Sat. Jul 27th, 2024

ബാഴ്‌സലോണ: ഇസ്രായേലിലേക്ക് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളുമായി വന്ന കപ്പലിന് തുറമുഖത്തേക്ക് പ്രവേശനാനുമതി നിഷേധിച്ച് സ്‌പെയിന്‍. വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ അല്‍ബാരെസാണ് ഇക്കാര്യം അറിയിച്ചത്. കപ്പലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഇസ്രായേലിലേക്ക് ഇനിയും ആയുധങ്ങളുമായി കപ്പൽ വന്നാലും സ്പെയിനി​ലെ തുറമുഖങ്ങളിലേക്ക് അവ​യെ പ്രവേശിപ്പിക്കില്ലെന്നും മിഡിൽ ഈസ്റ്റിന് ഇപ്പോൾ ആയുധങ്ങളല്ല ആവശ്യം, സമാധാനമാണ് വേണ്ടതെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ആദ്യമായാണ് ഇത്തരത്തിൽ ഒരു കപ്പലിനെ തടയുന്നതെന്നും അദ്ദേഹം പറഞ്ഞു.

മെയ് 21ന് തുറമുഖത്തിൽ പ്രവേശിക്കാനാണ് ഇസ്രായേലിലേക്ക് ആയുധങ്ങളുമായി പോകുന്ന ഡാനിഷ് കപ്പല്‍ കമ്പനി അനുമതി തേടിയത്. ഇസ്രായേലിലെ ഹൈഫ തുറമുഖത്തേക്ക് 27 ടണ്‍ സ്‌ഫോടക വസ്തുക്കളുമായി പുറപ്പെട്ട കപ്പലാണിതെന്നാണ് റിപ്പോർട്ട്.

അതേസമയം, ഗാസയിലെ ഇസ്രായേല്‍ വംശഹത്യയെ രൂക്ഷമായി വിമര്‍ശിക്കുന്ന യൂറോപ്യന്‍ രാജ്യമാണ് സ്‌പെയിൻ. ഇസ്രായേല്‍ ഗാസയിൽ ആക്രമണം ആരംഭിച്ചതിന് ശേഷം ഇസ്രായേലിനുള്ള ആയുധ വില്‍പന സ്‌പെയിന്‍ അവസാനിപ്പിച്ചിരുന്നു.