Sat. Jan 18th, 2025

 

തൃശൂര്‍: തൃശൂരും പാലക്കാടും വീണ്ടും ഭൂചലനം. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് പ്രകമ്പനമുണ്ടായത്. തൃശൂര്‍ ജില്ലയിലെ കുന്ദംകുളം, കാണിപ്പയ്യൂര്‍, ആനയ്ക്കല്‍, വേലൂര്‍, എരുമപ്പെട്ടി പ്രദേശങ്ങളിലും പാലക്കാട് ജില്ലയിലെ തൃത്താല, തിരുമറ്റിക്കോട്, ആനക്കര തുടങ്ങിയ പ്രദേശങ്ങളിലുമാണ് പ്രകമ്പനമുണ്ടായത്.

ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തില്‍ എന്തെങ്കിലും നാശനഷ്ടമുണ്ടായെങ്കില്‍ അടുത്തുള്ള വില്ലേജ് ഓഫീസില്‍ ഉടന്‍ വിവരമറിയിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസവും തൃശൂരും പാലക്കാടും ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ മൂന്ന് രേഖപ്പെടുത്തിയ ഭൂചലനം 8.15 ഓടെയാണ് ഉണ്ടായത്. തൃശൂര്‍ ജില്ലയിലെ വേലൂര്‍, കടങ്ങോട്, എരുമപ്പെട്ടി, വരവൂര്‍, ഗുരുവായൂര്‍, പഴഞ്ഞി, കാട്ടകാമ്പാല്‍, മങ്ങാട് മേഖലകളിലാണ് ഭൂചലനമുണ്ടായത്. പാലക്കാട് ജില്ലയിലെ തിരുമറ്റക്കോടിലും ഭൂചലനം അനുഭവപ്പെട്ടു.

ഭൂമിക്കടിയില്‍ നിന്നും ഇടിമുഴക്കം പോലെയുള്ള ശബ്ദവും ഒപ്പം വിറയലും അനുഭവപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം മൂന്ന് സെക്കന്‍ഡാണ് കഴിഞ്ഞ ദിവസത്തെ ഭൂചലനം നീണ്ടുനിന്നത്.