Sat. Jan 18th, 2025

 

ഹൈദരാബാദ്: ബലി പെരുന്നാളിന് ബലിയര്‍പ്പിക്കാന്‍ മൃഗങ്ങളെ കൊണ്ടുവന്നതിന് തെലങ്കാനയില്‍ മദ്രസക്ക് നേരെ ആക്രമണം. മേദക് ജില്ലയില്‍ മിന്‍ഹാജുല്‍ ഉലൂം മദ്രസക്ക് നേരെയായിരുന്നു ആക്രമണമുണ്ടായത്.

ബലിയര്‍പ്പിക്കാനായി കഴിഞ്ഞ ദിവസം മദ്രസാ മാനേജ്മെന്റ് കന്നുകാലികളെ വാങ്ങിയിരുന്നു. മൃഗങ്ങളെ കൊണ്ടുവന്നതിന് പിന്നാലെ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ മദ്രസയിലെത്തി ബഹളമുണ്ടാക്കിയിരുന്നു. ഉടന്‍ പൊലീസ് സ്ഥലത്തെത്തി ഇവരെ പിരിച്ചുവിട്ടു.

എന്നാല്‍ ഒരു മണിക്കൂറിന് ശേഷം സംഘം വീണ്ടും മദ്രസയിലെത്തി ആക്രമണം നടത്തുകയായിരുന്നു. സംഭവത്തില്‍ മദ്രസയിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ ചികിത്സയിലാണ്. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിക്ക് നേരെയും സംഘം ആക്രമണം നടത്തി.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബിജെപി മേദക് ജില്ലാ പ്രസിഡന്റ് ഗദ്ദാം ശ്രീനിവാസ്, ബിജെപി മേദക് ടൗണ്‍ പ്രസിഡന്റ് എം നയം പ്രസാദ്, യുവമോര്‍ച്ച പ്രസിഡന്റ് എന്നിവരേയും മറ്റു ഏഴ് ആളുകളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

നൂറുകണക്കിന് ആര്‍എസ്എസ്, ഹിന്ദു വാഹിനി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി മദ്രസ ആക്രമിക്കുകയായിരുന്നുവെന്ന് എഐഎംഐഎം എംഎല്‍എ കര്‍വാന്‍ എം കൗസര്‍ മുഹ്യുദ്ദീന്‍ പറഞ്ഞു. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികളും അവര്‍ ആക്രമിച്ചു തകര്‍ത്തെന്നും അദ്ദേഹം ആരോപിച്ചു.