Sat. Jul 27th, 2024

നിക്ഷേപങ്ങളും ഫണ്ടുകളും സമാഹരിക്കാന്‍ ബാബ രാംദേവും കൂട്ടാളികളും നികുതി രഹിത ജീവകാരുണ്യ പ്രവര്‍ത്തനം എങ്ങനെയൊക്കെയാണ് ഉപയോഗിക്കുന്നത്’ എന്ന തലക്കെട്ടില്‍  ദി റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ പരിഭാഷ

 

ബിസിനസിന്റെ വളര്‍ച്ചയ്ക്ക് പണവും നിക്ഷേപങ്ങളും സ്വീകരിക്കാന്‍ വേണ്ടിയാണ് പതഞ്ജലി ‘ചാരിറ്റി’ സ്ഥാപനം നടത്തുന്നതെന്ന് ദി റിപ്പോര്‍ട്ടേഴ്സ് കളക്ടീവിന്റെ അന്വേഷണ റിപ്പോര്‍ട്ട്. പതഞ്ജലി ഏറ്റെടുത്ത, പാപ്പരായി പ്രഖ്യാപിക്കപ്പെട്ട കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനിയായ രുചി സോയ ഉള്‍പ്പെടെയുള്ള കമ്പനികളെ ഇതിനായി ഉപയോഗിക്കുന്നു.

2016-ല്‍ പതഞ്ജലി ഗ്രൂപ്പുമായി ബന്ധമുള്ള ഏതാനും പേര്‍ ചേര്‍ന്ന് യോഗ, ആയുര്‍വേദ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി യോഗക്ഷേം സാന്‍സ്താന്‍ എന്ന പേരില്‍ ഒരു ലാഭേച്ഛയില്ലാത്ത ജീവകാരുണ്യ സ്ഥാപനം സ്ഥാപിച്ചു. സ്ഥാപനത്തിന് നികുതി രഹിത പദവിയും ലഭിച്ചു. എന്നാല്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ആറ് വര്‍ഷമായി ഒരു രൂപയുടെ പോലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്ന് മാത്രമല്ല, രാംദേവിന്റെ അടുത്ത അനുയായികള്‍ രുചി സോയയില്‍ ചെയ്തത് പോലെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം സ്വീകരിക്കാന്‍ വേണ്ടി മാത്രമാണ് ഈ പ്രസ്ഥാനത്തെ ഉപയോഗിച്ചത്.

ഇത്തരം ജീവകാരുണ്യ സ്ഥാപനങ്ങള്‍ ബിസിനസ് നിക്ഷേപങ്ങളിലൂടെയും വാണിജ്യ പ്രവര്‍ത്തനങ്ങളിലൂടെയും വരുമാനം നേടുന്നതും നികുതിയടക്കാതെ ലാഭമുണ്ടാക്കുന്നതും തടയാന്‍ നികുതി നിയമങ്ങളില്‍ നിയന്ത്രണങ്ങളുണ്ട്. മുന്‍കാലങ്ങളില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ നിസ്സാര കുറ്റങ്ങള്‍ക്ക് പോലും നികുതി വകുപ്പ് അധികൃതരുടെ അന്വേഷണങ്ങള്‍ക്ക് വിധേയരാകുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. രാംദേവിന്റെ ജീവകാരുണ്യ സ്ഥാപനം പ്രഖ്യാപിത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളൊന്നും ചെയ്യാതിരുന്നിട്ടും നിക്ഷേപങ്ങള്‍ നടത്തുകയും ചെയ്തിട്ടും ഇത്തരം പരിശോധനകളില്‍ നിന്നും നികുതി അടയ്ക്കുന്നതില്‍ നിന്നും ഒഴിവാക്കപ്പെട്ടു.

രാംദേവ് Screengrab, Copyright: The Week

പരിസ്ഥിതിലോല പ്രദേശമായ ആരവല്ലി വനഭൂമിയില്‍ സംശയാസ്പദവും വരുമാനങ്ങളൊന്നുമില്ലാത്തതുമായ നിരവധി കമ്പനികള്‍ പതഞ്ജലി ഗ്രൂപ്പ് ആരംഭിക്കുകയും അഭൂതപൂര്‍വമായ ലാഭം നേടുകയും ചെയ്തത് ദി റിപ്പോര്‍ട്ടേഴ്സ് കളക്ടീവിന്റെ മുന്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആയുര്‍വേദ മരുന്നുകളും ഉല്‍പന്നങ്ങളും നിര്‍മ്മിക്കുന്നതിനുള്ള ഫാക്ടറികള്‍ സ്ഥാപിക്കുന്നതിനാണ് ഈ ഭൂമി അവര്‍ ഉപയോഗിച്ചത്.

