Fri. Sep 20th, 2024

ഷിംല: ഉത്തരാഖണ്ഡിലെ കേദാർനാഥിലും ഹിമാചൽ പ്രദേശിലെ ഷിംലയിലെ സമേജ് ഖഡിലും മേഘസ്ഫോടനത്തെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ 28 പേരെ കാണാതായതായി റിപ്പോർട്ട്. 

ഉത്തരാഖണ്ഡിലെ തെഹ്‌രി ജില്ലയിലെ ഗൻസാലിയിൽ രണ്ട് പേർ മരിച്ചു. ഭാനു പ്രസാദ് (50) ഭാര്യ നീലം ദേവി (45) എന്നിവരാണ് മരിച്ചത്. നൗതർ തോടിന് സമീപത്തെ ഭക്ഷണശാലയും കലുങ്കും ഒലിച്ചുപോയിരുന്നു. പിന്നാലെയാണ് മരണം സംഭവിച്ചത്. ശക്തമായ മലവെള്ളപ്പാച്ചിലിൽ 

പ്രദേശത്തെ നിരവധി വീടുകൾ ഒലിച്ചുപോയി. പെട്ടെന്നുണ്ടായ കനത്ത മഴയെ തുടർന്ന് മന്ദാകിനി നദിയിലെ ജലനിരപ്പ് കുത്തനെ ഉയർന്നു. ഇരുന്നൂറോളം തീർത്ഥാടകർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോർട്ട്.

ഷിംലയിലെ സമേജ് ഖഡിൽ നിന്നും ഒരാളുടെ മൃതദേഹം ലഭിച്ചു. ഒരു കെട്ടിടം മുഴുവനായി തകർന്ന് കുളുവിലെ പാർവതി നദിയിൽ ഒഴുകിപ്പോയി. കുളു, സോളൻ, സിർമൗർ, ഷിംല, കിന്നൗർ ജില്ലകളിലെ മണ്ണിടിച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

എൻഡിആർഎഫ്, എസ്ഡിആർഎഫ്, പോലീസ്, ആശുപത്രികൾ ഉൾപ്പെടെയുള്ള അത്യാഹിത വിഭാഗങ്ങൾ അതീവ ജാഗ്രതയിലാണ്. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ദുരന്ത നിവാരണ സെക്രട്ടറിയുമായി സംസാരിക്കുകയും ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.