Fri. Nov 22nd, 2024

 

വിനേഷിന്റെ പാരീസിലെയ്ക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. മാസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയിലെ സമരപന്തലില്‍ ഇന്ത്യയുടെ അഭിമാനമായ ഗുസ്തി താരങ്ങള്‍ നയിച്ച സമരം അത്ര പെട്ടെന്നൊന്നും മറക്കാന്‍ സാധിക്കില്ല

പാരീസ് ഒളിമ്പിക്‌സില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന വിനേഷ് ഫോഗട്ട് അയോഗ്യയായെന്ന വാര്‍ത്ത ഒട്ടുമിക്ക ഇന്ത്യക്കാരെയും നിരാശയാക്കിയിരിക്കുകയാണ്. 50 കിലോഗ്രാം ഫ്രീസ്‌റ്റൈലില്‍ മല്‍സരിക്കുന്ന വിനേഷിന് വെല്ലുവിളിയായത് സ്വന്തം ഭാരമാണ്.

മല്‍സര യോഗ്യതയില്‍ പറയുന്നതിനേക്കാള്‍ 100 ഗ്രാം ഭാരം വിനേഷിന് കൂടുതലുണ്ടെന്നാണ് റിപ്പോര്‍ട്ട്. മത്സര നിയമങ്ങള്‍ പറയുന്നത് ഇങ്ങനെ വന്നാല്‍ ഫോഗട്ടിന് ഒരു മെഡലിന് പോലും യോഗ്യതയുണ്ടാവില്ലെന്നാണ്.

മൂന്നാം ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ഫോഗട്ട്, ബുധനാഴ്ച രാത്രി പതിനൊന്നരയ്ക്ക് നടക്കേണ്ട ഫൈനലില്‍ അമേരിക്കയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായാണ് ഏറ്റുമുട്ടേണ്ടിയിരുന്നത്. ചൊവ്വാഴ്ചത്തെ മത്സര സമയത്ത് ഫോഗട്ടിന് അനുവദിക്കപ്പെട്ട ഭാരമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ചട്ടം അനുസരിച്ച്, മത്സരത്തിന്റെ രണ്ടാം ദിവസവും ഗുസ്തിക്കാര്‍ അവരുടെ അതേ ഭാരത്തില്‍ തന്നെ തുടരണം. ഇതാണ് ഫോഗട്ടിന് തിരിച്ചടിയായത്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ വിനേഷ് ഫോഗട്ടിന്റെ വിജയം കേന്ദ്ര സർക്കാരിനും അധികാരവ്യവസ്ഥയ്ക്കും എതിരായ നേട്ടമായി വ്യാഖ്യാനിച്ച് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിന്റെ പുറത്താകൽ.

വിനേഷ് ഫോഗട്ട് Screengrab, Copyright: The Hindu

ഒളിമ്പിക്സ് ഗുസ്തി ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രനേട്ടത്തില്‍ നില്‍ക്കെയാണ് ഫോഗട്ടിന് അയോഗ്യത നേരിടേണ്ടിവന്നിരിക്കുന്നത്. സാധാരണയായി 53 കിലോഗ്രാം വിഭാഗത്തിലാണ് ഫോഗട്ട് മത്സരിച്ചിരുന്നത്. എന്നാല്‍ പാരീസ് ഒളിമ്പിക്‌സില്‍ അവര്‍ക്ക് 50 കിലോഗ്രാമിലാണ് യോഗ്യത ലഭിച്ചത്.

പ്രീക്വാര്‍ട്ടറില്‍ നിലവിലെ ഒളിമ്പിക് ചാമ്പ്യനും നാലുവട്ടം ലോക ചാമ്പ്യനുമായ ജപ്പാന്റെ യുയി സുസാകിയെ അട്ടിമറിച്ചാണ് പാരീസില്‍ വിനേഷ് പോരാട്ടത്തിന് തുടക്കമിട്ടത്. ക്വാര്‍ട്ടറില്‍ മുന്‍ യൂറോപ്യന്‍ ചാമ്പ്യനായ ഒക്സാന ലിവാച്ചിനെയാണ് കീഴടക്കിയത്. സെമി ഫൈനലില്‍ ക്യൂബയുടെ ഗുസ്മാന്‍ ലോപ്പസ് യുസ്‌നിലിസിനെയും കീഴടക്കി.

മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സാധ്യമായതെല്ലാം ഫോഗട്ട് ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ ഉറങ്ങിയില്ല. ജോഗിംഗ് മുതല്‍ സ്‌കിപ്പിംഗും സൈക്കിളിംഗും വരെ ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ന്യൂഡൽഹിയിലെ ജന്തർ മന്തറിലെ തെരുവുകളിൽ അനീതിക്കെതിരെ പോരാടിയ അതേ വീര്യത്തോടെ വിനേഷ് ഫോഗട്ട് ഒളിംപിക്സ് ഗുസ്തിയിൽ ഫൈനലിലെത്തിയതിനെ കാവ്യനീതിയായി കണ്ടവരുണ്ട്. എന്നാല്‍ 100 ഗ്രാമിന്‍റെ ഭാരത്തില്‍ വിനേഷ് ഫൈനലില്‍ മത്സരിക്കാനാവാതെ പുറത്തായിരിക്കുകയാണ്.

ഒളിമ്പിക്‌സ് ഫൈനല്‍ യോഗ്യത നഷ്ടമായെങ്കിലും വിനേഷ് ഫോഗട്ട് സെമി ഫൈനല്‍ മത്സരത്തിന് ശേഷം ഉയര്‍ത്തിയ കൈകള്‍ ഇന്ത്യയിലെ മറ്റു ഗുസ്തി താരങ്ങള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല. അതിനുപിന്നില്‍ വലിയൊരു പോരാട്ടത്തിന്റെ കഥയുണ്ട്. മോദി സര്‍ക്കാരിനും ഗുസ്തി ഫെഡറേഷനും വിനേഷ് നല്‍കിയ ശക്തമായ മറുപടിയായിരുന്നു ഒളിമ്പിക്‌സ് ഫൈനല്‍ പ്രവേശനം.

വിനേഷിന്റെ പാരീസിലെയ്ക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. മാസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയിലെ സമരപന്തലില്‍ ഇന്ത്യയുടെ അഭിമാനമായ ഗുസ്തി താരങ്ങള്‍ നയിച്ച സമരം അത്ര പെട്ടെന്നൊന്നും മറക്കാന്‍ സാധിക്കില്ല. ഉത്തര്‍പ്രദേശില്‍നിന്നുള്ള ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍സിങ്ങിനെതിരേ ലൈംഗിക പീഡനം ഉള്‍പ്പെടെയുള്ള പരാതികളുമായാണ് ലോക ചാമ്പ്യനായിരുന്ന വിനേഷ് ഫോഗട്ടിനൊപ്പം റിയോ ഒളിമ്പിക്സില്‍ വെങ്കലം നേടിയ സാക്ഷി മാലിക്, ടോക്യോ ഒളിമ്പിക്സ് മെഡല്‍ ജേതാവ് ബജ്‌റംഗ് പൂനിയ തുടങ്ങിയവര്‍ തെരുവിലിറങ്ങിയത്.

സമരം ചെയ്യുന്ന വിനേഷ് ഫോഗട്ടിനെ നേരിടുന്ന പോലീസ് Screengrab, Copyright: The Hindu

2012 മുതല്‍ 2022 വരെ വ്യത്യസ്ത സംഭവങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരെ ഉള്‍പ്പെടെ ലൈംഗിക പീഡനം, മാനസിക പീഡനം, ഭീഷണി തുടങ്ങി ഒട്ടേറെ പരാതികള്‍ ഉണ്ടായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരമുള്‍പ്പെടെ ഏഴുപേര്‍ ബ്രിജ് ഭൂഷണെതിരെ പോലീസില്‍ പരാതി നല്‍കിയെങ്കിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ല. ഇതോടെ ബ്രിജ് ഭൂഷണെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹത്തെ ഫെഡറേഷന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം തെരുവിലെത്തി.

