Fri. Nov 8th, 2024

 

ഹൈദരാബാദ്: കാര്‍ഷിക ലോണുകള്‍ എഴുതിത്തള്ളുമെന്ന രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനം നിറവേറ്റി തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി. സംസ്ഥാനത്തെ കര്‍ഷകരുടെ രണ്ട് ലക്ഷം വരെ വരുന്ന വായ്പകള്‍ എഴുതിതള്ളും. 2022 മെയ് ആറിന് വാറങ്കലില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുല്‍ ഗാന്ധി കാര്‍ഷിക ലോണുകള്‍ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചത്.

ഏകദേശം 40 ലക്ഷത്തോളം വരുന്ന കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കര്‍ഷക സമൂഹത്തെ പിന്തുണയ്ക്കാനുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയുടെ കൂടി ഭാഗമായാണ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ചത്. ഏകദേശം 31,000 കോടി രൂപയാണ് വായ്പ എഴുതിത്തള്ളലിനായി സര്‍ക്കാറിന് ചെലവാകുക.

കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഹരിക്കാനുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സമര്‍പ്പണത്തിന്റെ കൂടി ഭാഗമാണിതെന്ന് മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി വ്യക്തമാക്കി. അതേസമയം ലോണ്‍ എഴുതിതള്ളുന്നതിന്റെ മാനദണ്ഡം വരും ദിവസങ്ങളില്‍ തീരുമാനിക്കും. ഇതിനായി സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ തന്നെ നിയോഗിച്ചിട്ടുണ്ട്.

”തെലങ്കാനയിലെ കര്‍ഷകര്‍ക്ക് അഭിനന്ദനങ്ങള്‍. നിങ്ങളുടെ രണ്ട് ലക്ഷം വരെയുള്ള കടങ്ങള്‍ എഴുതിതള്ളിയിരിക്കുന്നു. 2022 മെയ് ആറിന് രാഹുല്‍ ഗാന്ധിയാണ് കടങ്ങള്‍ എഴുതിതള്ളുമെന്ന വാഗ്ദാനം നിങ്ങള്‍ക്ക് നല്‍കിയത്. ഇന്നിതാ നിങ്ങളുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആ വാഗ്ദാനം നിറവേറ്റിയിരുന്നു. പറയുന്നതാണ് ചെയ്യുന്നത്. ഞങ്ങള്‍ കോണ്‍ഗ്രസാണ്”, രേവന്ത് റെഡ്ഡി പറഞ്ഞു.

തെലങ്കാന സര്‍ക്കാറിന്റെ തീരുമാനത്തെ ചരിത്രപരം എന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വിശേഷിപ്പിച്ചത്. ദരിദ്രര്‍ക്കും യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാറായിരിക്കുമെന്ന വാഗ്ദാനമാണ് ഞങ്ങള്‍ നിറവേറ്റിയിരിക്കുന്നതെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.