Sun. Sep 8th, 2024

 

ദിസ്പൂര്‍: അസമിലെ മോറിഗാവ് ജില്ലയിലെ സില്‍ഭംഗ ഗ്രാമത്തില്‍ റെയില്‍വേ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന് ആരോപിച്ച് 8,000 മുസ്‌ലിംകളുടെ വീടുകള്‍ തകര്‍ത്തു. ജൂണില്‍ കനത്ത മഴക്കിടെയിലായിരുന്നു അധികൃതര്‍ നൂറുകണക്കിന് വീടുകള്‍ തകര്‍ത്തത്.

വെള്ളപ്പൊക്കം, മണ്ണൊലിപ്പ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങളില്‍ വീടുകള്‍ നഷ്ടപ്പെട്ട ബംഗാള്‍ വംശജരായ മുസ്‌ലിംകളാണ് റെയില്‍വേ ലൈനിനു സമീപം സ്ഥിതി ചെയ്യുന്ന സില്‍ഭംഗയില്‍ താമസിച്ചിരുന്നത്.

തലമുറകളായി തങ്ങള്‍ ഇവിടെ താമസിക്കുകയാണെന്ന് 10-ാം ക്ലാസ് വിദ്യാര്‍ഥിയായ മാമോദി ബീഗം സ്‌ക്രോളിനോട് പറഞ്ഞു.

”ഞങ്ങള്‍ മൂന്ന് തലമുറകളായി ഇവിടെ താമസിക്കുന്നു. എന്റെ മുത്തച്ഛന്‍ ഇവിടെയാണ് താമസിച്ചിരുന്നത്. എന്റെ അമ്മ ഈ വീട്ടിലാണ് ജനിച്ചത്. ഞാനും എന്റെ സഹോദരന്മാരും ഇവിടെയാണ് താമസിച്ചിച്ചത്. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് പോകാന്‍ സ്ഥലമോ വീടോ ഇല്ല.’, മാമോദി ബീഗം പറഞ്ഞു.

മാമോനി ബീഗത്തിന്റെ വീട്ടില്‍ നിന്ന് നൂറു മീറ്റര്‍ അകലെയായി പൊളിക്കാത്ത വീടുകളും ഒരു സ്‌കൂളും ഒരു ക്ഷേത്രവും ഒരു ആശ്രമവുണ്ട്. അത് ഹിന്ദു കുടുംബങ്ങളുടെത് ആണെന്ന് മാമോനി പറഞ്ഞു.

ബംഗാള്‍ വംശജരായ മുസ്ലിം കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് പൊളിക്കല്‍ നടന്നതെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.

‘അവര്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള മദ്രസ നിരപ്പാക്കി. മസ്ജിദിന്റെ മതില്‍ തകര്‍ത്തു. പക്ഷേ കാളി ക്ഷേത്രവും ആശ്രമവും ആരും തൊട്ടില്ല’, 52കാരനായ അബ്ദുല്‍ കാഷേം പറഞ്ഞു.

എന്നാല്‍ നിയമാനുസൃതമായാണ് ഒഴിപ്പിക്കല്‍ നടന്നതെന്നും കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയതെന്നും മുന്‍കൂര്‍ നോട്ടീസ് നല്‍കിയ ശേഷമായിരുന്നു നടപടികളെന്നും അധികൃതര്‍ വ്യക്തമാക്കി.

ഒഴിപ്പിക്കല്‍ രാഷ്ട്രീയ പ്രതികാര നടപടിയാണെന്നാരോപിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നിട്ടുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യാത്തതിനാല്‍ ബിജെപി മുസ്‌ലിംകളെ ലക്ഷ്യമിടുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ആരോപണം തള്ളിയ ബിജെപി, റെയില്‍വേ ഭൂമി അന്യായമായി കൈവശപ്പെടുത്തിയവര്‍ക്കെതിരായ നടപടിയാണെന്നും ഇതില്‍ രാഷ്ട്രീയമില്ലെന്നുമാണ് പറയുന്നത്. ഒഴിപ്പിക്കപ്പെട്ടവരെ പുനരധിവസിക്കുന്നതിനെ കുറിച്ചും സര്‍ക്കാര്‍ മിണ്ടിയിട്ടില്ല.

ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഒരു ക്വാറിയുടെയും നാഗോണ്‍ പേപ്പര്‍ മില്ലിന്റെയും സമീപത്താണ് ഈ സെറ്റില്‍മെന്റുള്ളത്.

വെള്ളപ്പൊക്കത്തിലും നദിയിലെ മണ്ണൊലിപ്പിലും വീടുകള്‍ നഷ്ടപ്പെട്ട് മോറിഗാവ്, നാഗോണ്‍ ജില്ലകളിലെ ബ്രഹ്‌മപുത്രയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ നിന്ന് കുടിയേറിയ നിരവധി കുടുംബങ്ങളാണ് സില്‍ഭംഗ കുന്നിന്റെ ചരിവുകളിലും താഴ്വരകളിലും താമസിക്കുന്നത്.

ജൂണ്‍ 12 നാണ് നോര്‍ത്ത് ഈസ്റ്റ് റെയില്‍വേ ഉദ്യോഗസ്ഥര്‍ മിക്ക കുടുംബങ്ങള്‍ക്കും ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കുന്നത്. ഏഴ് ദിവസത്തിനകം ഭൂമി ഒഴിയണമെന്നാണ് നോട്ടീസിലൂടെ ആവശ്യപ്പെട്ടിരുന്നത്.

ജൂണ്‍ 14 ന് നിരവധി ഷെഡുകളിലും വീടുകളിലും മരങ്ങളിലും ഉദ്യോഗസ്ഥര്‍ നോട്ടീസ് ഒട്ടിച്ചതായി താമസക്കാര്‍ പറയുന്നു. തങ്ങളുടെ വീടുകളില്‍ നോട്ടീസ് പതിച്ചിട്ടില്ലെന്ന് സെറ്റില്‍മെന്റിലെ ഹിന്ദു കുടുംബങ്ങള്‍ പറഞ്ഞു.

ജില്ലാ പോലീസ് മേധാവി, 200 പോലീസ് ഉദ്യോഗസ്ഥര്‍, കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥര്‍, 11 ജെസിബികള്‍ എന്നിവരോടൊപ്പം ജൂണ്‍ 24 ന് മോറിഗാവ് ഡെപ്യൂട്ടി കമ്മീഷണര്‍ ദേവാശിഷ് ശര്‍മ്മ സില്‍ഭംഗയിലെത്തി വീടുകള്‍ പൊളിച്ചുനീക്കി.

ബംഗാള്‍ വംശജരായ മുസ്ലീം നിവാസികള്‍ ഒഴികെ, 80 ഓളം ഹിന്ദു കുടുംബങ്ങള്‍ സെറ്റില്‍മെന്റിന്റെ കിഴക്ക് ഭാഗത്ത്, പേപ്പര്‍ മില്ലിന് സമീപം താമസിക്കുന്നുണ്ട്. അതുപോലെ, ശങ്കര്‍ദേവ് വിദ്യാ നികേതന്‍ സ്‌കൂളിന് സമീപം 40ഓളം ഹിന്ദു വീടുകളും ക്വാറിക്ക് സമീപം പടിഞ്ഞാറ് ഭാഗത്ത് 60ഓളം ഹിന്ദു കുടുംബങ്ങളും താമസിക്കുന്നുണ്ട്.

ജൂണ്‍ 21 ന്, കുടിയൊഴിപ്പിക്കല്‍ നോട്ടീസിനെ ചോദ്യം ചെയ്ത് നിരവധി കുടുംബങ്ങള്‍ ഗുവാഹത്തി ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ വീടുകള്‍ പൊളിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് കോടതി വിഷയം കേള്‍ക്കാന്‍ തുടങ്ങിയത്.

അടുത്ത വാദം കേള്‍ക്കുന്നത് വരെ നടപടികളുമായി മുന്നോട്ട് പോകരുതെന്ന് റെയില്‍വേയോടും സംസ്ഥാന സര്‍ക്കാരിനോടും ആവശ്യപ്പെട്ട് ജസ്റ്റിസ് സൗമിത്ര സൈകിയ ഒഴിപ്പിക്കല്‍ നടപടി സ്റ്റേ ചെയ്തു. എന്നാല്‍ സ്റ്റേ ഉത്തരവിന് ശേഷവും കുടിയൊഴിപ്പിക്കല്‍ തുടര്‍ന്നതായി പ്രദേശത്തുള്ളവര്‍ പറയുന്നു.