2023 ജനുവരി 18നാണ് ആദ്യ സമരം ആരംഭിച്ചത്. മൂന്നുദിവസം നീണ്ട സമരത്തിനൊടുവില്‍ അന്നത്തെ കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായി നടന്ന ചര്‍ച്ചയില്‍, ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് ബ്രിജ് ഭൂഷണിനെ നീക്കം ചെയ്യുമെന്ന് ഉറപ്പുകിട്ടിയതോടെ സമരം അവസാനിപ്പിക്കാന്‍ ഗുസ്തി താരങ്ങള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നും സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്താത്തതിനെ തുടര്‍ന്ന് എപ്രില്‍ 24ന് ജന്തര്‍മന്തിറില്‍ ഗുസ്തി താരങ്ങള്‍ സമരം പുനരാരംഭിച്ചു.

ഗുസ്തി ഫെഡറേഷന്‍ അദ്ധ്യക്ഷനില്‍നിന്നും പരിശീലകരില്‍ നിന്നും നേരിടുന്ന മാനസിക-ശാരീരിക ചൂഷണങ്ങളെക്കുറിച്ച് അധികാര സ്ഥാപനങ്ങളിലെല്ലാം ഗുസ്തി താരങ്ങള്‍ പരാതിപ്പെട്ടിട്ടും ആദ്യഘട്ടത്തില്‍ ആരും ഇടപെട്ടില്ല.

12 വര്‍ഷത്തോളം ദേശീയ ഗുസ്തി ഫെഡറേഷന്‍ അടക്കി ഭരിക്കുകയും ലൈംഗികാരോപണം നേരിടുകയും ചെയ്ത ബ്രിജ് ബുഷനെയും അനുയായികളെയും ഫെഡറേഷനില്‍ നിന്ന് പുറത്താക്കുക എന്നതായിരുന്നു ഗുസ്തി താരങ്ങള്‍ ആദ്യം മുതല്‍ക്കേ ഉന്നയിച്ച ആവശ്യം. എന്നാല്‍, മാസങ്ങള്‍ക്കിപ്പുറം ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റായി ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിന്റെ വിശ്വസ്തനും ബിസ്സിനസ്സ് പങ്കാളിയുമായ സഞ്ജയ് സിംഗ് തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഗുസ്തി താരം സാക്ഷി മാലിക് തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തുന്ന കാഴ്ചയാണ് രാജ്യം കണ്ടത്.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് സാക്ഷി തീരുമാനം രാജ്യത്തോട് വിളിച്ചു പറയുകയും തന്റെ ഷൂസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉപേക്ഷിക്കുകയും ചെയ്തത്. ഇതിന് പിന്നാലെ ഗുസ്തി താരം ബജ് രംഗ് പൂനിയ പ്രധാനമന്ത്രിയുടെ വാസതിക്ക് മുന്നിലെ നടപ്പാതയില്‍ തന്റെ പദ്മശ്രീ പുരസ്‌കാരം വെക്കുകയും താനിത് തിരിച്ചു നല്‍കുകയാണെന്ന് പ്രഖ്യപിക്കുകയും ചെയ്തു. താരങ്ങള്‍ക്ക് പിന്തുണയുമായി മുന്‍ ഗുസ്തി താരം വിരേന്ദര്‍ സിങും പത്മശ്രീ തിരികെ നല്‍കുമെന്ന് അറിയിച്ചു. വിനേഷിന് ലഭിച്ച ഖേല്‍ രത്ന, അര്‍ജുന അവാര്‍ഡുകള്‍ എന്നിവ താരം തിരിച്ചു നല്‍കി.

ബ്രിജ് ഭൂഷൺ ശരൺ സിംഗ് Screengrab, Copyright: India Tv News

ഒട്ടേറെ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും കര്‍ഷകത്തൊഴിലാളി സംഘടനകളും ഹരിയാന ഗ്രാമങ്ങളില്‍ നിന്നുള്ള ഖാപ് പഞ്ചായത്ത് അംഗങ്ങളും സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ജന്തര്‍ മന്തറിലെത്തി. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടന ദിവസവും ഗുസ്തി താരങ്ങളുടെ പ്രതിഷേധമുണ്ടായി. മാര്‍ച്ച് നടത്തിയ താരങ്ങളെ പോലീസ് തടഞ്ഞു. അന്ന് ഡല്‍ഹി പോലീസ് തെരുവിലൂടെ വലിച്ചിഴയ്ക്കുന്ന വിനേഷ് അടക്കമുള്ള താരങ്ങളുടെ ചിത്രം ആരും മറക്കാനിടയില്ല. പിന്നാലെ തങ്ങള്‍ക്ക് ലഭിച്ച മെഡലുകള്‍ ഗംഗയിലൊഴുക്കി പ്രതിഷേധിക്കാന്‍വരെ താരങ്ങള്‍ ഒരുങ്ങിയെങ്കിലും ഖാപ് പഞ്ചായത്ത് അംഗങ്ങള്‍ അനുനയിപ്പിക്കുകയായിരുന്നു.

