Sat. Jan 18th, 2025
Supreme Court Criticizes NTA Over NEET Exam Irregularities

നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ പരീക്ഷാ നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിങ് ഏജൻസിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. തെറ്റു പറ്റിയെങ്കില്‍ അതുതുറന്ന് സമ്മതിക്കാന്‍ എന്‍ടിഎ തയാറാവണമെന്നും പരീക്ഷാ നടത്തിപ്പുകാരെന്ന നിലയിൽ നീതിപൂർവമായ രീതിയിൽ പ്രവർത്തിക്കാനുള്ള ബാധ്യത എൻടിഎക്കുണ്ടെന്നും ജസ്റ്റിസുമാരായ വിക്രം നാഥും എസ്‌വിഎന്‍ ഭട്ടിയും അടങ്ങിയ അവധിക്കാല ബെഞ്ച് വ്യക്തമാക്കി.

പരീക്ഷയ്ക്ക് തയാറെടുക്കാനായി വിദ്യാർത്ഥികൾ നീക്കിവെച്ച സമയത്തിനും അവരുടെ അധ്വാനത്തേയും ഏജൻസി മാനിക്കണമെന്നും കോടതി പറഞ്ഞു. വിദ്യാർത്ഥികൾ കഠിനമായ തയാറെടുപ്പിനു ശേഷമാണ് പരീക്ഷയ്ക്കു വരുന്നത്. അതുകണ്ടില്ലെന്നു നടിക്കാനാവില്ല. 0.001 ശതമാനം വീഴ്ചയാണെങ്കില്‍ക്കൂടി കര്‍ശന നടപടി തന്നെ വേണമെന്ന് സുപ്രീംകോടതി പറഞ്ഞു.

നേരത്തെ ഗ്രേസ് മാർക്ക് നൽകിയ 1563 വിദ്യാർത്ഥികളുടെ ഫലം റദ്ദാക്കി വീണ്ടും പരീക്ഷയെഴുതാൻ അവസരം നൽകുമെന്ന് എൻടിഎ കോടതിയിൽ അറിയിച്ചിരുന്നു. നീറ്റ് പരീക്ഷയില്‍ വ്യാപകമായി ക്രമക്കേടു നടന്നെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.