Mon. Oct 7th, 2024

 

തിരുവനന്തപുരം: കെഎസ്ഇബി സെക്ഷന്‍ ഓഫീസ് അതിക്രമിച്ച കേസിലെ പ്രതിയുടെ പിതാവിന്റെ പേരിലുള്ള വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച സംഭവത്തില്‍ പ്രതികരണവുമായി വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കെഎസ്ഇബിയുടേത് പ്രതികാര നടപടിയല്ലെന്ന് മന്ത്രി പറഞ്ഞു.

ജീവനക്കാരെ സംരക്ഷിക്കാനാണ് എംഡി അത്തരമൊരു നടപടിയെടുത്തതെന്നും സംഭവത്തെ ന്യായീകരിച്ച് മന്ത്രി പറഞ്ഞു. കോഴിക്കോട് തിരുവമ്പാടിയിലാണ് സംഭവം.

അസിസ്റ്റന്റ് എന്‍ജിനീയറടക്കമുള്ള ജീവനക്കാരെ മര്‍ദ്ദിച്ചെന്നും ഏതാണ്ട് മൂന്നുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കിയെന്നും ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് തിരുവമ്പാടി മണ്ഡലം മുന്‍ പ്രസിഡന്റ് യുസി അജ്മലിന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചത്.

അതേസമയം, വീടും വൈദ്യുതി കണക്ഷനും തന്റെ പേരിലാണെന്ന് അജ്മലിന്റെ പിതാവ് ഉള്ളാട്ടില്‍ അബ്ദുല്‍ റസാഖ് പറഞ്ഞിരുന്നു.

‘കെഎസ്ഇബി കമ്പനിയാണ്, അവര്‍ക്ക് വൈദ്യുതി വിച്ഛദിക്കാനുള്ള അധികാരമുണ്ട്. ബില്‍ അടയ്ക്കാതിരുന്നാല്‍ വൈദ്യുതബന്ധം വിച്ഛേദിക്കും. അതിന് ജീവനക്കാരനെ മര്‍ദ്ദിക്കുകയും ഓഫീസില്‍ കേറി വലിയ അക്രമം കാണിക്കുകയും ചെയ്തു. അതുകൊണ്ട് ചെയ്തത് ശരിയാണെന്നല്ലേ തോന്നൂ.

ഇനി എംഡി പറഞ്ഞിട്ട് കണക്ഷന്‍ കൊടുക്കാന്‍ പോയാല്‍ അക്രമിക്കില്ലെന്ന് ആരാണ് ഉറപ്പുതരുക. അതുകൊണ്ടാണ് അങ്ങനെയൊരു തീരുമാനം എടുത്തത്. വീട്ടില്‍ വൈദ്യുതി പുനസ്ഥാപിക്കും. വൈദ്യുതി ബോര്‍ഡ് ചെയര്‍മാനുമായി സംസാരിച്ചിട്ടുണ്ട്. ഉദ്യാഗസ്ഥര്‍ക്ക് സുരക്ഷ നല്‍കാമെന്ന് പൊലീസ് ഉറപ്പുംനല്‍കിയിട്ടുണ്ട്.’, മന്ത്രി വ്യക്തമാക്കി.

‘യുപി മോഡല്‍ പ്രതികാരമല്ല. മൂന്നുപേരെ മര്‍ദ്ദിച്ചു. ഇനിയും മര്‍ദ്ദിക്കുമെന്നാണ് പറയുന്നത്. പണം അടച്ച് കണക്ഷന്‍ കിട്ടിയ ശേഷം എന്തിനാണ് മര്‍ദ്ദിക്കാന്‍ പോയത്. കണക്ഷന്‍ കിട്ടുന്നത് വൈകിയാല്‍ തല്ലാനും അടിക്കാനും നശിപ്പിക്കാനുമുള്ള അധികാരം ആരെങ്കിലും കൊടുത്തിട്ടുണ്ടോ? ജീവനക്കാരെ സംരക്ഷിക്കാനാണ് എംഡി അങ്ങനെയൊരു നടപടി എടുത്തത്. ജീവനക്കാര്‍ അവിടെപ്പോയി അക്രമമുണ്ടായാല്‍ ആര് മറുപടി പറയും’, അദ്ദേഹം ചോദിച്ചു.

തിരുവമ്പാടി പോലീസ് സ്റ്റേഷന് സമീപമുള്ള വീട്ടില്‍ വൈദ്യുതി ബില്‍ കുടിശ്ശിക വരുത്തിയതുമൂലം കണക്ഷന്‍ വിച്ഛേദിച്ച ലൈന്‍മാന്‍ പി പ്രശാന്തിനെയും സഹായി എം കെ അനന്തുവിനെയും വെള്ളിയാഴ്ച വൈകുന്നേരം വീട്ടുപരിസരത്തുവെച്ച് അജ്മലിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചിരുന്നു.

അസി. എന്‍ജിനിയര്‍ പിഎസ് പ്രശാന്തിന്റെ പരാതിയില്‍ പോലീസ് കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. പരാതി നല്‍കിയതിലുള്ള അരിശമാണ് എന്‍ജിനിയറുടെ നേര്‍ക്ക് കാണിച്ചതെന്ന് ജീവനക്കാര്‍ പറയുന്നു.

കെഎസ്ഇബി ജീവനക്കാര്‍ക്കെതിരെ അജ്മലിന്റെ മാതാവ് മറിയവും രംഗത്തെത്തിയിരുന്നു. ജീവനക്കാരാണ് മക്കളെ ആക്രമിച്ചതെന്ന് മറിയം പറഞ്ഞു. ഓഫിസിലെ ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്തത് ജീവനക്കാര്‍ തന്നെയാണെന്നും അവര്‍ പറഞ്ഞു.

താന്‍ ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയോ ഓഫിസ് തകര്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് കേസിലെ പ്രതി അജ്മല്‍ പ്രതികരിച്ചിരുന്നു. വീട്ടിലുണ്ടായിരുന്ന പഴയ കറിയെടുത്ത് ഓഫിസിലെ ഉദ്യോഗസ്ഥരുടെ തലയില്‍ താന്‍ ഒഴിച്ചു. മറ്റുള്ള ആരോപണങ്ങളെല്ലാം തെറ്റാനിന്നാണ് അജ്മല്‍ പറഞ്ഞത്.