി 25 വയസ്സില്‍ താഴെയുള്ള ഒരാളെ അറസ്റ്റ് ചെയ്താല്‍ അയാളൊരു ഡ്രഗ് അഡിക്റ്റാണ് എന്ന് ബോധ്യപ്പെടുകയാണെങ്കിലും അയാള്‍ക്കും കുടുംബത്തിനും ഡി അഡിക്ഷന്‍ ചികിത്സയ്ക്ക് സമ്മതമാണെങ്കിലും കേസിന്റെ തുടര്‍ നടപടി നിര്‍ത്തിവെച്ച് ആ വ്യക്തിയെ ചികിത്സയ്ക്ക് അയക്കും. അയാള്‍ കൃത്യമായി ചികിത്സ പൂര്‍ത്തിയാക്കി അഡിക്ഷനില്‍നിന്ന് പുറത്തുകടന്നാല്‍ തുടര്‍ന്നുള്ള കേസ് സംബന്ധമായ വ്യവഹാരങ്ങളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യും.

FAQs

എന്താണ് ലഹരിവസ്തുക്കൾ?

മനുഷ്യന്റെ ബോധ മണ്ഡലത്തിൽക്കടന്നു മയക്കമോ ഉത്തേജനമോ സൃഷ്ട്ടിക്കുവാൻ കഴിവുള്ള രാസവസ്തുക്കളെ ലഹരിവസ്തുക്കൾ എന്ന് പറയുന്നു.

എന്താണ് കൗൺസലിംഗ്?

സ്വന്തം പ്രശ്നങ്ങൾ സമചിത്തതയോടെ സ്വയം പരിഹരിക്കുവാൻ ഒരു വ്യക്തിയെ മാനസികമായി തയ്യാറാക്കുന്ന പ്രക്രിയയാണ് കൗൺസലിംഗ്. മതിയായ പരിശീലനം സിദ്ധിച്ച ഒരു കൗൺസിലറും സംഘർഷങ്ങൾ അനുഭവിക്കുന്ന വ്യക്തിയും പരസ്പരം പങ്കുവെയ്ക്കലിലൂടെ പ്രശ്നപരിഹാരം കണ്ടെത്തുന്ന രീതിയാണിത്.

ആരാണ് ഋഷിരാജ് സിംഗ്?

കേരളാ കേഡറിൽ ജോലിചെയ്തിരുന്ന ഒരു ഇന്ത്യൻ ഐ‌പിഎസ് ഉദ്യോഗസ്ഥനാണ് ഋഷിരാജ് സിങ്. ജയിൽ വകുപ്പ് മേധാവിയായിരുന്ന അദ്ദേഹം 2021 ജൂലൈ 31 ന് സർവീസിൽ നിന്ന് വിരമിച്ചു.

Quotes

“ഏഴു തവണ വീഴുക, എട്ട് തവണ എഴുന്നേൽക്കുക- ജാപ്പനീസ് പഴഞ്ചൊല്ല്.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.