Sat. Jan 18th, 2025

 

ലഖ്നൗ: മുസ്ലിംകളാണെന്ന് ആരോപിച്ച് ഹിന്ദു സന്യാസിമാര്‍ക്കുനേരെ ഉത്തര്‍പ്രദേശില്‍ ഹിന്ദുത്വ സംഘത്തിന്റെ ആക്രമണം. ഹിന്ദു സന്യാസിമാരുടെ വേഷം മാറിയെത്തിയവരാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം മീററ്റിലാണ് സംഭവം.

ഹരിയാന സ്വദേശികളും നാഥ് വിഭാഗക്കാരുമായ ഗൗരവ് കുമാര്‍, ഗോപിനാഥ്, സുനില്‍ കുമാര്‍ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. മീററ്റിലെ പ്രഹ്ലാദ് നഗറില്‍ ലിസാരി ഗേറ്റ് പൊലീസ് സ്റ്റേഷനു മുന്നില്‍ വച്ചായിരുന്നു ആക്രമണം. ഇവരെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതികളിലൊരാള്‍ തന്നെ സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില്‍പ്പെട്ട മുസ്ലിങ്ങളാണ് എന്ന് കരുതിയാണ് ഹിന്ദു സന്യാസിമാരെ സംഘം ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. തങ്ങള്‍ ഹിന്ദുക്കളാണെന്ന് പറഞ്ഞെങ്കിലും സംശയം തോന്നിയ ആക്രമികള്‍ ഹനുമാന്‍ ചലീസയും മറ്റ് ശ്ലോകങ്ങളും ചൊല്ലാന്‍ സന്യാസിമാരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇതില്‍ പിഴവ് സംഭവിച്ചതോടെ പ്രതികള്‍ ഇവരെ വടികളും ദണ്ഡുകളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിന് പിന്നാലെ സന്യാസിമാര്‍ക്കെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിക്കുമ്പോഴാണ് ഹിന്ദു സമുദായക്കാരാണെന്നു വ്യക്തമാകുന്നത്. ഹരിയാനയിലെ യമുനനഗറിലുള്ള ജഗധ്രി സ്വദേശികളാണ് മൂന്നുപേരും. ഇവരെ പിന്നീട് വിട്ടയച്ചു.

ഇതോടെ അക്രമികള്‍ക്കെതിരെ കേസടുത്തിരിക്കുകയാണ് പൊലീസ്. അക്രമികള്‍ ഒളിവില്‍ പോയതോടെ ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.