Thu. Sep 19th, 2024

 

മുംബൈ: അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരിക്രമക്കേടുമായി ബന്ധപ്പെട്ട് സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിനുനേരേ ഗുരുതര ആരോപണവുമായി അമേരിക്കന്‍ ഷോര്‍ട്ട് സെല്ലിങ് കമ്പനിയായ ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ച്.

അദാനി ഗ്രൂപ്പ് കമ്പനികളില്‍ വിദേശത്തുനിന്ന് വന്‍തോതിലുള്ള നിക്ഷേപത്തിന് ഉപയോഗിച്ച വിദേശ നിക്ഷേപക സ്ഥാപനങ്ങളില്‍ മാധബി പുരി ബുച്ചിനും ഭര്‍ത്താവ് ധവാല്‍ ബുച്ചിനും നിക്ഷേപമുണ്ടായിരുന്നുവെന്നാണ് ആരോപണം. ഇവര്‍ക്ക് നിക്ഷേപമുണ്ടായിരുന്നതിന്റെ തെളിവായി വിസില്‍ബ്ലോവര്‍ രേഖകളും പുറത്തുവിട്ടു.

2023 ജനുവരി 24ന് ഗ്രൂപ്പിനുനേരേ ഉന്നയിച്ച ആരോപണങ്ങള്‍ അദാനി നിഷേധിച്ചിരുന്നു. അന്വേഷണം നടത്തുന്നതിനുപകരം ഹിന്‍ഡെന്‍ബെര്‍ഗിനുനേരേ സെബി നോട്ടീസ് അയക്കുകയായിരുന്നു. ബെര്‍മുഡയിലും മൗറീഷ്യസിലും പ്രവര്‍ത്തിക്കുന്ന ഫണ്ട് കമ്പനികളിലാണ് ബുച്ചിനും ഭര്‍ത്താവിനും ഓഹരികളുള്ളതായി വ്യക്തമായത്.

ഈ ഫണ്ടുകളിലൂടെയാണ് ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി ഗ്രൂപ്പ് കമ്പനികളിലേക്ക് നിക്ഷേപം നടത്തിയിട്ടുള്ളതെന്നും ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ച് പറയുന്നു. 2015 ജൂണ്‍ അഞ്ചിനാണ് സിങ്കപ്പൂരില്‍ ഐപിഇ പ്ലസ് ഫണ്ട് ഒന്നില്‍ ബുച്ചും ഭര്‍ത്താവും അക്കൗണ്ട് തുറക്കുന്നതെന്ന് വിസില്‍ ബ്ലോവര്‍ രേഖകളില്‍ പറയുന്നു.

ഐഐഎഫ്എല്‍ പ്രിന്‍സിപ്പല്‍ അരുണ്‍ ചോപ്രയാണ് ഈ രേഖകളില്‍ ഒപ്പിട്ടിട്ടുള്ളത്. പണത്തിന്റെ സ്രോതസ്സായി കാണിച്ചിട്ടുള്ളത് ശമ്പളമാണ്. ഇരുവരുടെയും ആസ്തിയായി ഏകദേശം ഒരു കോടി ഡോളറാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

2017 ഏപ്രിലിലാണ് ബുച്ചിനെ സെബിയുടെ മുഴുവന്‍സമയ ഡയറക്ടറായി നിയമിക്കുന്നത്. ഇതിന് ഏതാനും ആഴ്ചമുന്‍പ് ഫണ്ട് കൈകാര്യം ചെയ്തിരുന്ന ജോയിന്റ് അക്കൗണ്ട് ധവാല്‍ ബുച്ചിന്റെ പേരിലേക്കു മാറ്റുന്നതിനായി മൗറീഷ്യസ് ഫണ്ട് അഡ്മിനിസ്ട്രേറ്ററായ ട്രൈഡന്റ് ട്രസ്റ്റിന് അയച്ച ഇ-മെയിലിന്റെ പകര്‍പ്പും പുറത്തുവിട്ടിട്ടുണ്ട്.

2022-ല്‍ സെബിയുടെ മുഴുവന്‍സമയ ഡയറക്ടറായി തുടര്‍ന്ന കാലയളവില്‍ മാധബി പുരി ബുച്ച് ഈ ഫണ്ടുകളില്‍ താത്പര്യം പുലര്‍ത്തിയിരുന്നുവെന്നുള്‍പ്പെടെ ഹിന്‍ഡെന്‍ബര്‍ഗ് ആരോപിക്കുന്നു.

അതേസമയം, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തങ്ങളുടെ പണമിടപാടുകള്‍ തുറന്ന പുസ്തകമാണെന്നും മാധബിയും ഭര്‍ത്താവും പറഞ്ഞു. കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതിന് ഹിന്‍ഡന്‍ബര്‍ഗ് പകവീട്ടുകയാണെന്നും അവര്‍ ആരോപിച്ചു.

സെബിയിലേക്ക് എത്തുന്നതിന് മുമ്പ് സാധാരണ പൗരന്‍മാരായി ഇരുന്ന സമയത്ത് തങ്ങള്‍ നടത്തിയ ഏത് ഇടപാടിന്റെ രേഖകളും പുറത്ത് വിടാന്‍ തയാറാണ്. പൂര്‍ണമായും സുതാര്യത ഉറപ്പാക്കാനാണ് ഇപ്പോള്‍ വിശദമായ പ്രസ്താവന പുറത്തിറക്കുന്നതെന്നും അവര്‍ പറഞ്ഞു.