Fri. Jul 19th, 2024

 

ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ധനികനായിരുന്ന ഗൗതം അദാനി അയല്‍ രാജ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മോദി നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ മുന്‍കൈയെടുക്കുകയോ അവസരം നല്‍കുകയോ ചെയ്തു

ഴിഞ്ഞ ഒരു ദശകക്കാലയളവില്‍ ഗൗതം അദാനിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ വളര്‍ച്ച 1830% ആണെന്നാണ് കണക്കുകള്‍ പറയുന്നത്. 20 വര്‍ഷം മുമ്പ് വരെ വളരെ കുറച്ച് ആളുകള്‍ മാത്രം കേട്ടിരുന്ന പേരായിരുന്ന അദാനി ഗ്രൂപ്പിന്റെ വളര്‍ച്ച തുടങ്ങിവെച്ചത് നരേന്ദ്ര മോദിയാണ്. ഗുജറാത്തില്‍ നിന്നും തുടങ്ങുന്നതാണ് അദാനി-മോദി ബന്ധം.

മോദി പ്രധാനമന്ത്രി ആയതിനു ശേഷം രാജ്യത്തിന്റെ വിദേശ നയങ്ങളും വിദേശ ബന്ധങ്ങളും അദാനി ഗ്രൂപ്പിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി തയ്യാറാക്കപ്പെട്ടു. അതിന് ഒടുവിലത്തെ ഉദാഹരണമാണ് അദാനി ഗ്രൂപ്പിനു വേണ്ടി മോദി സര്‍ക്കാര്‍ ലോബിയിംഗ് നടത്തുന്നത് സംബന്ധിച്ച് നേപ്പാളിലെ പ്രമുഖ മാഗസിനായ ‘ഹിമല്‍ ഖബര്‍’ പുറത്തുവിട്ട റിപ്പോര്‍ട്ട്.

നേപ്പാളിലെ പൊഖാറ, ലുംബിനി, ത്രിഭുവന്‍ എന്നീ വിമാനത്താവളങ്ങളും നിജ്ഗഢില്‍ നിര്‍ദേശിച്ചിട്ടുള്ള മറ്റൊരു വിമാനത്താവളവും പ്രവര്‍ത്തിപ്പിക്കുന്നതുവരെ പൊഖാറ, ഭൈരഹവ വിമാനത്താവളങ്ങളിലേക്കുള്ള വിമാനങ്ങള്‍ക്ക് ന്യൂഡല്‍ഹി അനുമതി നല്‍കില്ലല്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

അദാനിയുടെ പിന്തുണയോടെ ഇന്ത്യ നേപ്പാളിന്റെ ഐഎല്‍എസിന്റെ (Instrument Landing System) പ്രവര്‍ത്തനത്തെ സഹായിക്കും. പ്രത്യുപകാരമായി നേപ്പാളിലെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെയും പ്രവര്‍ത്തനവും നിര്‍ദ്ദിഷ്ട നിജ്ഗഡ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മ്മാണ ചുമതലയും അദാനി ഗ്രൂപ്പിന് ലഭിക്കണം- ഇങ്ങനെയാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഈ രീതിയിലുള്ള സമ്മര്‍ദ്ദ നയതന്ത്രം 2010 ഫെബ്രുവരി 20 ന് നേപ്പാളും ഇന്ത്യയും തമ്മില്‍ ഒപ്പുവച്ച ഉഭയകക്ഷി വ്യോമ കരാറിന് വിരുദ്ധമാണ്. അന്നത്തെ സിവില്‍ ഏവിയേഷന്‍ മന്ത്രി ശരത്സിംഗ് ഭണ്ഡാരിയും ഇന്ത്യന്‍ സഹമന്ത്രി എസ്എം കൃഷ്ണയും ഒപ്പുവച്ച കരാറില്‍, ഇരുരാജ്യങ്ങളുടെയും വിമാനങ്ങള്‍ നേപ്പാള്‍-ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും തടസ്സമില്ലാതെ പറക്കാന്‍ അനുവദിക്കുമെന്ന് സൂചിപ്പിച്ചിരുന്നു എന്നും ഹിമല്‍ ഖബര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയുടെ ‘അയല്‍പക്കത്തിന് ആദ്യം’ എന്ന നയ പ്രകാരം വ്യാപാരം, വാണിജ്യം, ഊര്‍ജം, ഗതാഗതം, കണക്റ്റിവിറ്റി, ശാസ്ത്രം, സാങ്കേതികവിദ്യ, പ്രതിരോധം, നദികള്‍, സമുദ്രകാര്യങ്ങള്‍ എന്നിവയില്‍ എല്ലാ അയല്‍ രാജ്യങ്ങള്‍ക്കും പിന്തുണ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി Screengrab, Copyright: BBC

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഈ വാഗ്ദാനങ്ങളുടെ യഥാര്‍ത്ഥ ഗുണഭോക്താവ് ആവട്ടെ ഗൗതം അദാനിയായിരുന്നു. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ധനികനായിരുന്ന ഗൗതം അദാനി അയല്‍ രാജ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മോദി നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ മുന്‍കൈയെടുക്കുകയോ അവസരം നല്‍കുകയോ ചെയ്തു.

