Mon. Nov 25th, 2024

ബെംഗളൂരു: മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ കൊച്ചുമകനും ഹസന്‍ മുന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണയുടെ അശ്ലീല വീഡിയോയുടെ പെന്‍ഡ്രൈവുകള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാണെന്ന ആരോപണവുമായി ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്നാല്‍.

‘കര്‍ണാടക ബിജെപി അധ്യക്ഷന്‍ വിജയേന്ദ്രയുടെ നിര്‍ദേശ പ്രകാരമാണ് പെന്‍ഡ്രൈവുകള്‍ വിതരണം ചെയ്തത്. എത്ര പേര്‍ക്ക് അദ്ദേഹം പെന്‍ഡ്രൈവുകള്‍ വിതരണം ചെയ്തു? ധൈര്യമുണ്ടെങ്കില്‍ അദ്ദേഹം ഉത്തരം പറയട്ടെ’, വിജയപുര നിയമസഭാംഗമായ യത്നാല്‍ വെല്ലുവിളിച്ചു.

ബിജെപി ഭാരവാഹികളില്‍ പലരും പ്രധാനപ്പെട്ട വ്യക്തികളുടെ അശ്ലീല വീഡിയോകള്‍ കൈവശം വച്ചിരിക്കുകയാണെന്നും സ്വന്തം എംഎല്‍എമാരെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഉപയോഗിക്കുകയാണെന്നും യത്നാല്‍ ആരോപിച്ചു.

വിജയേന്ദ്രയ്‌ക്കെതിരായ ആരോപണങ്ങള്‍ കര്‍ണാടകയിലെ ബിജെപിക്കുള്ളില്‍ പുകയുന്ന ഭിന്നതയെയാണ് മറനീക്കി പുറത്ത് വരുന്നത്. നിരവധി മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായത്തെ അവഗണിച്ച് യെദ്യൂരപ്പയുടെ ഇളയ മകനെ സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തത് മുതല്‍ ഈ ഭിന്നത മറനീക്കി പുറത്ത് വരുന്നുണ്ട്. യത്നാലും ബിജെപി എംഎല്‍എ രമേഷ് ജാര്‍ക്കിഹോളിയുമടക്കമുള്ളവര്‍ യെദ്യൂരപ്പ കുടുംബത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.

‘യെദ്യൂരപ്പ ഒരു പാര്‍ട്ടിയുടെയും വേദിയില്‍ വരരുത്. അദ്ദേഹത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണുള്ളത്, കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്. ഒരു വേദിയിലും വരരുതെന്ന് പാര്‍ട്ടി യെദ്യൂരപ്പയോട് നിര്‍ദേശിക്കണം.

സിദ്ധരാമയ്യ ഉടന്‍ രാജിവയ്ക്കണമെന്ന് അദ്ദേഹം പ്രസംഗങ്ങള്‍ നടത്തുന്നു. നിങ്ങള്‍ക്കും നിങ്ങളുടെ മകനുമെതിരെ തട്ടിപ്പ് കേസുകളുണ്ട്. അഴിമതിക്കാരെ സംരക്ഷിക്കുമോ അതോ അവര്‍ക്കെതിരെ നടപടിയെടുക്കുമോ എന്നാണ് എനിക്ക് ഹൈക്കമാന്‍ഡിനോട് ചോദിക്കാനുള്ളത്’, അദ്ദേഹം പറഞ്ഞു.

വിജയേന്ദ്രയെയും യെദ്യൂരപ്പയെയും കുറിച്ച് യത്നാലിന് പല കാര്യങ്ങളും അറിയാമെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. ‘വിജയേന്ദ്രയ്ക്കും യെദ്യൂരപ്പയ്ക്കും അഴിമതിയെക്കുറിച്ച് സംസാരിക്കാന്‍ ധാര്‍മ്മിക അവകാശമില്ലെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. ഞാന്‍ ഇതിനോട് യോജിക്കുന്നു. അദ്ദേഹത്തിന്റെ മറ്റ് പ്രസ്താവനകളെക്കുറിച്ച് പ്രതികരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’, ദിനേഷ് ഗുണ്ടു റാവു പ്രതികരിച്ചു.

ലൈംഗിക പീഡനകേസില്‍ ജയിലില്‍ കഴിയുന്ന പ്രജ്വലിന്റെ ജാമ്യാപേക്ഷ അടുത്തിടെ പ്രത്യേക കോടതി തള്ളിയിരുന്നു. പീഡനദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ജര്‍മനിയിലേക്ക് കടന്ന പ്രജ്വല്‍ മേയ് 31 ന് മടങ്ങിവന്നപ്പോഴാണ് അറസ്റ്റിലാകുന്നത്.