Tue. Sep 10th, 2024

ബെലഗാവി: കർണാടകയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിന് റെയിൽവെ കോച്ച് അറ്റൻഡറെ കുത്തിക്കൊന്നു. സംഭവത്തിൽ ടിടിഇ ഉൾപ്പെടെ മൂന്ന് പേർക്കും പരിക്കേറ്റു. വ്യാഴാഴ്ച കർണാടകയിലെ ബെലഗാവി ജില്ലയിലെ ലോണ്ട റെയിൽവേ സ്റ്റേഷന് സമീപം ചാലൂക്യ എക്സ്പ്രസിലാണ് സംഭവം.

റെയിൽവെ ജീവനക്കാരനെ കൊലപ്പെടുത്തിയ ശേഷം അക്രമി ഖാനാപൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ച് ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു.

ടിക്കറ്റ് ചോദിച്ച ടിടിഇയെ യാത്രക്കാരൻ പെട്ടന്ന് കത്തിയെടുത്ത് കുത്താൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് കോച്ച് അറ്റൻഡർക്ക് കുത്തേറ്റത്. തുടർന്ന് പ്രതി ടിടിഇയെയും മറ്റ് രണ്ട് പേരെയും ആക്രമിക്കുകയും ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടുകയുമായിരുന്നു.

കുത്തേറ്റ റെയിൽവെ ജീവനക്കാരൻ ട്രെയിനിൽ വെച്ച് മരിച്ചതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പരിക്കേറ്റ ടിടിഇയെയും മറ്റ് രണ്ട് പേരെയും ബെലഗാവിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.