Fri. Nov 22nd, 2024

ന്യൂഡൽഹി: ഒളിമ്പിക്സ് മത്സരവുമായി ബന്ധപ്പെട്ട് ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരെ ഗൂഢാലോചന നടന്നതിനാലാണ് മെഡൽ നഷ്ടമായതെന്ന് കോൺഗ്രസ് എംപി ബൽവന്ത് വാങ്കഡെ. 

പാരിസ് ഒളിമ്പിക്സില്‍ 50 കിലോ ഗുസ്തി ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് വിനേഷിനെ അയോഗ്യയാക്കിയത്. ഫൈനലില്‍ ഇടംപിടിച്ച വിനേഷ് ഭാരപരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് നടപടി. 

‘ഇത് വളരെ സങ്കടകരമായ വാർത്തയാണ്. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. അവൾ ജന്തർ മന്തറിൽ സമരം നടത്തിയെന്ന് രാജ്യത്തിന് മുഴുവൻ അറിയാം. അവൾക്ക് നീതി ലഭിച്ചില്ല, ഇപ്പോൾ വിജയിച്ചാൽ അവർക്ക് അവളെ ആദരിക്കേണ്ടിവരുമായിരുന്നു. അത് അവർക്ക് ഇഷ്ടപ്പെട്ടു കാണില്ല’,ബൽവന്ത് വാങ്കഡെ പറഞ്ഞു.

ലൈംഗികാരോപണ കേസില്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ജന്തര്‍മന്ദറില്‍ പ്രതിഷേധിച്ചവരിൽ മുൻനിരയിലുണ്ടായിരുന്ന താരമായിരുന്നു വിനേഷ് ഫോഗട്ട്.വിവാദത്തിന് പിന്നാലെ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെ ഗുസ്തി ഫെഡറേഷന്‍ മേധാവി സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അദ്ദേഹത്തിൻ്റെ മകനെ മത്സരിപ്പിച്ച് വിജയിപ്പിച്ചിരുന്നു.ഒളിമ്പിക്സില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമായിരുന്നു വിനേഷ് ഫോഗട്ട്.