തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് വളയല്‍ സമരം ഒത്തുതീർപ്പാക്കാൻ ഇടപെടലുകൾ നടത്തിയെന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ ആരോപണം തള്ളി രാജ്യസഭാ എം പി ജോണ്‍ ബ്രിട്ടാസ്.
ജോൺ മുണ്ടക്കയവുമായി ചർച്ച നടത്തിയില്ലെന്നും സമരം നിർത്താനായി തന്നെ ബന്ധപ്പെട്ടത് തിരുവഞ്ചൂർ രാധാകൃഷ്ണനാണെന്നും ജോണ്‍ ബ്രിട്ടാസ് വെളിപ്പെടുത്തി. കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പിന്റെ ഫോണിൽ നിന്നാണ് തിരുവഞ്ചൂർ വിളിച്ചതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
സർക്കാർ ഏത് വിധത്തിലുള്ള ഒത്തുതീർപ്പിനും തയ്യാറാണെന്നും പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കാമെന്നും ദയവ് ചെയ്ത് നിർദേശങ്ങൾ ഉണ്ടെങ്കിൽ അത് അറിയിക്കണമെന്നും തിരുവഞ്ചൂർ അറിയിച്ചു എന്ന് ജോൺ ബ്രിട്ടാസ് വെളിപ്പെടുത്തി.
ഇക്കാര്യം സിപിഎം നേതൃത്വത്തെ അറിയിക്കാൻ തന്നോട് പറഞ്ഞെന്നും ചെറിയാൻ ഫിലിപ്പിന് എല്ലാം അറിയാമെന്നും പാർട്ടിയുടെ അറിവോടെ അന്ന് മുഖ്യമന്ത്രിയെയും കണ്ടുവെന്നും ബ്രിട്ടാസ് പറഞ്ഞു. തിരുവഞ്ചൂരിന്റെ സ്ക്രിപ്റ്റാണ് ജോൺ ഇപ്പോൾ പറയുന്നതെന്നും താൻ മാധ്യമ പ്രവർത്തകനായല്ല പങ്കാളിയായതെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
അതേസമയം, ജോൺ ബ്രിട്ടാസിനെതിരെ ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലാണ് പുതിയ വിവാദങ്ങൾക്ക് കാരണമായത്.