ഇത്തരം സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിന് പിന്നിലെ ഉദ്ദേശം സങ്കീര്‍ണ്ണമാണെങ്കിലും ഈ പൊള്ളയായ അസ്തിത്വങ്ങള്‍ക്ക് പിറകില്‍ വ്യക്തമായ കാരണങ്ങളുണ്ട്. സ്ഥാപനത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥത പുറത്തു വരാതിരിക്കാനും പണം ഒരു സ്ഥാപനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് കൈമാറ്റം ചെയ്യുമ്പോള്‍ അവ്യക്തതകള്‍ സൃഷ്ടിക്കലുമാണ് ഇവരുടെ ലക്ഷ്യം. ഇതിലൂടെ നികുതി വെട്ടിപ്പിന് അവസരമൊരുങ്ങുന്നു. അക്കൗണ്ടന്റുമാര്‍ ഇതിനെ ടാക്‌സ് പ്ലാനിംഗ് എന്ന് വിളിക്കുന്നു.

ഇപ്പോള്‍ പതഞ്ജലി ഫുഡ്സ് ആയി മാറിയ രുചി സോയയില്‍ നടത്തിയ നിക്ഷേപങ്ങളില്‍ നിന്നുള്ള വന്‍ വരുമാനത്തിന് യോഗക്ഷേം സന്‍സ്താന്‍ നികുതി അടച്ചപ്പോള്‍, നികുതി ഇളവ് അനുവദിച്ച നിബന്ധനകള്‍ പാലിച്ചില്ലെങ്കിലും കമ്പനിക്ക് നികുതി രഹിത പദവി നഷ്ടമായില്ല.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനി ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നതില്‍ പരാജയപ്പെട്ടതിനു പിന്നിലെ കാരണങ്ങളും എന്തുകൊണ്ടാണ് നിക്ഷേപങ്ങള്‍ മാത്രം കൈവശം വച്ചിരിക്കുന്നത് എന്നതിനെ കുറിച്ചും വിശദീകരണം തേടി ഞങ്ങള്‍ ആചാര്യ ബാലകൃഷ്ണയ്ക്കും യോഗക്ഷേം സന്‍സ്താനും ചോദ്യാവലി അയച്ചെങ്കിലും യാതൊരു മറുപടിയും ലഭിച്ചില്ല.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നയിച്ച മുന്‍സര്‍ക്കാരിന്റെ അഴിമതികളിലേക്ക് വിരല്‍ചൂണ്ടിയും ഭാരതീയ ജനതാ പാര്‍ട്ടിയുടെ നിലവിലെ ഭരണസമ്പ്രദായത്തോട് ചേര്‍ന്ന് നിന്നും ചില അവസരങ്ങളില്‍ ന്യൂനപക്ഷമായ മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷം പരത്തിയും രാംദേവ് അധികാരത്തിന്റെ സാമീപ്യത്തോട് ചേര്‍ന്ന് നില്‍ക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ധര്‍മ്മനിഷ്ഠയുള്ള ഉപഭോക്തൃത്വത്തിന്റെ ദൂതന്‍ അദ്ദേഹം സ്വയം അവരോധിച്ചു. തന്റെ ബിസിനസ് സാമ്രാജ്യത്തെ രാഷ്ട്രത്തെ സേവിക്കുന്നതിനും അന്താരാഷ്ട്ര കമ്പനികളോട് പോരാടുന്നതിനുമുള്ള ഒരു ദേശസ്‌നേഹ കോട്ടയായി ചിത്രീകരിച്ചു. മറുവശത്ത് ബിസിനസുകാര്‍ നടത്തുന്ന പതിവ് തന്ത്രങ്ങളിലൂടെ രാംദേവും കൂട്ടാളികളും തങ്ങളുടെ ലാഭം പരമാവധിയാക്കാന്‍ അക്കൗണ്ടന്റുമാരെയും അഭിഭാഷകരെയും ഉപയോഗപ്പെടുത്തി.

പതഞ്ജലി ബിസിനസ് ഗ്രൂപ്പിന്റെ അമരക്കാരനും രാംദേവിന്റെ വലംകൈയ്യുമായ ആചാര്യ ബാലകൃഷ്ണയാണ് യോഗക്ഷേം സന്‍സ്താനിലേക്ക് നിക്ഷേപം എത്തിക്കുന്നവരില്‍ പ്രധാനി.

