Tue. Nov 5th, 2024

 

ന്യൂഡല്‍ഹി: റഷ്യ ഇന്ത്യക്ക് കൈമാറിയ എസ്-400 മിസൈല്‍ സംവിധാനങ്ങളുടെ വിശദാംശങ്ങള്‍ യുക്രെയ്ന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. മിസൈലിന്റെ റഷ്യന്‍ ഉപകരണ മാനുവലുകളും കോഡുകളും ഹാക്കര്‍മാര്‍ തുറക്കുകയും ചെയ്തു.

ഇന്ത്യ-റഷ്യ കരാര്‍ പ്രകാരം ഇന്ത്യക്ക് കൈമാറുന്ന മിസൈല്‍ ഘടകങ്ങള്‍, കോഡുകള്‍, സാങ്കേതിക കൈമാറ്റം, സ്‌പെയര്‍ പാര്‍ട്‌സ് വിതരണം, മിസൈല്‍ സംവിധാനങ്ങള്‍, യുദ്ധോപകരണങ്ങള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ പരിശീലനം അടക്കംമുള്ള വിവരങ്ങളാണ് ചോര്‍ന്നിട്ടുള്ളത്.

മെയിലുകളില്‍ നിന്ന് ഹാക്ക് ചെയ്യപ്പെട്ട രേഖകളില്‍ സുപ്രധാന റഷ്യന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, വ്യക്തിഗത ഡാറ്റ എയര്‍ ഡിഫന്‍സ്, മോസ്‌കോയിലെയും ക്രെംലിനിലെയും മിസൈല്‍ ഡിഫന്‍സ് ഓഫീസര്‍മാരുടെ ക്ലാസിഫൈഡ് ഓപറേറ്റിങ് മാനുവലുകള്‍ എന്നിവയും ഉള്‍പ്പെടുന്നു.

ഇന്‍ഫോംനപാം വോളണ്ടിയര്‍ ഇന്റലിജന്‍സ് കമ്യൂണിറ്റിയുമായി പങ്കിട്ട ഹാക്ക് ചെയ്ത രേഖകളില്‍ പാന്റ്‌സിര്‍-എസ്, തോര്‍-എം1 വ്യോമ പ്രതിരോധ സംവിധാനം എന്നിവക്കുള്ള ഓപറേറ്റിങ് മാനുവലും ഉണ്ട്.

ഭൂമിയില്‍ നിന്നും ആകാശത്തേക്ക് തൊടുക്കാവുന്ന ലോകത്തെ മികച്ച മിസൈലുകളിലൊന്നാണ് എസ്-400. അഞ്ച് യൂണിറ്റ് എസ്-400 മിസൈലിനായി 543 കോടി ഡോളറിന്റെ കരാറാണ് ഇന്ത്യ ഒപ്പിട്ടത്.

അതേസമയം, ഇന്ത്യ-റഷ്യ മിസൈല്‍ കരാറിനെതിരെ അമേരിക്ക രംഗത്തു വന്നിരുന്നു. റഷ്യയില്‍ നിന്ന് മിസൈല്‍ വാങ്ങാനുള്ള നീക്കത്തില്‍ നിന്ന് ഇന്ത്യ പിന്‍മാറണമെന്ന് അന്നത്തെ യുഎസ് പ്രസിഡന്റായിരുന്ന ഡോണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. നേരത്തെ, എസ്-400 മിസൈല്‍ വാങ്ങിയ തുര്‍ക്കിക്കെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.