2022 സെപ്റ്റംബറില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഉള്‍പ്പെടെയുള്ള നേതാക്കളുമായും ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് രാജപക്സെയുമായും അദാനി കൂടിക്കാഴ്ച നടത്തിയതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നു. അദാനിയുടെ കുടുംബാംഗങ്ങള്‍ മ്യാന്‍മറില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നുമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ മൂന്ന് ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ വികസിപ്പിക്കുന്നതിന് അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തുകയോ ചര്‍ച്ചകള്‍ നടത്തുകയോ ചെയ്തിട്ടുണ്ട്.

മ്യാന്‍മാറില്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള മ്യാന്‍മര്‍ എക്കണോമിക് കോര്‍പ്പറേഷന്‍ (എംഇസി) കമ്പനിയുടെ തുറമുഖ പദ്ധതിയുമായി അദാനി ഗ്രൂപ്പ് സഹകരിക്കുന്നതിന്റെ തെളിവുകളും പുറത്തുവന്നിരുന്നു.

യഥാര്‍ത്ഥത്തില്‍ അയല്‍ രാജ്യങ്ങളില്‍ അദാനി ഗ്രൂപ്പിന്റെ ബിസിനസ് താല്‍പ്പര്യങ്ങള്‍ ഉറപ്പുവരുത്തുന്ന ഏജന്റുമാരായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രാലയവും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

ശ്രീലങ്കയില്‍, അദാനി ഗ്രീന്‍ എനര്‍ജി മാന്നാറിലും പൂനേരിനിലും യഥാക്രമം 286 മെഗാവാട്ടിന്റെയും 234 മെഗാവാട്ടിന്റെയും രണ്ട് കാറ്റാടി വൈദ്യുത പദ്ധതികളിലായി 500 മില്യണ്‍ ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ട്. 2022 ആഗസ്റ്റില്‍ സ്ഥാപനത്തിന് ശ്രീലങ്കയില്‍ നിന്ന് താല്‍ക്കാലിക അനുമതി ലഭിച്ചു.

കൊളംബോ തുറമുഖത്തെ വെസ്റ്റ് കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതി 700 മില്യണ്‍ ഡോളറിനാണ് അദാനി സ്വന്തമാക്കിയത്. കൊളംബോ തുറമുഖത്ത് ഈസ്റ്റ് കണ്ടെയ്നര്‍ ടെര്‍മിനല്‍ വികസിപ്പിക്കുന്നതിന് ജപ്പാനുമായുള്ള 2019-ലെ കരാറില്‍ നിന്ന് അദാനി പുറത്തായിരുന്നു. എന്നാല്‍ വെസ്റ്റ് കണ്ടെയ്നര്‍ ടെര്‍മിനല്‍ നിര്‍മ്മിക്കാനുള്ള അനുമതി അദാനിക്ക് ലഭിച്ചു എന്നത് രസകരമാണ്.

500 മെഗാവാട്ടിന്റെ വിന്‍ഡ് എനര്‍ജി പദ്ധതി ഗൗതം അദാനിയ്ക്ക് കൈമാറാന്‍ നരേന്ദ്ര മോദി സമ്മര്‍ദ്ദം ചെലുത്തുന്നതായി ശ്രീലങ്കന്‍ പ്രസിഡന്റ് രാജപക്സെ പറഞ്ഞതായി ശ്രീലങ്കയിലെ വൈദ്യുതി അതോറിറ്റി മേധാവി ഫെര്‍ഡിനാന്‍ഡോ വെളിപ്പെടുത്തിയിരുന്നു. രണ്ട് ദിവസത്തിന് ശേഷം ഫെര്‍ഡിനാന്‍ഡോ തന്റെ പ്രസ്താവന പിന്‍വലിക്കുകയും തുടര്‍ന്ന് രാജിവെക്കുകയും ചെയ്തു.

കാറ്റില്‍ നിന്നും വൈദ്യുതി ഉണ്ടാക്കുന്ന പദ്ധതിക്കായി അദാനിക്ക് അനുകൂലമായി വൈദ്യുതി നിയമം ഭേദഗതി ചെയ്തതായി ശ്രീലങ്കയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ സമാഗി ജന ബാലവേഗയ ആരോപിച്ചിരുന്നു.