‘ജനങ്ങളെ സേവിക്കാന്‍ ഞങ്ങള്‍ക്ക് സമ്പത്ത് ആവശ്യമാണ്,’ 2016 ല്‍ ഒരു മാധ്യമപ്രവര്‍ത്തകന് നല്‍കിയ അഭിമുഖത്തില്‍ ബാല്‍കൃഷ്ണ പറഞ്ഞു. അതേ വര്‍ഷം, പതഞ്ജലി ഗ്രൂപ്പുമായി ബന്ധമുള്ള നാല് പേര്‍- ആചാര്യ പ്രദ്യുമ്‌ന, ഫൂല്‍ ചന്ദ്ര, സുമന്‍ ദേവി, സവിത ആര്യ എന്നിവര്‍ ചേര്‍ന്ന് യോഗക്ഷേം സന്‍സ്താന്‍ സ്ഥാപിച്ചു. ലാഭേച്ഛയില്ലാതേ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ പ്രാരംഭ മൂലധനം നാല് ലക്ഷം രൂപയായിരുന്നു.

ആചാര്യ ബാലകൃഷ്ണയും രാംദേവും Screengrab, Copyright: dolphinpost

സ്വാമി പരമാര്‍ത്ഥദേവ് എന്നാണ് ഫൂല്‍ ചന്ദ്ര ഇപ്പോള്‍ അറിയപ്പെടുന്നത്. പ്രത്യക്ഷത്തില്‍ അദ്ദേഹം ഒരു ആത്മീയ നേതാവായി മാറിയെങ്കിലും വര്‍ഷങ്ങളായി, നിര്‍മ്മാണ കമ്പനിയായ പ്ലസന്റ് വിഹാര്‍ പ്രൈവറ്റ് ലിമിറ്റഡ്, പതഞ്ജലി നാച്ചുറല്‍ ബിസ്‌ക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുള്‍പ്പെടെയുള്ള ഒരു ഡസനിലധികം കമ്പനികളുടെ ഡയറക്ടറാണ്.

സുമന്‍ ദേവി ഇപ്പോള്‍ സാധ്വി ദേവപ്രിയയാണ്. അവര്‍ മറ്റൊരു രാംദേവിന്റെ മറ്റൊരു സാമ്രാജ്യമായ വേദിക് ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന്‍ന്റെ ഡയറക്ടറാണ്. ലാഭം നേടുന്നതിന് രാംദേവും കൂട്ടാളികളും നടത്തുന്ന മറ്റ് ഭൂരിഭാഗം കമ്പനികളില്‍ നിന്നും വ്യത്യസ്തമായി ലാഭേച്ഛയില്ലാത്ത കമ്പനിയായാണ് ഔപചാരികമായി സ്ഥാപിച്ചത്. യോഗ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, നൈപുണ്യ വികസനത്തിനുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സമൂഹത്തിലെ അധസ്ഥിത വിഭാഗങ്ങള്‍ക്കുള്ള ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കല്‍ തുടങ്ങിയവയാണ് കമ്പനിയുടെ പ്രാഥമിക ഉദ്ദേശമെന്ന് അതിന്റെ സ്ഥാപക രേഖകളില്‍ പറയുന്നു.

കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ പ്രതിഭാധനത വളര്‍ത്തിയെടുക്കുകയും അതുവഴി നല്ല പൗരന്മാരെ സൃഷ്ടിക്കാനും നേതൃപാടവം വളര്‍ത്തിയെടുക്കാനും കമ്പനിയ്ക്ക് കഴിയുമെന്ന് അവര്‍ ആവകാശപ്പെടുന്നു. സമാന ലക്ഷ്യങ്ങളുള്ള മറ്റ് സ്ഥാപനങ്ങള്‍ക്കും സഹായങ്ങളും സംഭാവനകളും നല്‍കുന്നതും ഇതിന്റെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു.

അപ്പോള്‍, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം അതിന് നല്‍കിയിട്ടുള്ള നികുതി ഇളവുകളെ നീതികരിക്കാന്‍ സമൂഹത്തില്‍ മതിയായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയോ?

കമ്പനി രൂപീകൃതമായത് മുതലുള്ള സാമ്പത്തിക രേഖകളുടെ അവലോകനം കാണിക്കുന്നത്, കമ്പനി ഒരിക്കലും അധസ്ഥിതര്‍ക്ക് വേണ്ടിയോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായോ യോഗ, ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടില്ല എന്നാണ്. പ്രവര്‍ത്തനം ആരംഭിച്ച് രണ്ടാം വര്‍ഷം മുതല്‍ യോഗക്ഷേം രാംദേവിന്റെ കൂട്ടാളികളുടെ സംശയാസ്പദമായ നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി മാറി.

