Sun. Nov 17th, 2024

 

കൊല്ലം: മധ്യകേരളത്തില്‍ ക്രൈസ്തവരും വടക്കന്‍ കേരളത്തില്‍ മുസ്ലിംങ്ങളും ചേര്‍ന്ന് പൊതുസമ്പത്ത് വെട്ടിപ്പിടിച്ചെന്ന ആരോപണവുമായി എന്‍എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഐക്യജനാധിപത്യ മുന്നണി സര്‍ക്കാറുകളുടെ കാലത്താണ് ഇത് ശക്തി പ്രാപിച്ചത് എന്നും അദ്ദേഹം ആരോപിച്ചു. എസ്എന്‍ഡിപി യോഗം മുഖപത്രമായ യോഗനാഥത്തിലെഴുതിയ മുഖപ്രസംഗത്തിലാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍. എഡിറ്റോറിയല്‍ ഞായറാഴ്ചയിലെ കേരളകൗമുദി ദിനപത്രം പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്.

‘കേരളത്തില്‍ ന്യൂനപക്ഷ പ്രീണനം മുന്നണി രാഷ്ട്രീയം തുടങ്ങിയ കാലത്തുതന്നെ ആരംഭിച്ചതാണ്. മദ്ധ്യകേരളത്തില്‍ ക്രൈസ്തവരും വടക്കന്‍ കേരളത്തില്‍ മുസ്ളിങ്ങളും ചേര്‍ന്ന് പൊതുസമ്പത്ത് വെട്ടിപ്പിടിക്കുകയായിരുന്നു.

വോട്ടുബാങ്കിന്റെ ബലത്തില്‍ യുഡിഎഫ് ഭരണത്തിലാണ് ഇത് ശക്തിപ്രാപിച്ചത്. രണ്ടു വിഭാഗങ്ങളും സാമൂഹികമായും സാമ്പത്തികമായും ഉയര്‍ന്നു. ഭൂമി, വിദ്യാഭ്യാസം, അധികാരം, ആരോഗ്യം, കൃഷി, വ്യവസായം തുടങ്ങി സമസ്തമേഖലയിലും അരനൂറ്റാണ്ടിനിടെ ന്യൂനപക്ഷങ്ങള്‍ മേല്‍ക്കൈ നേടിയതിന് നാം സാക്ഷ്യം വഹിച്ചു.

പിന്നാക്ക, പട്ടികവിഭാഗങ്ങള്‍ കോളനികളിലേക്കും പുറമ്പോക്കുകളിലേക്കും തൊഴിലുറപ്പിലേക്കും ഒതുക്കപ്പെട്ടു. കുമരകം ബോട്ടു ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എന്തുകിട്ടിയെന്നും ബേപ്പൂര്‍ ബോട്ടപകടത്തില്‍ എന്തുനല്‍കിയെന്നും ഒന്നു വിലയിരുത്തിയാല്‍ മരണത്തില്‍പ്പോലും സര്‍ക്കാരുകള്‍ കാണിച്ച മത, ദേശ വിവേചനം വ്യക്തമാണ്.’, വെള്ളാപ്പള്ളി എഴുതുന്നു.

ഇത്തരം അസമത്വങ്ങള്‍ തിരിച്ചറിയാന്‍ സാമൂഹ്യ-സാമ്പത്തിക സര്‍വേ കൊണ്ടാകുമെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നുണ്ട്.

‘കേരളത്തില്‍ ഹൈന്ദവ പിന്നാക്ക വിഭാഗങ്ങള്‍ നേരിടുന്ന അസമത്വങ്ങളെക്കുറിച്ച് ബോദ്ധ്യമാകണമെങ്കില്‍ ഇവിടെ ഒരു സാമൂഹ്യ, സാമ്പത്തിക സര്‍വേ നടത്തുക തന്നെ വേണം. ഉന്നയിക്കപ്പെടുന്ന പരാതികളും ആരോപണങ്ങളും അപ്പോള്‍ വ്യക്തമാകും. ആധുനിക ലോകത്ത് കണക്കുകള്‍ക്കും വസ്തുതകള്‍ക്കുമാണ് വില. ഞാന്‍ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കാനുള്ള ഏകമാര്‍ഗം ഇതു മാത്രമാണ്. എന്നെയും സംഘടനയെയും പുലഭ്യം പറയുന്നത് നിറുത്തി സാമൂഹ്യ, സാമ്പത്തിക സര്‍വേ നടത്താന്‍ അവര്‍ ആവശ്യപ്പെടട്ടെ. എല്ലാ ന്യൂനപക്ഷ സംഘടനകളെയും രാഷ്ട്രീയ കക്ഷികളെയും ഞാന്‍ വെല്ലുവിളിക്കുന്നു.’, വെള്ളാപ്പള്ളി എഴുതി.

