Sat. Jan 18th, 2025

 

കൊല്‍ക്കത്ത: കോടതിയെ ക്ഷേത്രമായും ജഡ്ജിമാരെ ദൈവമായും കാണുന്നത് അപകടമാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. കൊല്‍ക്കത്തയില്‍ നടന്ന നാഷണല്‍ ജുഡീഷ്യല്‍ അക്കാദമിയുടെ ഈസ്റ്റ് സോണ്‍ 2 റീജിയണല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘പലപ്പോഴും ബഹുമാനത്തോടെ ജഡ്ജിമാരെ പ്രഭുവെന്നോ ദൈവമെന്നോ ആളുകള്‍ വിളിക്കാറുണ്ട്. കോടതി നീതിയുടെ ക്ഷേത്രമാണെന്നും ആളുകള്‍ പറയുന്നുണ്ട്. ഇതില്‍ ഗുരുതരമായ അപകടമുണ്ട്. ആ ക്ഷേത്രങ്ങളിലെ ദൈവങ്ങളായി നാം സ്വയം കാണുന്നതും വലിയ അപകടമാണ്’, ചന്ദ്രചൂഡ് പറഞ്ഞു.

ജഡ്ജിമാര്‍ ജനങ്ങളുടെ സേവകരാണെന്നും ജനാധിപത്യത്തിലൂന്നിയായിരിക്കണം അവര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മറ്റുള്ളവരെ സേവിക്കാനുള്ള ആളുകളായി നിങ്ങള്‍ നിങ്ങളെ തെരഞ്ഞെടുക്കുമ്പോള്‍ സഹാനുഭൂതിയോടെയും അനുകമ്പയോടെയും ആളുകളെ നോക്കി കാണുന്നതിന് പ്രാധാന്യമുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘ക്രിമിനല്‍ കേസില്‍ ആരെയെങ്കിലും ശിക്ഷിക്കുമ്പോള്‍ പോലും ജഡ്ജിമാര്‍ അനുകമ്പയോടെയാണ് ശിക്ഷ വിധിക്കുന്നത്. കാരണം, അവസാനം ശിക്ഷിക്കപ്പെടുന്നത് ഒരു മനുഷ്യനാണെന്ന ബോധ്യം അയാള്‍ക്കുണ്ടാകുന്നു’, ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.

ഭരണഘടനയുടെ പ്രാധാന്യത്തെക്കുറിച്ച് എടുത്ത് പറഞ്ഞ അദ്ദേഹം, ജനാധിപത്യ വ്യവസ്ഥയില്‍ ഭരണഘടനാപരമായ വസ്തുതകള്‍ എത്രമാത്രം വില മതിക്കുന്നതാണെന്ന് സൂചിപ്പിക്കുകയുണ്ടായി.

വൈവിധ്യം, ഉള്‍കൊള്ളല്‍, സഹിഷ്ണുത തുടങ്ങിയ ഭരണഘടനാപരമായ ധാര്‍മ്മികത പാലിക്കല്‍ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാപരമായ ധാര്‍മ്മികതയുടെ ഈ ആശയങ്ങള്‍ സുപ്രീംകോടതിയിലോ ഹൈക്കോടതിയിലോ ഉള്ള ജഡ്ജിമാര്‍ക്ക് മാത്രമല്ല, ജില്ലാ ജുഡീഷ്യറിക്ക് തന്നെ പ്രധാനമാണെന്നും സാധാരണ പൗരന്മാരുടെ ഇടപെടല്‍ ആദ്യം ആരംഭിക്കുന്നത് ജില്ലാ ജുഡീഷ്യറിയില്‍ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.