Sat. Jan 18th, 2025

 

വാഷിങ്ടണ്‍: പെന്‍സില്‍വേനിയയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ വെടിവെപ്പ്. ആക്രമണത്തില്‍ ചെവിക്ക് വെടിയേറ്റതായി ട്രംപ് പറഞ്ഞു. വലതുചെവിയുടെ മുകള്‍ ഭാഗത്താണ് വെടിയേറ്റതെന്നും അക്രമിയെക്കുറിച്ച് ഈ ഘട്ടത്തില്‍ ഒന്നുമറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

‘വലതുചെവിയുടെ മുകള്‍ഭാഗത്തായാണ് എനിക്ക് വെടിയേറ്റത്. വെടിയൊച്ച കേട്ടപ്പോള്‍ തന്നെ എന്തോ കുഴപ്പമുണ്ടെന്ന് മനസിലായി. പിന്നാലെ എന്റെ ശരീരത്തിലേക്ക് വെടിയുണ്ട തുളച്ചുകയറി. വലിയരീതിയില്‍ രക്തസ്രാവമുണ്ടായി. അപ്പോഴാണ് എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായത്’, ട്രംപ് സാമൂഹികമാധ്യമത്തില്‍ കുറിച്ചു.

വെടിവെപ്പ് നടന്നതിന് പിന്നാലെ ദ്രുതഗതിയില്‍ ഇടപെട്ട യുഎസ് സീക്രട്ട് സര്‍വീസ് അംഗങ്ങള്‍ക്കും നിയമപാലകര്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം ‘ട്രൂത്ത് സോഷ്യലി’ല്‍ കുറിച്ചു.

തിരഞ്ഞെടുപ്പ് റാലിയിലെ വേദിയില്‍ നിരവധി തവണ വെടിയൊച്ച കേട്ടതായാണ് റിപ്പോര്‍ട്ട്. ഉടന്‍തന്നെ സുരക്ഷാസേനാംഗങ്ങള്‍ ട്രംപിനെ വേദിയില്‍നിന്ന് മാറ്റി.

ട്രംപ് സുരക്ഷിതനാണെന്ന് സംഭവത്തിന് പിന്നാലെ യുഎസ് സീക്രട്ട് സര്‍വീസ് വ്യക്തമാക്കി. അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയതായി വക്താവ് സ്റ്റീവന്‍ ച്യൂങ്ങും പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം, സംഭവത്തില്‍ അക്രമിയെന്ന് സംശയിക്കുന്ന ഒരാളടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരഞ്ഞെടുപ്പ് റാലിയുടെ സദസ്സിലുണ്ടായിരുന്നയാളാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

രണ്ടുപേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. അക്രമിയെന്ന് സംശയിക്കുന്നയാളെ സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ വെടിവെച്ച് കൊലപ്പെടുത്തിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.