Sat. Jan 18th, 2025

കോഴിക്കോട്: നവവധു ഭർത്താവിന്റെ വീട്ടിൽ ക്രൂരമായ ഗാർഹികപീഡനത്തിന് ഇരയായെന്ന് പരാതി ലഭിച്ചിട്ടും കേസെടുക്കാതിരുന്ന പോലീസിനെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ.

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ വിശദ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് ആവശ്യപ്പെട്ടു. കേസ് ജൂണിൽ കോഴിക്കോട് നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും.

നവവധു മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര കൃത്യവിലോപം ഉണ്ടായതായി പറയുന്നു. തുടർന്നാണ് കമ്മീഷൻ ഇടപെട്ടത്.

അതേഅസമയം, ഭർത്താവിനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ വീട്ടുകാർ മുഖ്യമന്ത്രിക്കും വനിത കമ്മീഷനും എറണാകുളം റൂറൽ ജില്ല പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു.

ഈ മാസം അഞ്ചിനായിരുന്നു പറവൂർ സ്വദേശിയായ യുവതിയുടെയും പന്തീരാങ്കാവ് പന്നിയൂർകുളം സ്വദേശി രാഹുലിന്റെയും വിവാഹം.​ 12 ന്
രാഹുലിന്‍റെ വീട്ടിലെത്തിയപ്പോഴാണ് യുവതി ക്രൂര മർദനത്തിന് ഇരയായത് ബന്ധുക്കൾ അറിയുന്നത്.

സ്ത്രീധനം കുറഞ്ഞ് പോയി എന്ന രീതിയിൽ രാഹുലിന്‍റെ അമ്മയും സഹോദരിയും പലതവണ മകളോട് സംസാരിച്ചെന്ന് പിതാവ് ആരോപിച്ചു. നെറ്റിയിലും തലയിലും മുഷ്‌ടി ചുരുട്ടി ഇടിച്ചെന്നും മൊബൈൽ ചാർജറിന്‍റെ വയർ കഴുത്തിൽ ചുറ്റി വലിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്.

മൊഴി കൊടുക്കാൻ പന്തീരാങ്കാവ് സ്‌റ്റേഷനിലെത്തിയ രാഹുലും പോലീസുകാരനും സുഹൃത്തുക്കളെപ്പോലെയാണ് സംസാരിച്ചതെന്നും കേബിൾ കഴുത്തിൽ കുരുക്കി കൊല്ലാൻ ശ്രമിച്ചെന്ന മൊഴി പോലീസ് രേഖപ്പെടുത്തിയില്ലെന്നും പറയുന്നു.