2018 ജനുവരി അഞ്ചിന് ബാലകൃഷ്ണ, അന്തരിച്ച സ്വാമി മുക്താനന്ദ് (രാംദേവിന്റെ ഏറ്റവും അടുത്ത സഹായി) എന്നിവരില്‍ നിന്നും പതഞ്ജലി ഗ്രൂപ്പുമായി ബന്ധമുള്ള മറ്റ് ആറ് കമ്പനികളില്‍ നിന്നും വലിയതോതില്‍ സംഭാവന ലഭിച്ചതായി യോഗക്ഷേം സര്‍ക്കാരിന് സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു.

പതഞ്ജലി ആയുര്‍വേദ ലിമിറ്റഡിന്റെ (പിഎഎല്‍) 79.8 കോടി രൂപ വരുന്ന 2.065 കോടി ഓഹരികളാണ് സംഭാവനയായി സ്വീകരിച്ചത്. ഇതില്‍ രണ്ട് കോടി ഓഹരികള്‍ സംഭാവനയായി നല്‍കിയത് പതഞ്ജലി ആയുര്‍വേദത്തിന്റെ 98.54 ശതമാനം ഓഹരികളുടെയും ഉടമസ്ഥാവകാശവുമുള്ള ബാലകൃഷ്ണയാണ്. പ്രവര്‍ത്തനം ആരംഭിച്ച് ഒരു ദശാബ്ദത്തിനിപ്പുറം സംഭാവന നല്‍കിയ അതേവര്ഷം 8,136 കോടി രൂപയുടെ വിറ്റ് വരവുള്ള സാമ്പത്തിക ശക്തിയായി പതഞ്ജലി ആയുര്‍വേദം മാറിയിരുന്നു.

പതഞ്ജലി ആയുര്‍വേദം ഓഹരികള്‍ സംഭാവന ചെയ്തതിന് ശേഷം, യോഗക്ഷേമത്തിന്റെ 100 ശതമാനം ഓഹരികളും രാംദേവും കൂട്ടാളികളും ചേര്‍ന്ന് സ്ഥാപിച്ച മറ്റൊരു സ്ഥാപനമായ പതഞ്ജലി സേവാ ട്രസ്റ്റിന് നല്‍കിയതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. യോഗക്ഷേം സന്‍സ്താനിന്റെ ഒരു ഓഹരി മാത്രം സ്വന്തം പേരിലുള്ള നാമമാത്ര ഓഹരി ഉടമയായി രാംദേവ് നിലനിന്നു.

പതഞ്ജലി ആയുര്‍വേദത്തിന്റെ ഓഹരികള്‍ സമ്മാനിച്ച് 24 മണിക്കൂറിനുള്ളില്‍ ബാലകൃഷ്ണയ്‌ക്കൊപ്പം രാംദേവും മുക്താനന്ദയും ചേര്‍ന്ന് യോഗക്ഷേമത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ യഥാര്‍ത്ഥ ഉടമകള്‍ അവരുടെ ഓഹരികള്‍ പിന്‍വലിച്ചുവെങ്കിലും അടുത്ത ഏതാനും മാസത്തേക്ക് കൂടി അവര്‍ രേഖകളില്‍ ഡയറക്ടര്‍മാരായി തുടര്‍ന്നു. ജനങ്ങളെയും രാജ്യത്തെയും സേവിക്കാനുള്ള ഉദ്യമമെന്ന വ്യാജേന രാംദേവ് ഈ തന്ത്രപരമായ നിക്ഷേപം പരസ്യമായി വിറ്റു.

ഈ ഇടപാട് നടന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയാണ്: ‘ബിസിനസ്സില്‍ നിന്നുള്ള വരുമാനം ചാരിറ്റിയിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്നതിലൂടെ പതഞ്ജലി ആയുര്‍വേദ ലിമിറ്റഡിനെ ലാഭരഹിത സ്ഥാപനമാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്ന് ബിസിനസ്മാനായി മാറിയ യോഗാ ഗുരു ബാബാ രാംദേവ് പറഞ്ഞു.’

