Wed. Jan 22nd, 2025

ഡൽഹി: കനത്ത മഴയിൽ പുതിയ പാർലമെൻ്റ് കെട്ടിടത്തിൽ ചോർച്ച. പണി പൂർത്തിയായി ഒരു വർഷം മാത്രമായ കെട്ടിടമാണ് ചോരുന്നത്. 

 ഡൽഹിയിൽ കനത്ത മഴ പെയ്തതോടെ പാർലമെൻ്റ് മന്ദിരത്തിൻ്റ് ലോബി ചോർന്നൊലിക്കുന്നതിന്റെ ദൃശ്യങ്ങൾ‌ കോൺ​ഗ്രസും സമാജ്‍വാജി പാർട്ടിയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. അയോധ്യയിൽ പുതുതായി പണിത രാമക്ഷേത്രം ചോർന്നൊലിക്കുന്നതും വാർത്തയായിരുന്നു. സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോൺ​ഗ്രസ് എംപി മാണിക്കം ടാ​ഗോർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. പുതിയ പാർലമെന്റിനേക്കാൾ നല്ലത് പഴയ പാർലമെൻ്റാണെന്നും, മഴക്കാലത്തെങ്കിലും സഭ ചേരുന്നത് പഴയ പാർലമെന്റിലേക്ക് മാറ്റണമെന്നും അഖിലേഷ് യാദവ് പരിഹസിച്ചു. 862 കോടി മുടക്കി നിർമ്മിച്ച പുതിയ പാർലമെന്റ് മന്ദിരം 2023 മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്തത്. കോൺ​ഗ്രസടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടന പരിപാടി ബഹിഷ്കരിച്ചിരുന്നു.