Mon. Dec 23rd, 2024

വാഷിങ്ടൺ : ഫലസ്തീനികളെ തീർക്കണമെന്ന് ഇസ്രായേൽ മിസൈലുകളിൽ എഴുതി ഒപ്പിട്ട് അമേരിക്കയിലെ മുൻ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി നിക്കി ഹേലി. 

ഐക്യരാഷ്ട്രസഭയിലെ മുന്‍ ഇസ്രായേലി അംബാസഡര്‍ ഡാനി ഡാനനാണ് ഇസ്രായേൽ മിസൈലുകൾക്കുമേൽ ‘അവരെ തീർത്തേക്കെന്ന്’ നിക്കി ഹേലി എഴുതുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. 

‘ഫിനിഷ് ദെം അമേരിക്ക ലൗ ഇസ്രായേൽ’ എന്നാണ് നിക്കി ഹേലി മിസൈലുകളിൽ എഴുതിയത്. കഴിഞ്ഞ ഒരാഴ്ചയായി ഇസ്രായേൽ  സന്ദർശനം നടത്തിവരികയാണ് ഹേലി. ഇതിനിടെയാണ് ഗാസയിലെ വംശഹത്യയെ പിന്തുണക്കുന്ന തരത്തിലുള്ള നടപടി. ദൃശ്യങ്ങൾ വൈറലായതോടെ നിക്കി ഹേലിക്കെതിരെ കടുത്ത വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. 

തുടർന്ന് തൻ്റെ നിലപാടിൽ താൻ ഉറച്ചു നിൽക്കുന്നുവെന്ന് വ്യക്തമാക്കി നിക്കി ഹേലി രംഗത്തെത്തി. ‘അവരെ തീര്‍ക്കണമെന്ന് തന്നെയാണ് ഞാന്‍ പറഞ്ഞത്. ഹമാസിനെ തീര്‍ക്കുന്നത് വരെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കരുതെന്നും ഹമാസില്‍ നിന്നോ മറ്റാരില്‍ നിന്നോ ഇത്തരം പ്രവൃത്തികള്‍ ഇനി ഉണ്ടാവില്ലെന്ന് ഇസ്രായേൽ ഉറപ്പ് വരുത്തണമെന്നും’ നിക്കി ഹേലി പറഞ്ഞു.

ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച സ്പെയിൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ തീരുമാനത്തെയും നിക്കി ഹേലി വിമർശിച്ചു.