ഗൗതം അദാനി Screengrab, Copyright: Reuters

നേപ്പാളിലെ ജലവൈദ്യുത പദ്ധതികളെ ദക്ഷിണേഷ്യന്‍ പുനരുപയോഗ ഊര്‍ജ ഗ്രിഡുമായി ബന്ധിപ്പിക്കുന്നതിന് ട്രാന്‍സ്മിഷന്‍ ലൈനുകള്‍ സ്ഥാപിക്കാന്‍ അദാനി ഗ്രൂപ്പ് നിര്‍ദേശിച്ചതയുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇത്തരമൊരു ഗ്രിഡ് നേപ്പാളില്‍ നിന്നും ഭൂട്ടാനില്‍ നിന്നും ഭാവിയില്‍ ഇന്ത്യ, ബംഗ്ലാദേശ്, ഒരുപക്ഷേ ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് വൈദ്യുതി എത്തിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്.

കര്‍ണാലി ബേസിനിലെ ജലവൈദ്യുത പദ്ധതികളില്‍ അദാനി താല്‍പര്യം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കമ്പനി അധികൃതര്‍ ഈ ആവശ്യത്തിനായി നേപ്പാള്‍ സന്ദര്‍ശിച്ചിരുന്നെങ്കിലും ഇതുവരെ ഒരു പ്രഖ്യാപനം നടത്തിയിട്ടില്ല.

ബംഗ്ലാദേശിലെ വൈദ്യുതി വിതരണ കരാര്‍ അദാനിക്ക് ലഭിക്കുന്നതിന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് മേല്‍ പ്രധാനമന്ത്രി സമ്മര്‍ദ്ദം ചെലുത്തുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബംഗ്ലാദേശിലേക്ക് വൈദ്യുതി എത്തിക്കുന്നത് ജാര്‍ഖണ്ഡിലെ ഗോഡ്ഡ ജില്ലയില്‍ അദാനിയുടെ 1,600 മെഗാവാട്ട് കല്‍ക്കരിയില്‍ പ്രവര്‍ത്തിക്കുന്ന പവര്‍ പ്ലാന്റില്‍ നിന്നാണ്.

അദാനി പവറിന്റെ ഉടമസ്ഥതയിലുള്ള ഓസ്ട്രേലിയയിലെ കാര്‍മൈക്കല്‍ കല്‍ക്കരി ഖനിയില്‍ നിന്നാണ് പവര്‍ പ്ലാന്റിലേയ്ക്കുള്ള കല്‍ക്കരി എത്തിക്കുന്നത്. ഈ കല്‍ക്കരിയുടെ അമിതമായ വിലയെക്കുറിച്ചുള്ള ബംഗ്ലാദേശ് ആശങ്ക പങ്കുവെച്ചിരുന്നു. കല്‍ക്കരിയുടെ ഗതാഗതം ഉള്‍പ്പെടെയുള്ള ചെലവ് ബംഗ്ലാദേശ് വഹിക്കണം.

ബംഗ്ലാദേശ് പവര്‍ ഡെവലപ്മെന്റ് ബോര്‍ഡ് (ബിപിഡിബി) 2017 ലെ പവര്‍ പര്‍ച്ചേഴ്സ് കരാര്‍ പുനപ്പരിശോധിക്കുകയോ ഉയര്‍ന്ന ചെലവില്‍ കിഴിവ് നല്‍കാനോ ആവശ്യപ്പെട്ടിരുന്നു. ബിപിഡിബിയാണ് താപവൈദ്യുത നിലയങ്ങളില്‍ ഇറക്കുമതി ചെയുന്ന കല്‍ക്കരിക്ക് പണം നല്‍കുന്നത്.

പട്ടാള അട്ടിമറിയെ തുടര്‍ന്ന് രാജ്യത്തുടനീളം മനുഷ്യാവകാശ അതിക്രമങ്ങള്‍ നടത്തുന്ന മ്യാന്മര്‍ സൈന്യവുമായാണ് അദാനി ഗ്രൂപ്പ് സഹകരിക്കുന്നത്. യങ്കൂണിലെ കണ്ടെയ്‌നര്‍ തുറമുഖത്തിനായാണ് അദാനി ഗ്രൂപ്പും മ്യാന്മര്‍ സൈന്യവും സഹകരിക്കുന്നത്.