ഗുസ്തിതാരങ്ങള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനുപകരം നടപടികള്‍ വൈകിപ്പിച്ച് സംഭവത്തെ നിസ്സാരവത്കരിക്കാനാണ് ഭരണകൂടവും പോലീസും ഒരുപോലെ ശ്രമിച്ചത്. ഗുസ്തി താരങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ച ശേഷമാണ് ബ്രിജ് ഭൂഷണെനെതിരെ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറാകുന്നത്. രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളില്‍ ഒന്ന് പോക്സോ നിയമപ്രകാരമുള്ളതാണ്. ജാമ്യമില്ലാ വകുപ്പുപ്രകാരമുള്ള കേസ് രജിസ്റ്റര്‍ ചെയ്തിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമിച്ചില്ല.

പത്തു വര്‍ഷം ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി കുത്തകാധികാരം നേടിയ വ്യക്തിയാണ് ബ്രിജ് ഭൂഷണ്‍ സിങ്. പരാതി നല്‍കിയ പെണ്‍കുട്ടികളുടെ കുടുംബത്തിനും സമരത്തെ പിന്തുണക്കുന്ന താരങ്ങളെയും വധഭീഷണി മുഴക്കി ബ്രിജ് ഭൂഷണ്‍ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നതായി താരങ്ങള്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.

ഉത്തര്‍പ്രദേശിലെ ബിജെപി എംപിയായിരുന്ന ബ്രിജ്ഭൂഷണ്‍ അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കലില്‍ വരെ ജയില്‍ശിക്ഷ അനുഭവിച്ച വ്യക്തിയാണ്. ഗുണ്ടാ സ്വാധീനമുള്ള ബ്രിജ് ഭൂഷണിന് ഉത്തര്‍പ്രദേശില്‍ ഏത് രാഷ്ട്രിയ പാര്‍ട്ടിയില്‍ നിന്നാലും ജയിച്ചുവരാനുള്ള സ്വാധീനമുണ്ട്. കൈസര്‍ഗെഞ്ച് കൂടാതെ സമീപ പ്രദേശങ്ങളായ അഞ്ച് ലോകസഭാ സീറ്റിലും ബ്രിജ് ഭൂഷണിന് വ്യക്തമായ സ്വാധീനമുള്ളതുകൊണ്ട് ബിജെപി അദ്ദേഹത്തെ തള്ളിക്കളഞ്ഞില്ല.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ അപമാനിച്ച ഡല്‍ഹിയിലെ തെരുവില്‍ നിന്നാണ് വിനേഷ് പാരീസ് ഒളിമ്പിക്സ് മെഡലിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. സമരത്തിനിടെ നേരിട്ട ലാത്തികളെയും കാല്‍മുട്ടിനേറ്റ പരിക്കും അതിജീവിച്ചാണ് വിനേഷ് പരീസിലേയ്ക്ക് പറന്നത്. ഗുസ്തി താരങ്ങളുടെ സമരത്തിനിടെ ഏഷ്യന്‍ ഗെയിംസ്, ലോക ചാമ്പ്യന്‍ഷിപ് എന്നിവയുടെ മുന്നൊരുക്കത്തിനായി സ്വീഡനിലേക്ക് പോകാന്‍ വിനേഷിന് അവസരമൊരുങ്ങിയതാണ്. സമരത്തിന്റെ ഗതിയറിയാതെ എവിടേക്കുമില്ലെന്ന് വിനേഷ് വ്യക്തമാക്കി. തെരുവിലെ സമരത്തിനുശേഷം നിയമപോരാട്ടത്തിനായി തയ്യാറെടുത്തു.

