Wed. Jan 22nd, 2025

 

നെയ്യാറ്റിന്‍കര: തിരുവനന്തപുരത്ത് കുളത്തില്‍ കുളിച്ച ശേഷം മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവാവ് മരിച്ചതിന് പിന്നാലെ ഇതേ കുളത്തില്‍ ഇറങ്ങിയവരില്‍ നാല് പേര്‍ക്ക് കൂടി കടുത്ത പനി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവരില്‍ ഒരാള്‍ക്ക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരോഗ്യവകുപ്പ് വെള്ളത്തിന്റെ സാംപിള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചു.

പ്ലാവറത്തലയില്‍ അനീഷ് (26), പൂതംകോട് സ്വദേശി അച്ചു (25), പൂതംകോടിനു സമീപം ഹരീഷ് (27), ബോധിനഗര്‍ ധനുഷ് (26) എന്നിവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ അനീഷിനാണ് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. മറ്റുള്ളവര്‍ക്കും സമാന ലക്ഷണങ്ങളുള്ളതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

കണ്ണറവിള പൂതംകോട് അനുലാല്‍ ഭവനില്‍ അഖില്‍ (27) കഴിഞ്ഞ 23ന് ആണു മരിച്ചത്. മരിക്കുന്നതിന് 10 ദിവസം മുന്‍പാണ് അഖിലിന് പനി ബാധിച്ചത്. തുടക്കത്തില്‍ വീടിനു സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തി. കടുത്ത തലവേദനയും ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

10 വര്‍ഷം മുന്‍പു മരത്തില്‍നിന്നു വീണ് അഖിലിന് തലയ്ക്കു ഗുരുതര പരിക്കേറ്റിരുന്നു. അന്ന് കോലഞ്ചേരി മലങ്കര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയും ശസ്ത്രക്രിയയും നടത്തി. അതുമായി ബന്ധപ്പെട്ടതാണോ എന്നു പരിശോധിക്കാന്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. തിരുവനന്തപുരത്തെ മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയ്ക്കിടെയാണ് മരണപ്പെടുന്നത്.

തലച്ചോറിലെ അണുബാധയെത്തുടര്‍ന്ന് മരിച്ചെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. അതിയന്നൂര്‍ പഞ്ചായത്തിലെ കണ്ണറവിളയ്ക്കു സമീപത്തെ കാവിന്‍കുളത്താണ് അഖിലും മറ്റുള്ളവരും കുളിച്ചത്. ആരോഗ്യ വകുപ്പ് നിര്‍ദേശത്തെത്തുടര്‍ന്ന് കുളത്തില്‍ ഇറങ്ങുന്നത് കര്‍ശനമായി വിലക്കി. ഇതു സംബന്ധിച്ചു നോട്ടിസ് ബോര്‍ഡും സ്ഥാപിച്ചു.