Wed. Jan 22nd, 2025

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ട് മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പോലീസ്. മേയറുടെ രഹസ്യമൊഴിയെടുക്കാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയില്‍ പോലീസ് അപേക്ഷ നല്‍കി.

ഡ്രൈവര്‍ യദു അശ്ലീല ആംഗ്യം കാണിച്ചെന്ന മേയറുടെ പരാതിയിലാണ് നടപടി. ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്നത്തിന് കാരണമെന്ന് മേയർ വ്യക്തമാക്കിയിരുന്നു. പരാതിയിൽ ഉറച്ചുനിൽക്കുമെന്നും മേയർ പറഞ്ഞിരുന്നു.

അതേസമയം, ബസിലെ മെമ്മറി കാര്‍ഡ് കാണാതായ കേസിൽ അന്വേഷണം നടക്കുകയാണ്. കേസില്‍ ഡ്രൈവര്‍ യദു, കണ്ടക്ടര്‍ സുബിന്‍ , സ്റ്റേഷന്‍ മാസ്റ്റര്‍ ലാല്‍ സജീവ് എന്നിവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ഡ്രൈവര്‍ യദു കോടതിയില്‍ സമീപിച്ചതിനെ തുടർന്ന് കെഎസ്ആർടിസി ബസ് തടഞ്ഞതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം മേയറും എംഎല്‍എയും ഉള്‍പ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. എഫ്‌ഐആറിൽ മേയര്‍ ആര്യ രാജേന്ദ്രന്‍, സച്ചിന്‍ ദേവ് എംഎല്‍എ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്.