തലശ്ശേരി: കാര്‍ ടി സെല്‍ തെറാപ്പി വിജയകരമായി പൂര്‍ത്തീകരിച്ച് മലബാര്‍ ക്യാന്‍സര്‍ സെൻ്റര്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് ആന്റ് റീസര്‍ച്ച്.
അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ ബാധിച്ച 19 വയസുകാരനിൽ നടത്തിയ കാര്‍ ടി സെല്‍ തെറാപ്പിയാണ് വിജയം കണ്ടത്. മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റലിന് ശേഷം ഈ അതിനൂതന ചികിത്സ സര്‍ക്കാര്‍ തലത്തില്‍ നടത്തുന്ന രണ്ടാമത്തെ സെൻ്ററാണ് എംസിസി. ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള എംസിസിയിലെ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു.
ഡോ. ചന്ദ്രന്‍ കെ. നായര്‍, ഡോ. അഭിലാഷ്, ഡോ. പ്രവീണ്‍ ഷേണായി, ഡോ. ഷോയിബ് നവാസ്, ഡോ. മോഹന്‍ദാസ്, ഡോ. അഞ്ജു കുറുപ്പ്, ഷിബിന്‍, സിന്ധു, നഴ്‌സുമാര്‍ എന്നിവരടങ്ങിയ സംഘമാണ് തെറാപ്പി നടത്തിയത്.
ഇന്ത്യയില്‍ അംഗീകരിക്കപ്പെട്ട ഏക കാര്‍ ടി സെല്‍ കമ്പനി ആയ ഇമ്മ്യൂണോ ആക്ട് വഴിയാണ് കാര്‍ ടി സെല്‍ ഉൽപാദിപ്പിച്ചത്. സാധാരണ നിലയില്‍ 50 ലക്ഷത്തോളം രൂപ വരുന്ന ജനിതക പരിഷ്‌കരണമാണ് ‘പേഷ്യൻ്റ് അസിസ്റ്റന്‍സ് പ്രോഗ്രം’ വഴി 30 ലക്ഷം രൂപക്ക് ലഭ്യമാക്കിയത്. ഇത്തരം അത്യാധുനിക ചികിത്സകള്‍ സാധാരണക്കാര്‍ക്കു കൂടി ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ട്യൂമറിനെതിരായ ഏറ്റവും നിശ്ചിതമായ ടാര്‍ഗെറ്റ്ഡ് തെറാപ്പികളില്‍ ഒന്നാണിത്. പരമ്പരാഗത കീമോതെറാപ്പിയിൽ നിന്ന് വ്യത്യസ്തമായി ഒറ്റത്തവണ ചികിത്സയാണ് കാര്‍ ടി സെല്‍ തെറാപ്പി. പരമ്പരാഗത കാന്‍സര്‍ ചികിത്സകളെ അപേക്ഷിച്ച് കാര്‍ ടി സെല്‍ തെറാപ്പിക്ക് പാര്‍ശ്വഫലങ്ങള്‍ കുറവായിരിക്കും.