Tue. Nov 5th, 2024

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ജീർണിച്ച മൃതദേഹം കണ്ടെത്തി. കടൽതീരത്തോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല. ഈ പ്രദേശത്ത് നിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാതെയായിരുന്നു. ഡിഎൻഎ പരിശോധനക്ക് ശേഷമേ ആരെന്ന് വ്യക്തമാകുകയുള്ളു.

അതേസമയം ഷിരൂര്‍ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താൻ ശ്രമിക്കണമെന്ന് കർണാടകയോട് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ആവശ്യമുന്നയിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പിണറായി കത്തയച്ചു. നിലവിൽ തിരച്ചിൽ നിർത്തിവെച്ചിരിക്കുകയാണ്.

ഡിഎൻഎ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അർജുൻ്റെ കുടുംബം രം​ഗത്തെത്തി. നേരത്തെ അർജുൻ്റെ സഹോദരൻ്റെ ഡിഎൻഎ ജില്ലാഭരണകൂടത്തിൻ്റെ കൈവശം വെച്ചിരുന്നു. ഇതും ചേർത്ത് പരിശോധിക്കണമെന്നാണ് കുടുംബം പറയുന്നത്. കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബവും സ്ഥലത്തെത്തി പരിശോധന നടത്തേണ്ടി വരും. അതിനു ശേഷം മാത്രമേ ഡിഎൻഎ പരിശോധന നടത്തുകയുള്ളൂ. ഈ പരിശോധന പെട്ടെന്ന് നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം.