Sat. Jan 18th, 2025

 

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കാനുള്ള നീക്കത്തിന് പിന്നാലെ സൂപ്രണ്ടിനോട് വിശദീകരണം തേടി ജയില്‍ ഡിജിപി. പ്രതികള്‍ക്ക് ശിക്ഷാ ഇളവിന് റിപ്പോര്‍ട്ട് തേടിയത് ആഭ്യന്തര മന്ത്രാലയത്തിന്റെ ചട്ടപ്രകാരമാണെന്നാണ് ജയില്‍ സൂപ്രണ്ടിന്റെ വിശദീകരണം

ടിപി കേസിലെ പ്രതികള്‍ക്ക് ഇളവ് നല്‍കില്ലെന്ന് ജയില്‍ മേധാവി വ്യക്തമാക്കി. പുതുക്കിയ പട്ടിക നല്‍കാന്‍ ആവശ്യപ്പെടുമെന്നും ജയില്‍ ഡിജിപി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള നീക്കം മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് ജയില്‍ ഡിജിപിയുടെ വിശദീകരണം.

ശിക്ഷ ഇളവ് നല്‍കാനായി 188 തടവുകാരുടെ പട്ടിക തയ്യാറാക്കിയിരുന്നു. 2022 നവംബറില്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ മാനദണ്ഡ പ്രകാരമാണ് ടിപി കേസ് പ്രതികളെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. 188 പേരുടെയും വിടുതല്‍ സംബന്ധിച്ചും പൊലീസിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്

ടിപി വധക്കേസിലെ മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, ടികെ രജീഷ് എന്നീ പ്രതികള്‍ക്ക് ഇളവുനല്‍കാനായിരുന്നു ശ്രമം. നാല്, അഞ്ച്, ആറ് പ്രതികളാണ് ഇവര്‍. കോടതിവിധി മറികടന്നായിരുന്നു സര്‍ക്കാരിന്റെ നടപടി. മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, ടികെ രജീഷ് എന്നിവര്‍ ഉള്‍പ്പടെ വിവിധ കേസുകളിലെ 56 പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.

കേസിലെ ഇരകളുടെ ബന്ധുക്കള്‍, പ്രതികളുടെ അയല്‍വാസികളും ബന്ധുക്കളും എന്നിവരോട് സംസാരിച്ചശേഷം റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാനായിരുന്നു ആവശ്യം. ശിക്ഷായിളവ് തേടി ടിപി കേസ് പ്രതികള്‍ ഒരുമാസം മുന്‍പ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ആവശ്യം തള്ളിയിരുന്നു.