തഞ്ജലി സേവാ ട്രസ്റ്റിന്‍റെ വാര്‍ത്താസമ്മേളനം Screengrab, Copyright: MEDIANAMA

‘ഞങ്ങള്‍ പതഞ്ജലിയെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യില്ല. പകരം പതഞ്ജലിയെ ഞങ്ങള്‍ ജനങ്ങളുടെ ഹൃദയങ്ങളില്‍ രേഖപ്പെടുത്തും. ഞങ്ങള്‍ പതഞ്ജലിയെ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാക്കി മാറ്റുകയാണ്.’, രാംദേവ് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പതഞ്ജലി ഗ്രൂപ്പിന്റെ എല്ലാ സ്ഥാപനങ്ങളുടെയും നിയന്ത്രണസ്ഥാപനം പതഞ്ജലി സേവാ ട്രസ്റ്റ് ആയിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

യോഗക്ഷേം സന്‍സ്താന്‍ സ്വന്തമായി എന്തെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നെകില്‍ രാംദേവിന്റെ പൊങ്ങച്ചം നിറഞ്ഞ അവകാശവാദങ്ങള്‍ സത്യമാകുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. പകരം ബാല്‍കൃഷ്ണയും രാംദേവിന്റെ മറ്റ് കൂട്ടാളികളും ബിസിനസിനെ ജീവകാരുണ്യ പ്രവര്‍ത്തനമായി മാറ്റുമെന്ന രാംദേവിന്റെ അവകാശവാദത്തേ ഉയര്‍ത്തിക്കാട്ടി ലാഭേച്ഛയില്ലാത്ത കമ്പനിയെ ഉപയോഗിച്ച് ഓഹരികള്‍ സമാഹരിക്കുകയും പതഞ്ജലി ആയുര്‍വേദയിലെ പ്രബലരായ ഓഹരി ഉടമകളായി തുടരുകയും ചെയ്തു.

പതഞ്ജലി ആയുര്‍വേദ ലിമിറ്റഡ് സമ്മാനിച്ച രണ്ട് കോടി ഓഹരികള്‍ കൈവശം വച്ച് യോഗക്ഷേം സന്‍സ്താന്‍ യോഗയെ പ്രോത്സാഹിപ്പിക്കാന്‍ ഒന്നും ചെയ്യാതെ ഒരു വര്‍ഷം മുന്നോട്ട് പോയി.

രസകരമായ കാര്യം, 2017-18, 2018-19 എന്നീ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ യോഗക്ഷേം അതിന്റെ അക്കൗണ്ട് ബുക്കുകളില്‍ പതഞ്ജലി ആയുര്‍വേദ ലിമിറ്റഡിന്റെ ഭീമമായ സംഭാവന രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അപ്പോഴും പതഞ്ജലി ആയുര്‍വേദത്തിന്റെ സാമ്പത്തിക രേഖകളില്‍ ബാലകൃഷ്ണയെയാണ് 98.54 ശതമാനം ഓഹരികളുടെയും ഉടമസ്ഥനായി കാണിച്ചിരുന്നത്.

ഒരേ ഓഹരികള്‍ രണ്ട് സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുണ്ട് എന്നത് സാങ്കേതികമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തതാണ്. രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ നടന്ന ഈ പൊരുത്തക്കേടുകള്‍ക്ക് അവര്‍ക്ക് ആത്യന്തികമായി ഉത്തരം നല്‍കേണ്ടിവന്നു.

ബാലന്‍സ് ഷീറ്റില്‍ ചെറിയ കുറിപ്പുകളായി മറഞ്ഞിരുന്ന ആ ഉത്തരം കണ്ണഞ്ചിപ്പിക്കുന്ന സാങ്കേതികത്വം നിറഞ്ഞതായിരുന്നു. ലളിതമായ ഇംഗ്ലീഷില്‍ പറഞ്ഞാല്‍, യോഗക്ഷേമത്തിന് സംഭാവന ചെയ്ത ഈ ഓഹരികള്‍ ബാലകൃഷ്ണ ബാങ്ക് ലോണുകള്‍ക്കായി പണയം വച്ചിരുന്നു എന്നതാണ് ആ കുറിപ്പുകളുടെ കാതല്‍.

തങ്ങളുടെ വായ്പ്പകള്‍ ഈടില്ലാത്ത സ്ഥാപനമായ യോഗക്ഷേം സന്‍സ്താന് നല്‍കിയതില്‍ ബാങ്കുകള്‍ക്ക് ഇപ്പോള്‍ അത്ര സംതൃപ്തിയില്ല. അതിനാല്‍ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ അവര്‍ ഓഹരി കൈമാറ്റത്തില്‍ നിന്ന് പിന്‍മാറുകയും നിക്ഷേപം സമാഹരണത്തിന് കുറുക്കുവഴികള്‍ സ്വീകരിക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്തു.

എന്നാല്‍ യോഗക്ഷേം ഈ നിക്ഷേപ സമാഹരണം പൂര്‍ത്തിയാക്കിയപ്പോഴേക്കും രാംദേവിന്റെ പതഞ്ജലിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം 2019 ഡിസംബറില്‍ ന്യൂട്രല്ല ബ്രാന്‍ഡായ സോയ ബീനിലൂടെ പ്രശസ്തമായ രുചി സോയയെ വിവാദപരമായ ഒരു നീക്കത്തിലൂടെ ഏറ്റെടുത്തിരുന്നു.