മനുഷ്യാവകാശ ലംഘനത്തെ തുടര്‍ന്ന് അമേരിക്കയുള്‍പ്പടെ ഉപരോധം ഏര്‍പ്പെടുത്തിയ മ്യാന്‍മര്‍ എക്കണോമിക് കോര്‍പ്പറേഷന്, അദാനി ഗ്രൂപ്പ് 52 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 380.60 കോടി രൂപ) നല്‍കുന്നതായി എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കണ്ടെയ്‌നര്‍ പോര്‍ട്ട് നിര്‍മാണത്തിനായി 290 ദശലക്ഷം യുഎസ് ഡോളറിന്റെ കരാറിലാണ് അദാനി ഗ്രൂപ്പ് ഒപ്പ് വെച്ചിരിക്കുന്നത്. അദാനി പോര്‍ട്ട്‌സ് ഉന്നത ഉദ്യോഗസ്ഥരും മ്യാന്മര്‍ സൈന്യത്തിന്റെ ഉന്നത പ്രതിനിധികളും 2019ല്‍ കണ്ടുമുട്ടിയതിന്റെ വിഡിയോ ദൃശ്യങ്ങളും ഫോട്ടോകളും എബിസി ന്യൂസ് പുറത്തുവിട്ടിരുന്നു.

പട്ടാള അട്ടിമറിക്ക് പിന്നാലെ സൈന്യത്തിന്റെ മ്യാന്‍മര്‍ എക്കണോമിക് കോര്‍പ്പറേഷന് അമേരിക്ക ഉപരോധമേര്‍പ്പെടുത്തിയിരുന്നു. 1997ല്‍ നിലവില്‍ വന്ന എംഇസി, മ്യാന്‍മര്‍ സൈന്യത്തിന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സാണ്.

യങ്കൂണിലെ കണ്ടെയ്‌നര്‍ തുറമുഖം Screengrab, Copyright: Myanmar Industrial Port

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വിഭിന്ന മേഖലകളില്‍ പുലര്‍ത്തുന്ന ആധിപത്യമാണ് അദാനിയുടെ വളര്‍ച്ചയുടെ കാതല്‍. തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, മാധ്യമ മേഖല, പ്രതിരോധം, ഡ്രോണുകള്‍, സോളാര്‍ പാനല്‍ നിര്‍മ്മാണം, ഊര്‍ജം, ഇലക്ട്രോലൈസറുകള്‍, ഡാറ്റാ സെന്റെറുകള്‍, നഗര നവീകരണ പദ്ധതികള്‍, കല്‍ക്കരി, നിര്‍മാണം, റിയല്‍ എസ്റ്റേറ്റ് തുടങ്ങി സകലമാന മേഖലകളിലേയ്ക്കും ബിസിനസ് വ്യാപിപ്പിച്ച് പടുകൂറ്റന്‍ സാമ്രാജ്യമാണ് അദാനി പടുത്തുയര്‍ത്തിയിരിക്കുന്നത്.

അദാനിയിന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖ ഓപറേറ്ററാണ്. അന്താരാഷ്ട്രതലത്തില്‍ ഇസ്രായേലിലെ ഹൈഫ തുറമുഖവും ഓസ്ട്രേലിയയിലെ അബോട്ട് പോയന്റും അദാനിയുടെ നിയന്ത്രണത്തിലാണ്. സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ വിമാനത്താവള ഓപറേറ്റര്‍മാരില്‍ ഒരാളാണ് അദാനി.

കോള്‍ ഇന്ത്യ ലിമിറ്റഡ് കഴിഞ്ഞാല്‍ കല്‍ക്കരി ഖനികളുടെ രണ്ടാമത്തെ വലിയ ഓപറേറ്റര്‍. ഇന്തോനേഷ്യയിലും ഓസ്ട്രേലിയയിലും അദാനിയ്ക്ക് ഖനികളുണ്ട്. ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ കല്‍ക്കരി ഇറക്കുമതിക്കാരാണ് അദാനി ഗ്രൂപ്പ്. എന്‍ടിപിസി കഴിഞ്ഞാല്‍ കല്‍ക്കരി ഉപയോഗിച്ചുള്ള ഏറ്റവും വലിയ വൈദ്യുതി ഉല്‍പാദകരുമാണ്.

മോദി വാഴ്ച തുടങ്ങും മുന്നെ തന്നെ ഗൗതം അദാനി ഒരു ബില്യണറാണ്. 3.8 ബില്യണ്‍ മാത്രമായിരുന്ന അദ്ദേഹത്തിന്റെ ആസ്തി ഒമ്പത് വര്‍ഷം കൊണ്ട് 3400% വളര്‍ന്നത് എങ്ങനെയെന്ന് അന്വേഷിച്ചാല്‍ മോദി-അദാനി കൂട്ടുകെട്ടിന്റെ യഥാര്‍ത്ഥ ചിത്രം വെളിപ്പെടും.

മോദി വിരിച്ച തണലില്‍ നിന്നാണ് അദാനി ഗ്രൂപ്പ് മാനം മുട്ടെ വളര്‍ന്നത്. പ്ലാസ്റ്റിക് അസംസ്‌കൃത വസ്തുക്കളുടെ ചെറുകിട ഇറക്കുമതിക്കാരനായിരുന്ന ഗൗതം അദാനി ഗുജറാത്തില്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായ ശേഷം കുതിച്ചുകയറിയ കഥ ഇങ്ങനെയാണ്.

