Mon. Dec 2nd, 2024

 

തിരുവനന്തപുരം: മഴ ശക്തമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് മുന്നറിയിപ്പ് നല്‍കി. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്.

ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂണ്‍ 26 വരെ കേരള- കര്‍ണ്ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 26 വരെ കേരള- കര്‍ണ്ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിടിക്കാന്‍ സാധ്യതയുണ്ട്.

അതേസമയം, തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യൂനമര്‍ദ്ദപാത്തിയുടെ സാന്നിധ്യമുണ്ട്. പടിഞ്ഞാറന്‍ തീരമേഖലയില്‍ കാലവര്‍ഷകാറ്റ് അടുത്ത മൂന്നു ദിവസം ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.

ഒഡിഷക്കും ഛത്തിസ്ഗഡിന്റെ സമീപപ്രദേശങ്ങളിലായി ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. മറ്റൊരു ചക്രവാതച്ചുഴി മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കു-കിഴക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായി ഇടി മിന്നലോടു കൂടിയ മിതമായ, ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.