താന്‍ മുമ്പോട്ടുവച്ച് സാമൂഹ്യവിഷയമാണ് എന്നും അതു പറഞ്ഞപ്പോള്‍ തനിക്കെതിരെ കേസെടുക്കണമെന്നാണ് മുസ്ലിം നേതാക്കള്‍ പറയുന്നതെന്നും അദ്ദേഹം പറയുന്നു.

‘കേരളത്തിലെ ഒരു സാമൂഹ്യ വിഷയം മുന്നോട്ടുവച്ചപ്പോള്‍ ചില മുസ്ളിം നേതാക്കള്‍ തനിക്കെതിരെ കേസെടുക്കണമെന്നും ജയിലില്‍ അടയ്ക്കണമെന്നും പ്രസ്താവനകളുമായി രംഗത്തുവന്നത് ഖേദകരമാണ്. പൊതുവേ മാന്യമായി സംസാരിക്കുന്ന ജംഇയ്യത്തുല്‍ ഉലമ നേതാവ് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍ വരെ കടുത്ത വാക്കുകളുമായി പ്രതികരിച്ചത് ദൗര്‍ഭാഗ്യകരമായിപ്പോയി.

സ്വന്തം മതക്കാരുടെ അനീതികള്‍ക്കെതിരെ ആരോപണങ്ങള്‍ വന്നപ്പോള്‍ സൗമ്യതയൊക്കെ പമ്പ കടന്നു. കേരളത്തിലെ വര്‍ഗീയവാദികള്‍ ആരൊക്കെയാണെന്ന് എല്ലാവര്‍ക്കും അറിയാം. മതവെറിയും പരമത പരിഹാസങ്ങളും നിറഞ്ഞ പ്രഭാഷണങ്ങളും പ്രവര്‍ത്തനങ്ങളുമായി ലോകത്തെ ഏതെങ്കിലും കോണിലെ മതസംഘര്‍ഷങ്ങളുടെ പേരില്‍ ഇവിടെ സൈ്വര്യജീവിതത്തിന് ഭീഷണിയുയര്‍ത്തുന്നവരാണോ സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍?’, അദ്ദേഹം ചോദിച്ചു.

കേരളത്തില്‍ ആകെയുള്ള ഒമ്പത് രാജ്യസഭാ സീറ്റില്‍ അഞ്ചു പേരും മുസ്ലിംകളാണെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. ‘ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് എല്‍ഡിഎഫ് രണ്ട് മുസ്ളിങ്ങളെയും യുഡിഎഫ് ഒരു ക്രിസ്ത്യാനിയെയും നോമിനേറ്റ് ചെയ്തതിലെ അനീതി ചൂണ്ടിക്കാണിച്ചതാണ് ഞാന്‍ ചെയ്ത പാതകം. കേരളത്തില്‍ ആകെയുള്ളത് ഒമ്പത് രാജ്യസഭാ സീറ്റുകളാണ്. അതില്‍ അഞ്ചുപേരും മുസ്ളിങ്ങളാണ്. രണ്ടുപേര്‍ ക്രിസ്ത്യാനികളും.

ജനസംഖ്യയുടെ പകുതിയിലേറെയുള്ള ഹിന്ദുക്കള്‍ക്ക് രണ്ടുമുന്നണികളും കൂടി നല്‍കിയത് രണ്ടേ രണ്ട് സീറ്റുകളും. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരെ നിശ്ചയിക്കുമ്പോഴും ഇരുമുന്നണികളുടെയും മുന്‍ഗണന മതത്തിനാണ്. ഹൈന്ദവ ഭൂരിപക്ഷ മണ്ഡലങ്ങളില്‍ വരെ ന്യൂനപക്ഷങ്ങളെ സ്ഥാനാര്‍ത്ഥികളാക്കുമ്പോള്‍ മലപ്പുറത്തും കോട്ടയത്തും മറിച്ചു ചിന്തിക്കാന്‍ ഇവര്‍ക്ക് ധൈര്യമില്ല.’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.