മോദി-അദാനി ചങ്ങാത്തം

ചെറുകിട ഇറക്കുമതി വ്യാപാരിയായിരുന്ന ഗൗതം അദാനി 1998ല്‍ മുന്ദ്ര പോര്‍ട്ട് ഏറ്റെടുത്താണ് വ്യവസായ ലോകത്തേയ്ക്ക് ചുവടുവെക്കുന്നത്. മോദിയുടെ രാഷ്ട്രീയ വളര്‍ച്ചക്കൊപ്പമാണ് അദാനിയും വളര്‍ന്നത്. 2001ല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരത്തിലേറുമ്പോള്‍ അദാനിയുടെ ഏക യൂണിറ്റായ അദാനി എന്റര്‍പ്രൈസസിനേക്കാള്‍ 500 മടങ്ങുമുന്നിലായിരുന്നു റിലയന്‍സ്.

2001ല്‍ ഗുജറാത്തില്‍ അധികാരമേറ്റെടുത്തതിന് ശേഷം ബിജെപിക്കായി മുഖ്യമായും ഫണ്ട് ശേഖരിച്ചിരുന്ന പ്രമോദ് മഹാജനെ ആശ്രയിച്ചു മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ മോദി സ്വന്തമായി ഒരു കോടീശ്വരനെ വളര്‍ത്തിയെടുത്തു.

റിലയന്‍സ് അടക്കിവാണ ഗുജറാത്തിന്റെ ബിസിനസ് രംഗം മോദി അദാനിക്കുവേണ്ടി തുറന്നുകൊടുത്തു. 2022 ലെ ഗുജറാത്ത് കലാപത്തോടെയാണ് മോദിയും അദാനിയും ഒരേ അച്ചുതണ്ടില്‍ സഞ്ചരിക്കാന്‍ തുടങ്ങിയത്. നിക്ഷേപകര്‍ക്കിടയില്‍ മോദിയുടെ പ്രതിച്ഛായയ്ക്ക് കലാപം മങ്ങലേല്‍പ്പിച്ചു.

വ്യവസായികള്‍ക്ക് മോദിയിലുള്ള വിശ്വാസം നഷ്ടമായി. ഇത് തിരികെ പിടിച്ച് മോദിയുടെ പ്രതിഛായ രക്ഷിച്ചത് 2003ല്‍ നടന്ന നിക്ഷേപക സംഗമമായിരുന്നു. ഇതിന് മുന്‍കൈയെടുത്തതാവട്ടെ അദാനിയും. ഇതോടെ ഇരുവരും തമ്മിലുള്ള ദൃഢമായ കൂട്ടുകെട്ടിന് തുടക്കമായി.

അദാനിയുടെ വളര്‍ച്ചയ്ക്ക് മോദി കയ്യും കണക്കുമില്ലാതെ സഹായം ചെയ്തുതുടങ്ങി. 2006-07 സാമ്പത്തിക വര്‍ഷത്തില്‍ അദാനി ഗ്രൂപ്പിന്റെ വരുമാനം 16,953 കോടിയായിരുന്നു. 4,353 കോടിയായിരുന്നു ആകെ കടം. 2012-13 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 47,352 കോടിയായി ഉയര്‍ന്നു. ക്രെഡിറ്റ് സ്വിസിന്റെ റിപ്പോര്‍ട്ട് പ്രകാരം 81,122 കോടിയായിരുന്നു കടം. പക്ഷേ 61,762 കോടി മാത്രമാണ് കടമെന്നായിരുന്നു അദാനി ഗ്രൂപ്പ് അന്ന് അറിയിച്ചത്.

നരേന്ദ്ര മോദിയും ഗൗതം അദാനിയും Screengrab, Copyright: Mint

ഗുജറാത്ത് സര്‍ക്കാറിന്റെ പിന്തുണയാണ് വന്‍ തുക ബാങ്കുകളില്‍ നിന്ന് ലഭിക്കാനും ഹ്രസ്വകാലയളവില്‍ വന്‍ വളര്‍ച്ച കൈവരിക്കാനും അദാനിയെ സഹായിച്ചതെന്ന് അന്നുതന്നെ ആക്ഷേപമുയര്‍ന്നിരുന്നു.

ഗുജറാത്തിന് പുറത്തേക്കും അദാനി സാമ്രാജ്യം വ്യാപിപ്പിക്കുന്നത് മോദിയുടെ ഭരണകാലത്താണ്. തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി മോദി പറന്നത് അദാനിയുടെ ഹെലികോപ്റ്ററിലായിരുന്നു.

