Wed. Jan 22nd, 2025

 

കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവര്‍ക്ക് സഹായ ഹസ്തവുമായി സിനിമ താരങ്ങള്‍. തമിഴ് താരങ്ങളായ സൂര്യ, കാര്‍ത്തി, ജ്യോതിക എന്നിവരും രശ്മിക മന്ദാനയും മമ്മൂട്ടിയും ദുല്‍ഖര്‍ സമാനുമാണ് സാമ്പത്തിക സഹായവുമായെത്തിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ സൂര്യയും കാര്‍ത്തിയും ജ്യോതികയും ചേര്‍ന്ന് നല്‍കി. ഹൃദയം തകര്‍ന്നുപോകുന്നു എന്നാണ് സൂര്യ വയനാട്ടിലെ ദുരന്തത്തെ കുറിച്ച് പ്രതികരിച്ചത്.

‘ഉരുള്‍പൊട്ടലിന്റെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് എന്റെ പ്രാര്‍ഥനകള്‍. രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് ദുരിതബാധിതരെ സഹായിക്കുന്ന ജനങ്ങളോടും സര്‍ക്കാര്‍ ഏജന്‍സി അംഗങ്ങളോടും ആദരവ്’, സൂര്യ സമൂഹ മാധ്യമത്തില്‍ കുറിച്ചു.

ദുരന്തമറിഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്നെന്നാണ് രശ്മിക മന്ദാന സമൂഹ മാധ്യമത്തില്‍ കുറിച്ചത്. ഈ അവസ്ഥ ഭീകരമാണ്. ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്കായി പ്രാര്‍ഥിക്കുന്നുവെന്നും രശ്മിക കുറിച്ചു. 10 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് താരം സംഭാവന ചെയ്തത്.

മമ്മൂട്ടിയുടെ 20 ലക്ഷവും ദുല്‍ഖറിന്റെ 15 ലക്ഷവും ചേര്‍ത്ത് 35 ലക്ഷം മന്ത്രി പി രാജീവിന് കൈമാറി. കൂടുതല്‍ സഹായങ്ങള്‍ ഉണ്ടാവുമെന്നും അതിന്റെ ആദ്യ ഘട്ടമായാണ് ഈ തുകയെന്നും മമ്മൂട്ടി മന്ത്രിയെ അറിയിച്ചു. ഫഹദ് ഫാസില്‍ 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

കഴിഞ്ഞദിവസം നടന്‍ വിക്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.