Mon. Dec 23rd, 2024

 

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പിന്മാറിയതില്‍ ഗുരുതര ആരോപണവുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണാണള്‍ഡ് ട്രംപ്. ശനിയാഴ്ച മിനസോട്ടയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മുന്‍ പ്രസിഡന്റിന്റെ പരാമര്‍ശം.

ഡെമോക്രാറ്റുകള്‍ അട്ടിമറിച്ചത് കാരണം തിരഞ്ഞെടുപ്പ് മത്സരം അവസാനിപ്പിക്കാന്‍ ബൈഡന്‍ നിര്‍ബന്ധിതനായെന്ന് ട്രംപ് ആരോപിച്ചു.

’14 ദശലക്ഷം വോട്ടുകളുള്ള ഒരാളുടെ അട്ടിമറിയായിരുന്നു ഇത്. അയാള്‍ മത്സരിക്കാന്‍ ആഗ്രഹിച്ചു. അവര്‍ ബൈഡനെ മല്‍സരിക്കാന്‍ അനുവദിച്ചില്ല. മോശമായി പെരുമാറി. നമുക്കത് ലളിതമായോ അല്ലെങ്കില്‍ കഠിനമായോ ചെയ്യാമെന്ന് അവര്‍ പറഞ്ഞു. ജോയെ സംബന്ധിച്ചിടത്തോളം അദ്ദേഹം പ്രസിഡന്റ് ആണ്’, ട്രംപ് പറഞ്ഞു.

’25-ാം ഭേദഗതി ചൂണ്ടിക്കാട്ടി അവര്‍ ബൈഡനെ ഭീഷണിപ്പെടുത്തി. നിങ്ങള്‍ മാനസികമായും ശാരീരികമായും ഒരു കുഴപ്പക്കാരനാണെന്നും പുറത്തുപോയില്ലെങ്കില്‍ 25-ാം ഭേദഗതിയിലൂടെ പുറത്താക്കുമെന്നും അവര്‍ പറഞ്ഞു. അദ്ദേഹം ധീരനും ധൈര്യശാലിയുമായിരുന്നുവെന്നും സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് മാറാന്‍ നിര്‍ബന്ധിതനായെന്നും’ ട്രംപ് ആരോപിച്ചു.

മുന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ കൊലപാതകത്തിന് ശേഷം പ്രസിഡന്റിന്റെ പിന്തുടര്‍ച്ചയെ നിര്‍ണ്ണയിക്കാനാണ് യുഎസ് ഭരണഘടനയുടെ 25-ാം ഭേദഗതി പാസാക്കിയത്. ഒരു പ്രസിഡന്റിനെ ശാരീരികമായി കഴിവില്ലാത്തവരായി കണക്കാക്കിയാല്‍ അവരെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാനുള്ള അധികാരം വൈസ് പ്രസിഡന്റിനും ക്യാബിനറ്റിനും ഈ ഭേദഗതി നല്‍കുന്നു.

ജൂലൈ 20 നാണ് 81 കാരനായ ബൈഡന്‍ 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കമലാ ഹാരിസിനെ അംഗീകരിക്കുകയും ചെയ്തു.