മോദി പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആയപ്പോള്‍ തന്നെ അദാനിയുടെ യൂണിറ്റുകളായ അദാനി എന്റര്‍പ്രൈസസ്, അദാനി പവര്‍ ലിമിറ്റഡ്, അദാനി പോര്‍ട്സ് ആന്റ് സ്പെഷല്‍ എക്ണോമിക്് സോണ്‍സ് ലിമിറ്റഡ് എന്നിവയുടെ ഷെയറുകള്‍ മൂല്യം മൂന്നുമടങ്ങായി ഉയര്‍ന്നു.

പൊളിഞ്ഞ കമ്പനികളുടെ ആസ്തികള്‍ അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. അതിനൊക്കെ പണം എവിടെനിന്ന് കിട്ടുന്നുവെന്ന ചോദ്യമുണ്ടായില്ല. മൂല്യം പെരുപ്പിച്ച് കാട്ടിയ ഓഹരികള്‍ പണയംവച്ച് ബാങ്ക് വായ്പകള്‍ എടുത്തു. സര്‍ക്കാര്‍ അതിനുള്ള വഴിയൊരുക്കിക്കൊടുത്തു.

മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള പദ്ധതികളുടെ സര്‍ക്കാര്‍ ടെണ്ടറുകള്‍ മൊത്തമോ ഭൂരിഭാഗമോ കൈക്കലാക്കിയത് അദാനി ഗ്രൂപ്പാണ്.

2018ല്‍ മോദി സര്‍ക്കാര്‍ ആറു വിമാനത്താവളങ്ങളുടെ സ്വകാര്യവല്‍ക്കരണം പ്രഖ്യാപിക്കുകയും വിമാനത്താവള നടത്തിപ്പില്‍ പൂര്‍വ്വ പരിചയമില്ലാത്ത കമ്പനികളെ കൂടി ലേലത്തില്‍ ഉള്‍പ്പെടുത്താന്‍ നിയമ ഭേദഗതി കൊണ്ടുവരികയും ചെയ്തു.

ആറ് വിമാനത്താവളങ്ങളുടെയും കരാര്‍ ലേലത്തില്‍ നേടി വിമാനത്താവള നടത്തിപ്പില്‍ പരിചയസമ്പത്ത് ഇല്ലാത്ത അദാനി ഗ്രൂപ്പ് ഈ നിയമ ഭേദഗതിയുടെ ഏറ്റവും വലിയ ഗുണഭോക്താവായി മാറി.

13ഓളം ആഭ്യന്തര തുറമുഖങ്ങള്‍ ഇന്ന് പൂര്‍ണമായി അദാനിയുടെ നിയന്ത്രണത്തിലാണ്. മാത്രമല്ല, കല്‍ക്കരി ഖനികളിലും അദാനി ഭാഗ്യം പരീക്ഷിച്ചു. ഛത്തീസ്ഗഢില്‍ കല്‍ക്കരി ഖനിയിലേക്കും മഹാരാഷ്ട്രയിലെ വൈദ്യുത നിലയങ്ങളിലേക്കും അദാനി കടന്നുകയറി.

അദാനിയുടെ കല്‍ക്കരി വ്യവസായത്തിന് കേന്ദ്ര സര്‍ക്കാര്‍ വഴിവിട്ട സഹായങ്ങള്‍ ചെയ്തുവെന്ന് തെളിക്കുന്ന രേഖകള്‍ പുറത്തുവന്നിരുന്നു. 2014 ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറ്റ ഉടനെ ഇന്ത്യയിലെ സ്വകാര്യ കല്‍ക്കരി ഖനനത്തെ നിയന്ത്രിക്കുന്ന പ്രത്യേക നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു.

ഇന്ത്യയുടെ നിബിഡ വനമേഖലകളിലെ ഖനികളില്‍ നിന്ന് 450 മില്യണ്‍ ടണ്‍ കല്‍ക്കരി ഖനനം ചെയ്യ്തെടുക്കാന്‍ അദാനി എന്റെര്‍പ്രസസ്സ് ലിമിറ്റഡ് എന്ന കമ്പനിയെ സഹായിക്കും വിധത്തിലാണ് ഈ നിയന്ത്രണങ്ങള്‍ മാറ്റിയെഴുതിയത്.

2021 ലാണ് ഇന്ത്യയെ ഗ്രീന്‍ പവര്‍ ഹബ്ബാക്കുകയെന്ന ലക്ഷ്യം മോദി മുന്നോട്ടുവെച്ചത്. കേന്ദ്ര സര്‍ക്കാറിന്റെ ഈ പ്രഖ്യാപനം നേട്ടമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫ്രഞ്ച് കമ്പനി ടോട്ടല്‍ എനര്‍ജിയുമായി ചേര്‍ന്ന് 50 ബില്യണ്‍ ഡോളറിന്റെ ഗ്രീന്‍ ഹൈഡ്രജന്‍ ഇക്കോസിസ്റ്റം അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചത്. ഇത്തരത്തില്‍ നേട്ടമുണ്ടാക്കാവുന്ന മേഖലകളില്‍ കൃത്യമായ സമയത്ത് നിക്ഷേപം നടത്താന്‍ മോദിയുടെ സൗഹൃദം അദാനിയെ സഹായിച്ചു.

