Wed. Jan 22nd, 2025

 

അഭിനയ പാരമ്പര്യമില്ലാത്ത പശ്ചാത്തലത്തില്‍ നിന്നും വന്ന ഐശ്വര്യ റായിയ്ക്ക് ബോളിവുഡില്‍ സ്ഥാനം ഉറപ്പിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. പല മാറ്റിനിര്‍ത്തലും കരിയറിന്റെ തുടക്കകാലത്ത് ഐശ്വര്യ നേരിട്ടിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഷാറൂഖ് ഖാന്‍ ചിത്രങ്ങളില്‍ നിന്നായിരുന്നു.

നടിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ഷാറൂഖ് ഖാന്‍. ഇവര്‍ ഒന്നിച്ച് അഭിനയിച്ച ദേവ്ദാസ് വന്‍ വിജയമായിരുന്നു. പിന്നീട് അധികം ഷാരൂഖ് ഖാന്‍ ചിത്രങ്ങളില്‍ ഐശ്വര്യ പ്രത്യക്ഷപ്പെട്ടില്ല. പല ചര്‍ച്ചകള്‍ നടന്നെങ്കിലും ആ കഥാപാത്രങ്ങള്‍ അവസാന നിമിഷം മറ്റു നായികമാരിലേക്ക് എത്തുകയായിരുന്നു.

എന്നാല്‍ ഷാറൂഖ് ഖാന്‍ ചിത്രങ്ങള്‍ നഷ്ടപ്പെടാന്‍ കാരണം താന്‍ അല്ലെന്നാണ് ഐശ്വര്യ പറയുന്നത്. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഷാറൂഖ് ഖാന്‍ ചിത്രങ്ങള്‍ താന്‍ ഒഴിവാക്കിയതല്ലെന്നും അന്ന് തങ്ങള്‍ക്കിടയില്‍ ഒരുപാട് സിനിമ ചര്‍ച്ചകള്‍ നടന്നെന്നും അതൊന്നും മുന്നോട്ട് പോയില്ലെന്നും അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ ഷാറൂഖ് ചിത്രങ്ങളില്‍ നിന്ന് ഒഴിവാക്കിയതിനുള്ള കാരണം വിശദീകരിക്കാന്‍ താല്‍പര്യമില്ലെന്നും ഐശ്വര്യ വ്യക്തമാക്കി.

എന്നാല്‍ മറ്റൊരു അഭിമുഖത്തില്‍ താന്‍ ആണ് ഐശ്വര്യയെ ചിത്രങ്ങളില്‍ നിന്ന് ഒഴിവാക്കിയതെന്ന് ഷാറൂഖ് ഖാന്‍ തുറന്നു സമ്മതിച്ചു. ചില സ്വകാര്യ പ്രശ്‌നങ്ങളാലാണ് ഐശ്വര്യയെ ചിത്രങ്ങളില്‍ നിന്ന് ഒഴിവാക്കിയതെന്നും അതില്‍ ഇന്നെനിക്ക് ഏറെ ദുഖമുണ്ടെന്നും ഷാരൂഖ് ഖാന്‍ വ്യക്തമാക്കി.

‘എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഐശ്വര്യ. എന്നാല്‍ അന്ന് ഐശ്വര്യക്ക് കുറെ സ്വകാര്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. ആ സമയം ഞാനൊരു നിര്‍മാതാവായി ചിന്തിച്ചു. സിനിമയെ മുന്നോട്ട് കൊണ്ടുപോകന്‍ പല കാര്യങ്ങള്‍ നോക്കേണ്ടി വരും. ഇന്ന് അതില്‍ ഒരുപാടു വിഷമമുണ്ട്. വ്യക്തി എന്ന നിലയില്‍ നോക്കിയാല്‍ ഞാന്‍ ഐശ്വര്യയോട് ചെയ്തത് വളരെ തെറ്റാണ്. പിന്നീട് ഞാന്‍ ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു’, ഷാറൂഖ് പറഞ്ഞു.

ഷാറൂഖ് ചിത്രങ്ങളായ ചല്‍ത്തേ ചാത്തേ ,മെയ് ഹൂന്‍ നാ,വീര്‍ സാറ എന്നീ ചിത്രങ്ങളില്‍ നിന്നാണ് ഐശ്വര്യയെ ഒഴിവാക്കിയത്.’ചല്‍ത്തേ ചാത്തേ’യില്‍ റാണി മുഖര്‍ജിയായിരുന്നു ഐശ്വര്യക്ക് പകരമെത്തിയത്. സുസ്മിത സെന്നായിരുന്നു ‘ മെയ് ഹൂന്‍ നാ’യിലെ നായിക. ‘വീര്‍ സാറ’യില്‍ ഐശ്വര്യക്ക് പകരം പ്രീതി സിന്റ എത്തി.

2016 ആണ് ഒരു ഇടവേളക്ക് ശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത രണ്‍ബീര്‍ കപൂറിന്റെ ‘ഏ ദില്‍ ഹേ മുഷ്‌കില്‍’ എന്ന ചിത്രത്തില്‍ ഐശ്വര്യയും ഷാറൂഖ് ഖാനും അതിഥി വേഷത്തിലെത്തിയിരുന്നു. അനുഷ്‌ക ശര്‍മയായിരുന്നു ചിത്രത്തിലെ നായിക.