12,000 കോടി രൂപയിലേറെ കടബാധ്യത വരുത്തിയാണ് രുചി സോയ തകര്‍ന്നടിഞ്ഞത്. പാപ്പരത്ത നിയമപ്രകാരം ബാങ്കുകള്‍ക്ക് രണ്ട് വഴികളാണ് ഉണ്ടായിരുന്നത്. കമ്പനി വാങ്ങാന്‍ ഒരാളെ കണ്ടെത്തുകയോ അല്ലെങ്കില്‍ കമ്പനിയെ കുറേശ്ശെയായി വില്‍ക്കുകയോ ചെയ്യുക എന്നതായിരുന്നു ബാങ്കുകള്‍ക്ക് മുമ്പിലുണ്ടായിരുന്ന വഴികള്‍. അദാനി ഗ്രൂപ്പ് അവസാന നിമിഷം ലേലത്തില്‍ നിന്ന് പിന്‍മാറിയതോടെ രാംദേവ് ഈ അവസരം മുതലാക്കുകയും ചുളുവിലയ്ക്ക് രുചി സോയയെ സ്വന്തമാക്കുകയും ചെയ്തു.

എസ്ബിഐ, യൂണിയന്‍ ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ രുചി സോയയെ വാങ്ങാന്‍ പതഞ്ജലി കണ്‍സോര്‍ഷ്യത്തിന് പണം വായ്പയായി നല്‍കി. 2019 ഡിസംബറില്‍ 4350 കോടിയ്ക്ക് പതഞ്ജലിയുടെ ബിഡ് അംഗീകരിക്കപ്പെട്ടു. 2022 ജൂണില്‍ രുചി സോയ പതഞ്ജലി ഫുഡ്സായി മാറുകയും ചെയ്തു. ഈ സമയം രുചി സോയ ഏറ്റെടുക്കുന്നതിനായി നിക്ഷേപം സമാഹരിക്കാന്‍ യോഗക്ഷേം നിര്‍ണായക പങ്കുവഹിച്ചു.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ പതഞ്ജലി ആയുര്‍വേദത്തിന്റെ ഓഹരികള്‍ പിന്‍വലിച്ചതിന് ശേഷം യോഗക്ഷേമിന്റെ മൂല്യം 79 കോടി രൂപ കുറഞ്ഞിരുന്നു. എന്നാല്‍ അതേ വര്‍ഷം, രുചി സോയയെ ഏറ്റെടുത്ത പതഞ്ജലി കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമായ രാംദേവിന്റെ മറ്റൊരു ലാഭേച്ഛയില്ലാത്ത സ്ഥാപനമായ ദിവ്യ യോഗ് മന്ദിര്‍ ട്രസ്റ്റ് രുചി സോയയുടെ 42 കോടി രൂപ വിലവരുന്ന ആറ് കോടി ഓഹരികള്‍ യോഗക്ഷേമത്തിന് സംഭാവനയായി നല്‍കി. ഇതോടെ യോഗക്ഷേം രുചി സോയയുടെ 20.28 ശതമാനം ഓഹരികളുടെ ഉടമയായി.

നിക്ഷേപങ്ങളെല്ലാം യോഗക്ഷേമത്തില്‍ സമാഹരിക്കപ്പെടുന്നതിനിടയില്‍ പതഞ്ജലി സേവാ ട്രസ്റ്റില്‍ നിന്നും 60 ശതമാനം ഓഹരികള്‍ ഏറ്റെടുത്തുകൊണ്ട് ദിവ്യ യോഗ് മന്ദിര്‍ ട്രസ്റ്റ് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന യോഗക്ഷേമത്തിന്റെ ഭൂരിഭാഗം ഓഹരികളുടെയും ഉടമയായി.

ദിവ്യ യോഗ് മന്ദിർ ട്രസ്റ്റ് Screengrab, Copyright: Divya Yog Mandir Trust website

ഇത്തരത്തില്‍ ഓഹരികള്‍ക്ക് കെട്ടുപിണഞ്ഞു കിടക്കുന്ന ഉടമസ്ഥരുണ്ടാകുന്നത് കമ്പനിയുടെ യഥാര്‍ത്ഥ നിയന്ത്രണം ആര്‍ക്കാണെന്നും ലാഭ വിഹിതം ആര്‍ക്കൊക്കെയാണ് ലഭിക്കുന്നത് എന്നും വ്യക്തമാവാതിരിക്കാനാണ്. യോഗക്ഷേം സന്‍സ്താന്റെ ഉടമസ്ഥാവകാശം മിക്കവാറും എല്ലാ വര്‍ഷവും കൈമാറുന്നുണ്ട്.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ ദിവ്യ യോഗ് മന്ദിറിന് കമ്പനിയുടെ 60 ശതമാനം ഓഹരി ലഭിച്ചെങ്കിലും ഒരു വര്‍ഷത്തിനുശേഷം, പതഞ്ജലിയുടെ മറ്റൊരു ട്രസ്റ്റായ പതഞ്ജലി റിസര്‍ച്ച് ഫൗണ്ടേഷന്‍ ട്രസ്റ്റിലേക്ക് ഓഹരികള്‍ മാറ്റി. തൊട്ടടുത്ത സാമ്പത്തിക വര്‍ഷമായപ്പോഴേക്കും ഈ ട്രസ്റ്റ് മറ്റൊരു ലാഭേച്ഛയില്ലാത്ത കമ്പനിയായ പതഞ്ജലി ഫുഡ് ആന്‍ഡ് ഹെര്‍ബല്‍ പാര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡിന് ഈ ഓഹരികള്‍ കൈമാറി.

ലാഭേച്ഛയില്ലാത്ത കമ്പനി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതില്‍ എന്തുകൊണ്ട് പരാജയപ്പെടുന്നുവെന്നും നിക്ഷേപങ്ങള്‍ മാത്രം നടത്തുന്നത് എന്തുകൊണ്ടെന്നും മറ്റ് സ്ഥാപനങ്ങളില്‍ നിന്നും സംഭാവനകള്‍ സ്വീകരിച്ച് അടിക്കടി ഉടമസ്ഥാവകാശം മാറ്റുന്നതെന്തുകൊണ്ടാണെന്നും അന്വേഷിച്ച് ഞങ്ങള്‍ ആചാര്യ ബാലകൃഷ്ണയ്ക്കും യോഗക്ഷേം സന്‍സ്താനും വിശദമായ ചോദ്യാവലി അയച്ചിരുന്നു. യോഗക്ഷേം സന്‍സ്താന് ഓഹരികള്‍ സംഭാവന ചെയ്തതിനെക്കുറിച്ചും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ഉടമസ്ഥത അടിക്കടി മാറുന്നതിനെക്കുറിച്ചും ചോദിച്ച് പതഞ്ജലി ആയുര്‍വേദ്, പതഞ്ജലി ഫുഡ്‌സ്, ദിവ്യ യോഗ് മന്ദിര്‍ ട്രസ്റ്റ് എന്നിവര്‍ക്കും ഞങ്ങള്‍ ചോദ്യങ്ങള്‍ അയച്ചു.

ബാബ രാംദേവിന്റെ വക്താവും ആസ്ത ടിവിയുടെ ദേശീയ മേധാവിയുമായ എസ് കെ തിജരവാലയ്ക്കും ഈ മെയിലുകളുടെയെല്ലാം കോപ്പികളും അയച്ചിരുന്നു. ഞങ്ങള്‍ തിജരാവാലയുമായി ഫോണില്‍ സംസാരിക്കുകയും അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് വാട്ട്സ്ആപ്പില്‍ ചോദ്യങ്ങള്‍ അയയ്ക്കുകയും ചെയ്തു. ഞങ്ങള്‍ക്ക് ഇതുവരെ പ്രതികരണങ്ങളൊന്നും ലഭിച്ചിട്ടില്ല.

ഒരു ജീവകാരുണ്യ സ്ഥാപനമെന്ന നിലയില്‍ യോഗക്ഷേം സന്‍സ്താന്‍ 1961 ലെ ആദായനികുതി നിയമം അനുസരിച്ചുള്ള നികുതി ഇളവുകള്‍ ആസ്വദിക്കുന്നുണ്ട്. കമ്പനി അതിന്റെ വരുമാനത്തിന്റെ 85 ശതമാനം എങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയാണെങ്കില്‍ ഒരു നികുതിയും നല്‍കേണ്ടതില്ല. നികുതി ഒഴിവാക്കപ്പെട്ട ഇത്തരം ലാഭരഹിത സ്ഥാപനങ്ങള്‍ക്ക് ഏതെങ്കിലുമൊരു കമ്പനിയുടെ ഓഹരികള്‍ ലഭിക്കുകയാണെങ്കില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിന് മുമ്പ് അവ പണരൂപത്തിലാക്കേണ്ടതുണ്ട്. കൂടാതെ ആ പണം നികുതി നിയമം ആവശ്യപ്പെടുന്ന രീതിയില്‍ നിക്ഷേപിക്കേണ്ടതുമാണ്.