പ്രതിരോധ മേഖലയില്‍ തന്ത്രപ്രധാനമായ നിക്ഷേപം അദാനിക്കുണ്ട്. എലാറയെന്ന കടലാസ് കമ്പനിയെ കൂടി ഉപയോഗിച്ചായിരുന്നു പ്രതിരോധ മേഖലയിലെ അദാനിയുടെ നിക്ഷേപം. അദാനി ഗ്രൂപ്പില്‍ നിക്ഷേപമുള്ള കമ്പനികളിലൊന്നാണ് എലാറ.

ഏകദേശം ഒമ്പതിനായിരം കോടിയുടെ നിക്ഷേപം അദാനിയുടെ വിവിധ കമ്പനികളില്‍ എലാറക്കുണ്ട്. എലാറയും അദാനി ഗ്രൂപ്പുമാണ് ബംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആല്‍ഫ ഡിസൈന്‍ പ്രൈവറ്റ് ടെക്‌നോളജിയെന്ന കമ്പനിയുടെ പ്രൊമോട്ടര്‍മാര്‍.

ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയ്ക്ക് സഹായിക്കാന്‍ അദാനി ഗ്രൂപ്പ് ഡ്രോണുകള്‍ ഇസ്രായേലിന് കൈമാറി എന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ കര്‍ഷക സമരത്തിലേക്കു നയിച്ച തീരുമാനത്തിനു പിന്നിലും മോദി- അദാനി ബന്ധമായിരുന്നു.

കാര്‍ഷിക മേഖല മുതല്‍ പ്രകൃതിവിഭവങ്ങളടക്കം കൊള്ളയടിക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് സൗകര്യം ചെയ്തുകൊടുക്കുന്ന മോദി -അദാനി നയങ്ങള്‍ക്കെതിരായ സമരത്തിനു മുന്നില്‍ മോദിക്കു മുട്ടുമടക്കേണ്ടിവന്നു.

കര്‍ഷക സമരം Screengrab, Copyright: Reuters

അദാനിയുടെ അതിവേഗമുള്ള ഈ വളര്‍ച്ചക്കു പിന്നിലെ സാമ്പത്തിക ഉറവിടം സംശയകരമായി തുടര്‍ന്നു. അദാനി ഗ്രൂപ്പിന്റെ തട്ടിപ്പുകള്‍ ഹിന്‍ഡന്‍ബര്‍ഗ് തുറന്നു കാട്ടും വരെ ആ ദുരൂഹത നിലനിന്നു. ഗൗതം അദാനി ചരിത്രത്തിലെ ഏറ്റവും വലിയ കമ്പോള കൃത്രിമത്വവും സാമ്പത്തിക തിരിമറിയും നടത്തി എന്ന വെളിപ്പെടുത്തല്‍ 2023 ജനുവരിയിലാണ് പുറത്തുവരുന്നത്.

ഹിന്‍ഡന്‍ബര്‍ഗ് എന്ന ഗവേഷണ സ്ഥാപനം 2023 ജനുവരി 24ന് പുറത്തിറക്കിയ ‘Adani Group: How the World’s 3rd Richest Man is Pulling The Largest Con in Corporate History’ എന്ന റിപ്പോര്‍ട്ടിലൂടെയാണ് തട്ടിപ്പിന്റെ വിശദാംശങ്ങള്‍ പുറംലോകം അറിയുന്നത്. രണ്ടു വര്‍ഷത്തോളം നീണ്ടുനിന്ന തങ്ങളുടെ അന്വേഷണങ്ങളുടെ ഫലമാണ് ഈ റിപ്പോര്‍ട്ടെന്ന് ഹിന്‍ഡന്‍ബര്‍ഗ് അവകാശപ്പെടുന്നുണ്ട്.

വിശദാംശങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിന്റെ മൊത്തം കമ്പോളമൂല്യം പകുതിയോളമായി ഇടിയുകയും അദാനി ഗ്രൂപ്പ് നടത്താനിരുന്ന 20,000 കോടി രൂപയുടെ എഫ്പിഒയില്‍ നിന്ന് അവര്‍ പിന്‍വാങ്ങുകയും നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കും എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ആധുനിക ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക ക്രമക്കേടുകളിലൊന്ന് എന്നാണ് അദാനി ഗ്രൂപ്പിന്റെ ഓഹരി തിരിമറിയെ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്ട് (ഒസിസിആര്‍പി) വിശദീകരിക്കുന്നത്. അദാനി ഗ്രൂപ്പിന്റെ ഓഹരി വില കൃത്രിമമായി ഉയര്‍ത്തിക്കാട്ടാന്‍ രണ്ട് പങ്കാളികളെയും അവരുടെ ഓഫ്ഷോര്‍ സ്ഥാപനങ്ങളെയും ഉപയോഗിച്ചെന്നാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തല്‍.

