Sat. Jan 18th, 2025

 

മണ്ഡ്‌ല: ഫ്രിഡ്ജില്‍ ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് മധ്യപ്രദേശില്‍ 11 വീടുകള്‍ തകര്‍ത്തു. ആദിവാസി ഭൂരിപക്ഷ മേഖലയായ മണ്ഡ്‌ലയിലാണ് സംഭവം. സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മിച്ച വീടുകളാണ് തകര്‍ത്തതെന്നും അനധികൃത ബീഫ് വ്യാപാരത്തിനെതിരായ നടപടിയുടെ ഭാഗമായാണിതെന്നും പൊലീസ് അറിയിച്ചു.

നൈന്‍പൂരിലെ ഭൈന്‍വാഹി മേഖലയില്‍ വന്‍തോതില്‍ പശുക്കളെ കശാപ്പിനായി എത്തിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് നടപടിയെന്ന് മണ്ഡ്‌ല പൊലീസ് സൂപ്രണ്ട് രജത് സക്ലേച്ച പിടിഐയോട് പറഞ്ഞു.

‘പ്രതികളുടെ വീട്ടുമുറ്റത്ത് 150 പശുക്കളെ കെട്ടിയിട്ട നിലയില്‍ ഞങ്ങള്‍ കണ്ടെത്തി. 11 പ്രതികളുടേയും വീടുകളിലെ റഫ്രിജറേറ്ററില്‍ നിന്ന് പശുവിന്റെ മാംസം കണ്ടെടുത്തു. മൃഗക്കൊഴുപ്പ്, കന്നുകാലികളുടെ തൊലി, എല്ലുകള്‍ എന്നിവയും ഒരു മുറിയില്‍ കൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. പിടിച്ചെടുത്ത മാംസം ബീഫാണെന്ന് സര്‍ക്കാര്‍ മൃഗഡോക്ടര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഡിഎന്‍എ പരിശോധനക്കായി സാമ്പിളുകള്‍ ഹൈദരാബാദിലേക്ക് അയച്ചിട്ടുണ്ട്.’, എസ്പി പറഞ്ഞു.

പ്രതികളില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. 150 പശുക്കളെയും കന്നുകാലി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഭൈന്‍വാഹി പ്രദേശം കുറച്ചുകാലാമയി പശുക്കടത്തിന്റെ കേന്ദ്രമായി മാറിയിട്ടുണ്ട്. മധ്യപ്രദേശില്‍ പശുക്കളെ കശാപ്പ് ചെയ്യുന്നത് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും എസ്പി പറഞ്ഞു. പ്രതികളെല്ലാം മുസ്ലീങ്ങളാണെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.