അതിനൊക്കെ ഇടയിലാണ് കാല്‍മുട്ടില്‍ പരിക്കിന്റെ രൂപത്തില്‍ വീണ്ടും തിരിച്ചടി കിട്ടിയത്. വീണ്ടും ശസ്ത്രക്രിയ. തളരാതെ പൊരുതി. മത്സരിച്ചുകൊണ്ടിരുന്ന 53 കിലോ വിഭാഗത്തില്‍ ആന്റിം പംഗല്‍ പാരിസ് യോഗ്യത ഉറപ്പാക്കിയതോടെ വിനേഷ് 50 കിലോയിലേക്ക് മാറി. പരിക്കുമൂലം ഏഷ്യന്‍ ഗെയിംസില്‍നിന്ന് പിന്‍മാറി. 2016ല്‍ റിയോ ഒളിമ്പിക്സിനിടെ സംഭവിച്ച അതേ പരിക്ക്.

വെയിന്‍ ലൊംബാര്‍ഡ്എന്ന ദക്ഷിണാഫ്രിക്കന്‍ ഫിസിയോയ്ക്ക് കീഴില്‍ കരുത്തോടെ തിരിച്ചുവന്നു. ബംഗളൂരുവില്‍ പരിശീലനം തുടങ്ങി. 17 മാസത്തിനിടെ രണ്ട് ചാമ്പ്യന്‍ഷിപ്പുകളില്‍ മാത്രമായിരുന്നു മത്സരിച്ചത്. അപ്പോഴും ഒളിമ്പിക്സ് ആയിരുന്നു സ്വപ്നം. 53 കിലോ വിഭാഗത്തില്‍ ഗുസ്തി ഫെഡറേഷന്‍ ട്രയല്‍സ് നടത്തില്ലെന്ന് വിനേഷ് ഭയപ്പെട്ടു. മത്സരിക്കാന്‍ 50, 57 കിലോ വിഭാഗങ്ങളായിരുന്നു ശേഷിച്ചത്. പരിശീലകരും സുഹൃത്തുക്കളും 57 കിലോ നിര്‍ദേശിച്ചെങ്കിലും 2018ല്‍ നേട്ടം നല്‍കിയ 50 കിലോയില്‍ മത്സരിക്കാനായിരുന്നു വിനേഷിന്റെ തീരുമാനം.

ഹരിയാനക്കാരിയായ വിനേഷിന്റെ രക്തത്തില്‍ തന്നെ ഗുസ്തിയുണ്ട്. ഗുസ്തി താരവും പരിശീലകനുമായ മഹാവീര്‍ സിംഗ് ഫോഗട്ട് വിനേഷിന്റെ അമ്മാവനാണ്. മഹാവീറിന്റെ മക്കളായ ഗീത, ബബിത, ഋതു, സംഗീത എന്നിവര്‍ക്കൊപ്പം വളര്‍ന്ന വിനേഷ് കൂട്ടത്തിലെ ഏറ്റവും മിടുക്കിയായിരുന്നു. ഒന്‍പതാം വയസ്സില്‍ പിതാവിനെ നഷ്ടപ്പെട്ട വിനേഷിനെ മഹാവീര്‍ തന്നെയാണ് വളര്‍ത്തിയതും ഗുസ്തിയിലെ അടവുകള്‍ പഠിപ്പിച്ചതും.

സമരം ചെയ്യുന്ന ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പുനിയ, സാക്ഷി മാലിക് Screengrab, Copyright: Reuters

ഗുസ്തി പുരുഷന്റെ കായിക വിനോദമായി കണക്കാക്കുകയും സ്ത്രീകളെ വീട്ടില്‍ ഒതുക്കി നിര്‍ത്തണമെന്നും പറഞ്ഞ ഗ്രാമീണരുടെ എതിര്‍പ്പിനോട് കൂടി വിനേഷിന് പൊരുതേണ്ടി വന്നിട്ടുണ്ട്. അമ്മാവന്‍ നല്‍കിയ ധൈര്യത്തിലും പരിശീലനത്തിലും വിനേഷ് ഗോദകളില്‍ ഗുസ്തിപിടിച്ച് മുന്നേറി.

