Sun. Dec 22nd, 2024

സേലം: ദുരഭിമാനക്കൊല കുറ്റമല്ലെന്നും മക്കളോട് മാതാപിതാക്കള്‍ക്കുള്ള കരുതലാണെന്നുമുള്ള വിവാദ പ്രസ്താവന നടത്തി നടനും സംവിധായകനുമായ രഞ്ജിത്ത്. ജാതീയമായ ദുരഭിമാനക്കൊല അക്രമമായി കാണേണ്ടതില്ലെന്നും രഞ്ജിത്ത് പറഞ്ഞു. 

‘കവുണ്ടംപാളയം’ എന്ന പുതിയ ചിത്രത്തിൻ്റെ റിലീസിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു രഞ്ജിത്തിൻ്റെ വിവാദ പരാമർശം. ദുരഭിമാനക്കൊലയെക്കുറിച്ചുളള ഒരു മാധ്യമപ്രവര്‍ത്തകൻ്റെ ചോദ്യത്തിന് മറുപടിയായാണ് രഞ്ജിത്ത് ഇപ്രകാരം പറഞ്ഞത്. 

‘മക്കള്‍ കൈവിട്ടുപോകുന്നതിൻ്റെ വേദന മാതാപിതാക്കള്‍ക്ക് മാത്രമേ മനസിലാകൂ. ഒരു ബൈക്ക് മോഷണം പോയാല്‍ നമ്മള്‍ അന്വേഷിക്കില്ലേ. അതുപോലെ, കുട്ടികള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെയ്ക്കുന്ന മാതാപിതാക്കള്‍ അവരുടെ ദേഷ്യം പ്രകടിപ്പിക്കും. അത് അക്രമമല്ല. മക്കളോടുളള കരുതല്‍ മാത്രമാണ്’, രഞ്ജിത്ത് പറഞ്ഞു.

നടൻ്റെ പരാമർശം വിവാദമായതോടെ വ്യക്തികളും സംഘടനകളുമടക്കം പ്രസ്താവനയെ അപലപിച്ചുകൊണ്ട് രം​ഗത്തെത്തി. ദുരഭിമാനക്കൊല തടയുന്നതിനായി പുതിയ നിയമം പ്രാബല്യത്തിൽ കൊണ്ടുവരാന്‍ നിരന്തരമായുളള ശ്രമങ്ങൾ നടത്തുന്നതിനിടെ ഇപ്രകാരമുളള പരാമർശങ്ങൾ സമൂഹത്തിൽ പേരുളള താങ്കളെ പോലുളളവരിൽനിന്ന് ഉയർന്നുവരുന്നതിനോട് യോജിക്കാനാവില്ലെന്നും ചിലർ സോഷ്യൽ മീഡിയയിൽ കുറിച്ചു.