രഹസ്യമായി സ്വന്തം കമ്പനികളില്‍ നിക്ഷേപം നടത്തി ഓഹരി മൂല്യം ഉയര്‍ത്തി, ഓഫ്ഷോര്‍ സ്ഥാപനങ്ങള്‍ വഴി വിദേശത്തേക്ക് പണമൊഴുക്കി തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ഇത്തരത്തില്‍ രണ്ട് ഓഫ്‌ഷോര്‍ കമ്പനികള്‍ വഴി നിക്ഷേപം നടത്തിയവരുടെ വിവരങ്ങളും അവര്‍ക്ക് അദാനി ഗ്രൂപ്പുമായുള്ള വര്‍ഷങ്ങളോളമുള്ള ബന്ധവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

അദാനിയുടെ കടലാസ് കമ്പനികളിലേക്ക് 20,000 കോടിയുടെ നിക്ഷേപം വന്നത് എങ്ങനെയെന്ന് ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുകയാണ്. രാജ്യത്തെ ഓഹരി വിപണി നിയന്ത്രിക്കുന്ന ഔദ്യോഗിക സ്ഥാപനമായ സെബി(SEBI) പോലും അദാനി സ്ഥാപനങ്ങളിലെ 12ഓളം നിക്ഷേപകര്‍ സംശയാസ്പദമായ പശ്ചാത്തലമുള്ളവരാണെന്ന് വെളിപ്പെടുത്തിയിരുന്നു.

മോദി-അദാനി ബന്ധത്തിന് തെളിവായി ഇരുവരും തമ്മിലുള്ള യാത്രകളെ നിരവധി തവണ പ്രതിപക്ഷം ഉള്‍പ്പടെ ഉയര്‍ത്തി കാണിച്ചിട്ടുണ്ട്. 2014ല്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മോദി ഡല്‍ഹിയിലേക്ക് പറന്നത് അദാനിയുടെ വിമാനത്തിലായിരുന്നു.

മോദിയുടെ അന്താരാഷ്ട്ര യാത്രകളിലും നിത്യസാന്നിധ്യമായിരുന്നു അദാനി. മോദിയുടെ യുഎസ്, ആസ്‌ട്രേലിയ, ബ്രസീല്‍, ജപ്പാന്‍, ഫ്രാന്‍സ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങളിലെല്ലാം അദാനിയുടെ സാന്നിധ്യവുമുണ്ടായിരുന്നു.

ഈ യാത്രകള്‍ അദാനിയെ പല കരാറുകളും നേടുന്നതിന് സഹായിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തിനേറെ മോദി അദാനി ബന്ധം സംബന്ധിച്ച ആരോപണങ്ങള്‍ പാര്‍ലമെന്ററി രേഖകളില്‍ നിന്ന് നീക്കം ചെയ്തുവരെ മോദി തന്റെ ചങ്ങാതിയെ സഹായിച്ചിട്ടുണ്ട്.

FAQs

ആരാണ് ഗൗതം അദാനി?

ബഹുരാഷ്ട്ര ബിസിനസ് സ്ഥാപനമായ അദാനി ഗ്രൂപ്പിന്‍റെ സ്ഥാപകനും ചെയർമാനുമായ ഒരു ഇന്ത്യൻ വ്യവസായിയാണ് ഗൗതം ശാന്തിലാൽ അദാനി.

ആരാണ് നരേന്ദ്ര മോദി?

ഇന്ത്യൻ പ്രധാനമന്ത്രിയായ രാഷ്ട്രീയ പ്രവർത്തകനാണ് നരേന്ദ്ര ദാമോദർദാസ് മോദി എന്ന നരേന്ദ്ര മോദി.

എന്താണ് ഹിഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്?

അദാനി ഗ്രൂപ്പ് നിരവധി വര്‍ഷങ്ങളായി ഒരു കൃത്രിമ സ്റ്റോക്ക് സ്‌കീമിലും അക്കൗണ്ടിംഗ് വഞ്ചനയിലും ഏര്‍പ്പെട്ടതായി ആരോപിക്കുന്ന റിപ്പോര്‍ട്ട്.

Quotes

“സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും പഠിപ്പിക്കുന്ന മതമാണ് ഞാൻ ഇഷ്ടപ്പെടുന്നത്- ഡോ. ബി ആര്‍ അംബേദ്‌ക്കര്‍.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.