2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 48 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടിയ വിനേഷ് തന്റെ ആദ്യത്തെ പ്രധാന അന്താരാഷ്ട്ര മത്സരത്തില്‍ വരവറിയിച്ചു. പിന്നീട് 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണ മെഡലുകള്‍ നേടി. വര്‍ഷം മുഴുവന്‍ തോല്‍വിയറിയാതെ 2021ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ തന്റെ ആദ്യ സ്വര്‍ണവും നേടി.

2022ല്‍ ബെല്‍ഗ്രേഡില്‍ നടന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ് വെങ്കല മെഡലും ബര്‍മിംഗ്ഹാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണ മെഡലും നേടി. ആ വര്‍ഷത്തെ ബിബിസി ഇന്ത്യന്‍ സ്പോര്‍ട്സ് വുമണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും വിനേഷ് സ്വന്തമാക്കി. 2016 ല്‍ റിയോയിലും 2020 ടോക്കിയോ ഒളിമ്പിക്സിലും മെഡല്‍ നേടാതെ പുറത്തായെങ്കിലും 2024 പാരീസ് വിനേഷിനെ സംബന്ധിച്ചും രാജ്യത്തെ ഗുസ്തി താരങ്ങളെ സംബന്ധിച്ചും നിര്‍ണായകമായിരുന്നു.

വിനേഷ് ഫൈനലില്‍ പ്രവേശിച്ചതോടെ ഗുസ്തി താരങ്ങള്‍ രാജ്യ തലസ്ഥാനത്ത് നയിച്ച പോരാട്ടങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം കൈവരികയായിരുന്നു. പാരീസില്‍ നിന്നും പുറത്തുപോകേണ്ടി വന്നെങ്കിലും ചരിത്രത്തില്‍ ആദ്യമായി ഒളിമ്പിക്‌സില്‍ ഗുസ്തിയില്‍ ഫൈനലില്‍ പ്രവേശിച്ച താരമെന്ന നേട്ടത്തോടെയാണ് വിനേഷ് തിരിച്ചുവരിക.

FAQs

എന്താണ് ഗുസ്തി?

ഒരു പോരാട്ട മത്സരമാണ് ഗുസ്തി. എതിരാളിയെ ഒരേ നിലയിൽ നിശ്ചിത സമയം പൂട്ടിയിടുക എന്നതാണ് ഈ മത്സരത്തിന്റെ സവിശേഷത. ഇന്ത്യയിൽ പ്രചാരമുള്ള ഗുസ്തിയുടെ പേരാണ് പെഹൽവാനി.

ആരാണ് വിനേഷ് ഫോഗട്ട്?

ഇന്ത്യൻ പ്രൊഫഷണൽ ഗുസ്തി താരവും മൂന്ന് തവണ ഒളിമ്പ്യനുമാണ് വിനേഷ് ഫോഗട്ട്. കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസുകളിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരമാണ്. ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഒന്നിലധികം മെഡലുകൾ നേടിയ ഏക ഇന്ത്യൻ വനിതാ ഗുസ്തി താരം. 2019 ലെ ലോറസ് വേൾഡ് സ്‌പോർട്‌സ് അവാർഡിന് നാമനിർദേശം ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യൻ സ്പോര്‍ട്സ് താരം.

എന്താണ് ഒളിമ്പിക്സ്?

200 ലധികം രാജ്യങ്ങൾ പങ്കെടുക്കുന്ന ലോകത്തിലെ മുൻനിര കായിക മത്സരമാണ് ഒളിമ്പിക്സ്. ഒളിമ്പിക്സിനെ പ്രതിനിധീകരിക്കുന്ന അഞ്ചു വളയങ്ങള്‍ഒളിമ്പിക് സംഘടനയില്‍ അംഗമായ അഞ്ചു ഭൂഖണ്ഡങ്ങളെ പ്രതിനിധാനം ചെയ്യുന്നു.

Quotes

“നിങ്ങൾക്ക് വിജയം പ്രതീക്ഷിക്കാനും പരാജയം ആസൂത്രണം ചെയ്യാനും കഴിയില്ല- ജോയൽ ഓസ്റ്റീൻ.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.