Wed. Dec 18th, 2024

 

മലപ്പുറം: മലബാറില്‍ ഇതുവരെ പ്ലസ് വണ്‍ സീറ്റ് ലഭിക്കാത്ത വിദ്യാര്‍ഥികളുടെ കണക്ക് പുറത്തുവിട്ട് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ്. . 83,133 കുട്ടികളാണ് പ്ലസ് വണ്ണില്‍ പ്രവേശനം കിട്ടാതെ സീറ്റിനായി കാത്തിരിക്കുന്നത്.

മലപ്പുറത്ത് മാത്രം 31,482 കുട്ടികള്‍ക്ക് പ്രവേശനം ലഭിച്ചില്ല. പാലക്കാട് 17,399 ഉം കോഴിക്കോട് 16101 പേര്‍ക്കും അഡ്മിഷന്‍ ലഭിച്ചില്ല.

മെറിറ്റ് സീറ്റ്, അണ്‍ എയ്ഡഡ് സീറ്റുകള്‍, മാനേജ്‌മെന്റ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, സ്‌പോട്‌സ് ക്വാട്ട, എംആര്‍എസ് ക്വാട്ട എന്നിവയില്‍ പ്രവേശനം നേടിയവരുടെതടക്കമുള്ള കണക്കാണ് പുറത്ത് വിട്ടത്. പുതിയ ലിസ്റ്റില്‍ ഒരോ ഇനത്തിലും എത്ര ഒഴിവുണ്ടെന്ന് രേഖപ്പെടുത്തിയിട്ടില്ല.

മലപ്പുറത്ത് 49,906 പ്ലസ് വണ്‍ സീറ്റുകളില്‍ ഇതുവരെ പ്രവേശനം നേടിയിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞത്. 10,897 പേര്‍ അലോട്ട്മെന്റ് കിട്ടിയിട്ടും പ്രവേശനം നേടിയിട്ടില്ല. 14,037 പേര്‍ മാത്രമാണ് മലപ്പുറത്ത് ഇനി പ്ലസ്വണ്ണിന് അഡ്മിഷനു വേണ്ടി കാത്തിരിക്കുന്നത് എന്നും മന്ത്രി പറഞ്ഞിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ കണക്കുകളെ തള്ളുന്നതാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റ പുതിയ കണക്കുകള്‍.

അതേസമയം, പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ എസ്എഫ്‌ഐ നാളെ മുതല്‍ സമരം തുടങ്ങും. 11 മണിക്ക് മലപ്പുറം കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തും. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അവര്‍ത്തിക്കുന്നതിനിടെയാണ് എസ്എഫ്‌ഐ മാര്‍ച്ച് പ്രഖ്യാപിച്ചത്.