യോഗയെ പ്രോത്സാഹിപ്പിക്കുന്നതിന് ഒന്നും ചെയ്യാതിരുന്ന യോഗാക്ഷേം, 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കൈവശമുണ്ടായിരുന്ന രുചി സോയയുടെ ഓഹരികളില്‍ നിന്ന് 30 കോടി രൂപ ലാഭവിഹിതം നേടി. ഈ സാമ്പത്തിക വര്‍ഷത്തില്‍ രുചി സോയുടെ ഓഹരികളില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നും 60 ശതമാനത്തിന് കുറച്ച് മുകളില്‍ നില്‍ക്കുന്ന തുക (19.43 കോടി) പേര് വെളിപ്പെടുത്താത്ത ചില സ്ഥാപനങ്ങള്‍ക്ക് അവര്‍ സംഭാവന നല്‍കാനായി ചെലവഴിച്ചു. തുടര്‍ന്ന് ഈ ലാഭവിഹിതത്തില്‍ നിന്ന് 10.48 കോടി രൂപ ഇവര്‍ ആദായ നികുതി അടച്ചു. പക്ഷേ യോഗക്ഷേം സന്‍സ്താന്‍ പിന്തുടര്‍ന്ന രീതികള്‍ക്കൊന്നും യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. ഒരു ജീവകാരുണ്യ സ്ഥാപനം ആണെന്ന അവകാശവാദം തന്നെയാണ് കമ്പനി ഇപ്പോഴും ഉന്നയിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോഴും ഇവര്‍ക്ക് നികുതിരഹിത പദവി കൊടുക്കുകയും ചെയ്യുന്നു.

കമ്പനിയുടെ ഏറ്റവും പുതിയ സാമ്പത്തിക രേഖകള്‍ പ്രകാരം രുചി സോയ (പതഞ്ജലി ഫുഡ്സ്) യുടെ 16.52 ശതമാനം ഓഹരി കൈവശം വെച്ചിരിക്കുനത് യോഗക്ഷേം സന്‍സ്താന്‍ തന്നെയാണ്. രാംദേവിന്റെ ബിസിനസ് സാമ്രാജ്യം നിരന്തരമായി തഴച്ചുവളരുകയാണ്. അത്ര അറിയപ്പെടാത്തതും സംശയാസ്പദവുമായ കമ്പനികളായ യോഗക്ഷേം സന്‍സ്താന്‍ പോലെയുള്ള കമ്പനികള്‍ ആ വളര്‍ച്ചയുടെ രഹസ്യകൂട്ടുകളായി തുടരുന്നു.

FAQs

ആരാണ് ബാബ രാംദേവ്?

ഇന്ത്യയിലെ ഒരു യോഗ പരിശീലകനും ബിസിനസുകാരനുമാണ് ബാബാ രാദേവ് എന്ന് അറിയപ്പെടുന്ന രാംദേവ്. ഹരിയാനയിലെ മഹേന്ദ്രഗഡ് ജില്ലയിൽ ഹസാരിബാഗ് അലി സയ്ദ്‌പൂർ എന്ന ഗ്രാമത്തിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ പിറന്ന രാം കൃഷ്ണ യാദവ് ആണ് യോഗാചര്യൻ ബാബാ രാദേവ് ആയിത്തീർന്നത്.

എന്താണ് ചാരിറ്റി?

ഒരു വ്യവസ്ഥിതിയുടെ പരാജയത്തിൽ നിന്ന് ഉടലെടുക്കുന്നതും ഫലത്തിൽ അതേ പരാജയത്തിന് ഉത്തരവാദികളായവരെ ശക്തിപ്പെടുത്തുന്നതുമാണ് ചാരിറ്റി അഥവാ ജീവകാരുണ്യ പ്രവർത്തനങ്ങൾ.

എന്താണ് നികുതി?

പൊതു ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സർക്കാർ, പൗരന്മാരിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പിരിച്ചെടുക്കുന്നതാണ് നികുതി. നികുതി നിയമംമൂലം ചുമത്തപ്പെടുന്നതാണ്. നികുതി കൊടുക്കാത്തവരുടെമേൽ പിഴ ചുമത്താനും അവരെ തടവിലിടാനും വരെ നികുതി നിയമങ്ങളിൽ വ്യവസ്ഥയുണ്ട്.

Quotes

“വർത്തമാനകാലത്ത് ചെയ്യുന്നതിനെ ആശ്രയിച്ചിരിക്കും നമ്മുടെ ഭാവി- മഹാത്മാഗാന്ധി.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.